വാളയാറിലെ പെണ്‍കുട്ടികളുടെ മരണം: 17 കാരനായ അയല്‍വാസി അറസ്റ്റില്‍

പാലക്കാട്: വാളയാര്‍ അട്ടപ്പള്ളത്ത് സഹോദരിമാര്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട ശേഷം ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. അയല്‍വാസിയായ പതിനേഴുകാരനായ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് അറസ്റ്റിലായത്. സംഭവത്തില്‍ നാലുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ഡിവൈഎസ്പി എം ജെ സോജന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ രണ്ട് പെണ്‍കുട്ടികളെയും നിരന്തരം ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി പിടിയിലായ 17 കാരന്‍ പറഞ്ഞു. പെണ്‍കുട്ടികളുടെ ബന്ധുക്കളായ എം മധു, വി മധു അയല്‍വാസി പ്രദീപ്കുമാര്‍, പെണ്‍കുട്ടികളുടെ അച്ഛന്റെ സുഹൃത്ത് ഷിബു എന്നിവരെയാണ് അന്വേഷണ സംഘം നേരത്തെ അറസ്റ്റ് ചെയ്തത്.

സഹോദരിമാരായ പിഞ്ചുകുട്ടികള്‍ ക്രൂരമായ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ലൈംഗികമായി പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടകളെ മാസങ്ങളുടെ വ്യത്യാസത്തിലാണ് ഒറ്റമുറി വീട്ടിലെ ഉത്തരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൂത്തകുട്ടി ഹൃതികയെ ജനുവരി 13 നും ഇളയകുട്ടി ശരണ്യയെ മാര്‍ച്ച് നാലിനുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

രണ്ട് സംഭവങ്ങളിലും തുടക്കത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായ വീഴ്ച പ്രതികളെ പിടിക്കുന്നതിന് തടസ്സമായിരുന്നു. രണ്ടാമത്തെ പെണ്‍കുട്ടിയുടെ മരണത്തോടെ സംഭവം വിവാദമാവുകയും തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പ്രതികള്‍ പിടിയിലാവുകയുമായിരുന്നു. പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ മൊഴിയുടെ അടസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top