എംഎന്‍എസ് ത്രയത്തെ തളച്ച് ഇറ്റാലിയന്‍ പ്രതിരോധം; ബാഴ്സയെ പിന്തള്ളി യുവന്റസ് ചാമ്പ്യന്‍സ് ലീഗ് സെമിയില്‍

ആഹ്ലാദം പങ്കിടുന്ന യുവന്റസ് ടീമംഗങ്ങള്‍
ബാഴ്സലോണ: പാരീസല്ല ഇറ്റലിയെന്ന് ബാഴ്സലോണയ്ക്ക് മനസ്സിലായി. മുമ്പ് പാരീസ് സെന്റ് ജെര്മ്മനെതിരെ നടത്തിയ അത്ഭുത പ്രകടനത്തിന്റെ ആവര്‍ത്തനം, ഇറ്റാലിയന്‍ ചാമ്പ്യന്മാരായ യുവന്റസിനെതിരെ പ്രതീക്ഷിച്ച ബാഴ്സ ആരാധകര്‍ നിരാശരായി. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ആദ്യപാദത്തില്‍ നേടിയ മൂന്നുഗോള്‍ വിജയത്തിന്റെ കരുത്തില്‍ ബാഴ്സയെ പുറന്തള്ളി യുവന്റസ് സെമിയില്‍ കടന്നു.
നൌകാമ്പില്‍ പൊരുതി നോക്കിയെങ്കിലും ഗോളി ജിയാന്‍ ലൂഗി ബഫണ് കാക്കുന്ന യുവന്റസ് വല ചലിപ്പിക്കാന്‍ പേരുകേട്ട കറ്റാലന്‍ പടയ്ക്കായില്ല. കേളികേട്ട ലയണല്‍ മെസി – നെയ്മര്‍- ലൂയി സുവാരസ് ത്രയത്തെ യുവന്റസ് പ്രതിരോധക്കാരായ ലിയണാര്‍ഡോ ബൊനൂച്ചിയും ജോര്‍ജിയോ ചീയലീനിയും വരിഞ്ഞുമുറുക്കിയതോടെ കറ്റാലന്‍ പട ഗോള്‍ നേടാനാകാതെ പതറി.
മല്‍സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചതോടെ, ആദ്യപാദത്തില്‍ നേടിയ ഏകക്ഷീയമായ മൂന്നുഗോള്‍ വിജയത്തിന്റെ പിന്‍ബലത്തില്‍ ഇറ്റാലിയന്‍ ചാമ്പ്യന്മാര് സെമിയിലേയ്ക്ക് പ്രവേശിച്ചു. ആദ്യപാദത്തില്‍ പാബ്ളോ ഡിബാല രണ്ടു ഗോളുകള്‍ നേടിയപ്പോള്‍, മൂന്നാം ഗോള്‍ നേടി ജോര്‍ജിയോ ചീയെല്ലിനി യുവന്റസിന്റെ വിജയം ആധികാരികമാക്കിയിരുന്നു.
ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഒരു ഗോള്‍ പോലും നേടാന്‍ ആകാതെയാണ് ബാഴ്സലോണ മടങ്ങുന്നത്. മത്സരത്തിനിടെ മെസിയുടെ കണ്ണിന് താഴെ പരിക്കേറ്റതും ബാഴ്സയ്ക്ക് തിരിച്ചടിയായി. തുടര്‍ച്ചയായ രണ്ടാം തവണയാണ് കറ്റാലന്‍ പട ക്വാര്‍ട്ടറില്‍ പുറത്താകുന്നത്.
https://www.youtube.com/watch?v=EiE5X-Gn_Ps
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക