ചൈനീസ് ഫോണ്‍ നിര്‍മാതാക്കളായ ടെക്‌നോ ഇന്ത്യയിലെത്തുന്നു; കിടിലന്‍ ഫീച്ചേഴ്‌സ് കുറഞ്ഞ വിലയില്‍

ടെക്‌നോ ഐ5

ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സുപരിചിതമാണ് ടെക്‌നോ എന്ന ഫോണ്‍ കമ്പനി. ചൈനീസ് മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ ഇവര്‍ ഇന്ത്യയില്‍ വിപണിപിടിക്കാനൊരുങ്ങുകയാണ്. അഞ്ചു മോഡലുകളുമായാണ് കമ്പനി എത്തുന്നത്. ഐ സീരിസ് എന്നാണ് ഈ മോഡലുകള്‍ക്ക് കമ്പനി നല്‍കിയ പേര്. ഓണ്‍ലൈന്‍ വില്‍പ്പനയ്ക്കുപുറമെ ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ നേരിട്ടുള്ള ഔട്ട്‌ലെറ്റുകളും കമ്പനി തുടങ്ങും. മെയ് ആദ്യവാരം ഫോണുകള്‍ വിപണിയിലെത്തും.

ഐ3, ഐ3 പ്രോ, ഐ5, ഐ5 പ്രോ, ഐ7 എന്നീ ഫോണുകളാണ് ഇന്ത്യയിലെത്തുക. 4ജി സൗകര്യം എല്ലാ ഫോണുകളിലുമുണ്ടാകും. കറുപ്പ്, സ്വര്‍ണനിറം, ചാരനിറം തുടങ്ങിയ നിറഭേദങ്ങള്‍ ലഭ്യമാണ്. തുടക്ക മോഡലായ ഐ3 യ്ക്ക് 7,990 രൂപയാണ് വില. ഐ3ന് 2ജിബി റാമുണ്ടെങ്കില്‍ ഐ3 പ്രോയ്ക്ക് 3 ജിബി റാമാണുള്ളത്. മാത്രമല്ല ഐ3 പ്രോയ്ക്ക് ആന്റി-ഓയില്‍ ഫിംഗര്‍ പ്രിന്റ് സെന്‍സറും ഉണ്ടാകും. ഫീച്ചറുകളുടേയും വിലയുടേയും കാര്യത്തില്‍ ഐ3 പ്രോയ്ക്കും ഐ7നും ഇടയിലാണ് ഐ5നും ഐ5 പ്രോയ്ക്കും സ്ഥാനം.

ഉയര്‍ന്ന വകഭേദമായ ഐ7ന് 14,990 രൂപയാണ് വില. 1.5GHz ഒക്ടാക്കോര്‍ പ്രൊസസ്സറിനൊപ്പം 4 ജിബി റാമും ചേരുമ്പോള്‍ ഐ7 ഒരു കരുത്തനായിമാറുന്നു. മാത്രമല്ല, പിന്നില്‍ 13 മെഗാ പിക്‌സല്‍ ക്യാമറ ഉള്ളപ്പോള്‍ മുന്നില്‍ 16 മെഗാ പിക്‌സല്‍ ക്യാമറയാണുള്ളത്. മുന്‍വശത്ത് ഫ്‌ളാഷും ഫോണിലുണ്ട്. പിന്നില്‍ നാല് എല്‍ഇഡി ബള്‍ബുകള്‍ അടങ്ങിയ ഫ്‌ളാഷും വലിയ വെളിച്ചം നല്‍കും. സെല്‍ഫി പ്രേമികള്‍ക്ക് ഐ7 ഇഷ്ടപ്പെടുമെന്നുറപ്പ്. ആന്‍ഡ്രോയ്ഡ് നൂഗട്ട് വെര്‍ഷനുമായി വരുന്ന ഫോണുകള്‍ മാത്രമേ ടെക്‌നോ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാന്‍ തങ്ങളുടെ ഫോണുകള്‍ക്കുസാധിക്കും എന്നാണ് കമ്പനിയുടെ അവകാശവാദം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top