special page

ഭീമന്‍ കുരിശ് പൊളിക്കാന്‍ ആരംഭിച്ചു, പ്രദേശത്തേക്ക് വിശ്വാസികളുടെ ഒഴുക്ക്; പ്രതിഷേധത്തിന് മുമ്പിലും മുട്ടുമടക്കാതെ സംഘം മുന്നോട്ട്

കുരിശ് പൊളിച്ചുനീക്കുന്നത്, കുരിശിന്‍റെ യഥാര്‍ത്ഥ ചിത്രവും കാണാം

മൂന്നാര്‍: രണ്ടാം മൂന്നാര്‍ ദൗത്യത്തിന് തുടക്കമായി. മൂന്നാറിലെ സൂര്യനെല്ലിയിലെ പാപ്പാത്തിചോലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിനിര്‍മ്മിച്ച ഭീമന്‍ കുരിശാണ് പൊളിച്ചുമാറ്റാന്‍ ആരംഭിച്ചത്. സബ്കളക്ടര്‍ ശ്രീറാം വെങ്കിടരാമന്റെ നേതൃത്വത്തിലുള്ള വന്‍ ഉദ്യോഗസ്ഥ-പൊലീസ് സംഘം എത്തിയാണ് ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. വിശ്വാസികളുടെ കടുത്ത പ്രതിഷേധമുണ്ടാകുമെന്ന വിലയിരുത്തലില്‍, പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കുരിശടിയിലേക്ക് വിശ്വാസികള്‍ ഒഴുകിയെത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരോധനാജ്ഞയുള്ളതിനാല്‍ പൊലീസ് ഇവരെ തടയുന്നുണ്ട്. സ്ഥലത്ത് സംഘര്‍ഷസാധ്യതയുണ്ട്. പൊളിച്ചുമാറ്റാന്‍ മണിക്കൂറുകളെടുക്കുമെന്നാണ് നിലവിലെ വിലയിരുത്തല്‍.

ഇന്ന് പുലര്‍ച്ചെ 4.50 ഓടെയാണ് ഒഴിക്കല്‍ നടപടികള്‍ക്കായി ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തേക്ക് പുറപ്പെട്ടത്. അതേസമയം ഉദ്യോഗസ്ഥരെ നാട്ടുകാര്‍ വാഹനങ്ങള്‍ റോഡിലിട്ട് തടഞ്ഞിരുന്നു. ഇതേതുടര്‍ന്ന് ജെസിബി ഉപയോഗിച്ച് വാഹനങ്ങള്‍ നീക്കിയാണ് സംഘം ഇപ്പോള്‍ കയ്യേറ്റ സ്ഥലത്തെത്തിയത്. കനത്ത തണുപ്പിനെ വകവെക്കാതെയാണ് സംഘം മല കയറിയത്. ഒഴിപ്പിക്കല്‍ നടക്കുന്നുവെങ്കിലും ഇതുവരെ വിശ്വാസികള്‍ ഇതിനെതിരെ പരസ്യമായി സംഘടിച്ച് എത്തിയിട്ടില്ല. അതേസമയം മൂന്നാറിലുള്ളവരല്ല കുരിശടി സ്ഥാപിച്ചതെന്നാണ് റവന്യൂ അധികൃതര്‍ പറയുന്നത്. അതിനാല്‍ തന്നെ ഇത്തരത്തില്‍ വലിയ പ്രതിഷേധം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മുന്നൂറ് വണ്ടിയോളം പൊലീസാണ് ഒഴിപ്പിക്കല്‍ നടപടികള്‍ക്കായി മൂന്നാറിലെത്തിയിരിക്കുന്നത്.

വളരെ ദൂരെനിന്നും കാണാവുന്ന സ്ഥിതിയിലായിരുന്നു കുരിശ് സ്ഥാപിച്ചത്. ഭൂമി കയ്യേറിയാണ് കുരിശടി നിര്‍മ്മിച്ചതെന്ന് മുന്‍പ് തന്നെ കണ്ടെത്തിയിരുന്നു. ആദ്യം തന്നെ കുരിശടി നീക്കുന്നതിലൂടെ ശക്തമായ മുന്നറിയിപ്പ് നല്‍കാനാണ് റവന്യൂ വകുപ്പിന്റെയും സര്‍ക്കാരിന്റെയും നീക്കം. ആരാധാനലയങ്ങളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും കയ്യേറ്റം ഒഴിപ്പിക്കാന്‍ അറച്ചുനില്‍ക്കില്ലെന്ന സൂചന തന്നെയാകും ഇതിലൂടെ സര്‍ക്കാര്‍ കയ്യേറ്റക്കാര്‍ക്ക് നല്‍കുന്നത്. മന്ത്രി എംഎം മണിയും, സിപിഐഎമ്മും ഉള്‍പ്പെടെ ശക്തമായ പ്രതിരോധം സൃഷ്ടിക്കുമ്പോളാണ് ഈ കയ്യേറ്റമൊഴിപ്പിക്കല്‍ നീക്കമെന്നതും ശ്രദ്ധേയമാണ്. വിഎസ് ഭരണകാലത്ത് സമാനമായ രീതിയില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചിരുന്നെങ്കിലും, ശക്തമായ രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്ന് സംഘത്തിനും സര്‍ക്കാരിനും പിന്തിരിയേണ്ടിവന്നിരുന്നു, ഋഷിരാജ് സിംഗിനും സുരഷ്‌കുമാറിനും സാധിക്കാത്തത് ശ്രീറാം വെങ്കിടരാമന് കഴിയുമോ എന്നാണ് കാത്തിരുന്നുകാണേണ്ടത്.

സബ് കളക്ടര്‍ ശ്രീറാം വെങ്കട്ടരാമന്‍ റവന്യൂ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് അനധികൃത നിര്‍മ്മാണങ്ങളുടെ പട്ടിക ശേഖരിച്ചശേഷമാണ് കഴിഞ്ഞദിവസം ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങിയത്. മൂന്നാറിലെ ഭൂമി കയ്യേറ്റം ഒഴിപ്പിക്കുന്ന റവന്യൂ സംഘത്തെ സഹായിക്കാന്‍ ഏഴംഗ പൊലീസ് സേനയെ നിയോഗിച്ചിട്ടുണ്ട്. എറണാകുളം റേഞ്ച് ഐജി പി വിജയനാണ് പ്രത്യേക സംഘത്തെ കയ്യേറ്റമൊഴിപ്പിക്കലിനെ സഹായിക്കാന്‍ നിയോഗിച്ചിട്ടുള്ളത്. ഒരു സബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ രണ്ട് വനിതാ പൊലീസുകാര്‍ ഉള്‍പ്പെട്ട സംഘത്തെ ഉടന്‍ സബ് കളക്ടര്‍ക്ക് വിട്ടുകൊടുക്കുമെന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ ബി വേണുഗോപാല്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ച ദേവികുളത്ത് കയ്യേറ്റമൊഴിപ്പിക്കാനെത്തിയ റവന്യൂസംഘത്തെ സിപിഐഎമ്മിന്റെ പ്രാദേശിക നേതാക്കളടങ്ങിയ സംഘം മര്‍ദ്ദിച്ചതായി ആക്ഷേപമുയര്‍ന്ന സംഘത്തിലാണ് പൊലീസ് സേനയെ വിട്ടുനല്‍കിയിട്ടുള്ളത്.

അതേസമയം, ദേവികുളത്തു കയ്യേറ്റമൊഴിപ്പിക്കല്‍ നടപടികളില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നുള്ള ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കട്ടരാമന്റെ റിപ്പോര്‍ട്ട്, ഇടുക്കി ജില്ലാ കലക്ടര്‍ ജി.ആര്‍.ഗോകുല്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന് കൈമാറി.

വ്യക്തികളുടെ പേര് പറഞ്ഞ് കൈയ്യേറ്റത്തിന് എതിരായുളള നീക്കങ്ങളെ വഴിതിരിക്കരുതെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ ഇന്നലെ പറഞ്ഞിരുന്നു. മൂന്നാറിലെ കൈയ്യേറ്റം ഒഴിപ്പിക്കലിന് വ്യക്തികള്‍ പ്രശ്‌നമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കിയില്‍ ഭൂരഹിതരുടെ കണക്കെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. എ വി ടി യ്ക്ക് അനുകുലമായ കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടിരുന്നു. ഈ സര്‍ക്കാരിന്റെ നയം കൈയ്യേറ്റഭൂമികള്‍ തിരിച്ചെടുക്കുക എന്നതാണെന്ന് മന്ത്രി പറഞ്ഞു. വന്‍കിട കൈയ്യേറ്റങ്ങള്‍ ആദ്യം തന്നെ പിടിച്ചെടുക്കും. കൈയ്യേറ്റ ഭൂമി പിടിച്ചെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പരിപൂര്‍ണ പിന്തുണ നല്‍കും. റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരുടെ അലംഭാവം വെച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

മൂന്നാറില്‍ പിടിച്ചെടുക്കുന്ന ഭൂമി തദ്ദേശവാസികളായ ഭൂരഹിതര്‍ക്ക് നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി. കൈയ്യേറ്റക്കാരായ ലോബികള്‍ നാടിനെ മുടിക്കുകയാണ്. ഡോക്യൂമെന്റേഷന്‍ നല്‍കിയാണ്ഇടുക്കി, മൂന്നാര്‍ കൈയ്യേറ്റങ്ങള്‍. മുന്‍ സര്‍ക്കാരിന്റെ കാലത്താണ് ഏറ്റവും കൂടുതല്‍ കൈയ്യേറ്റങ്ങള്‍ നടത്തിയത്. അന്ന് കൈയ്യേറ്റക്കാര്‍ക്കെതിരെ നടപടി എടുക്കാന്‍ പോലും ഭയമായിരുന്നു. ചന്ദ്രശേഖരന്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ശക്തമായി വീണ്ടും ഒഴിപ്പിക്കല്‍ നടപടികള്‍ പുനരാരംഭിച്ചിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top