ഇന്ന് ഹീമോഫീലിയ ദിനം; രക്തം കട്ടപിടിക്കാതെ ഒഴുകുന്നത് തടയാന്‍ ഏവരും പഠിച്ചിരിക്കേണ്ട കാര്യങ്ങള്‍

ചുവന്ന രക്താണുക്കളുടെ പ്രതീകാത്മക ചിത്രം

ഏപ്രില്‍ 17 അന്താരാഷ്ട്ര ഹീമോഫീലിയ ദിനമായാണ് ലോകമെങ്ങും കണക്കാക്കപ്പെടുന്നത്. 5000 പേരില്‍ ഒരാള്‍ക്ക് എന്ന രീതിയില്‍ ലോകത്തിന്റെ എല്ലാ ഭാഗത്തും കാണപ്പെടുന്ന രോഗാവസ്ഥയാണിത്. സ്വാഭാവികമായ രക്തം കട്ടപിടിക്കല്‍ സമയത്തിനുശേഷവും മുറിവില്‍ രക്തം കട്ട പിടിക്കാതിരിക്കുക എന്നതാണ് ഹീമോഫീലിയ ശരീരത്തില്‍ ഉണ്ടാക്കുന്ന പ്രശ്‌നം.

ഒരു ചെറിയ മുറിവുപറ്റിയാല്‍ പോലും അതിലൂടെ രക്തം അനിയന്ത്രിതമായി ഒഴുകും. ഹീമോഫീലിയയുടെ പ്രശ്‌നം അഭിമുഖീകരിക്കുന്ന ഒരാള്‍ക്ക് ചെറിയ അപകടങ്ങളെ പോലും തരണം ചെയ്യാന്‍ വളരെ പ്രയാസപ്പെടേണ്ടിവരും. ഇത് സംഭവിക്കുന്നത് ശരിക്കും ആശുപത്രികളില്‍ സംവിധാനങ്ങള്‍ ഇല്ലാഞ്ഞിട്ടല്ല, മറിച്ച് ആശുപത്രിയിലെത്താനുണ്ടാകുന്ന കാലതാമസം കൂടുതല്‍ പ്രശ്‌നമാകുന്നു എന്നതിനാലാണത്. താമസിക്കുന്ന ഓരോ നിമിഷവും രക്തം പൊയ്‌ക്കൊണ്ടേയിരിക്കും.

എന്നാല്‍ എല്ലാവരും ഹീമോഫീലിയ എന്ന അവസ്ഥയേപ്പറ്റി മനസിലാക്കുകയും രക്തമൊഴുക്ക് തടയാനായി കൂടുതല്‍ കാര്യക്ഷമമായ രീതികള്‍ അനുവര്‍ത്തിക്കുകയും ചെയ്താല്‍ തീര്‍ച്ചയായും അത് മുറിവേറ്റവര്‍ക്ക് ആശ്വാസമായിരിക്കും. തീര്‍ച്ചയായും വലിയ മുന്നൊരുക്കങ്ങളൊന്നുമില്ലാതെതന്നെ രക്തം ഒഴുകുന്നത് നിര്‍ത്താനും ഇതിലൂടെ ഏറ്റവും പ്രാഥമിക ശുശ്രൂഷ ചെയ്യാനും സാധിക്കും. ഒരു പക്ഷേ താഴെപ്പറയുന്ന കാര്യങ്ങള്‍ പലപ്പോഴായി നാം മനസിലാക്കിയിട്ടുണ്ടെങ്കില്‍ ക്രമമായി ഓര്‍ത്തുവയ്ക്കുകയുമാവാം

ഐസ് ഒരു മാന്ത്രികന്‍
ഐസ് ഏറ്റവുമധികം ലഭ്യമായ വസ്തുക്കളിലൊന്നാണ്. മുറിവേറ്റഭാഗത്ത് ഐസ് വച്ചുകൊടുത്താല്‍ രക്തമൊഴുക്ക് പൊടുന്നനെ കുറയും. രക്തക്കുഴലുകള്‍ ചുരുങ്ങുന്നതിനാലാണത്. മാത്രമല്ല വേദനയ്ക്ക് ശമനമുണ്ടാവുകയും ചെയ്യും.

മര്‍ദ്ദം പ്രയോഗിക്കുക
ചെറിയ മുറിവുകളാണെങ്കില്‍ അവിടെ അമര്‍ത്തുന്നത് രക്തമൊഴുക്കിനെ തടയും. പ്രത്യേകിച്ചും മുറിവിന്റെ ഭാഗത്ത് രക്തം ഒഴുകാതിരുന്നാല്‍ അവിടെ രക്തം കട്ടപിടിക്കാനുള്ള പ്രേരണയുണ്ടാവുകയും പതിയെ അവിടത്തെ മുറവിലെ രക്തം ഉറയ്ക്കുകയും ചെയ്യും.

മുറിഞ്ഞ ഭാഗം ഉയര്‍ത്തി വയ്ക്കുക
കാലോ കയ്യോ മുറിഞ്ഞാല്‍ അവിടം ഉയര്‍ത്താന്‍ പറ്റുമെങ്കില്‍ ഉയര്‍ത്തിവയ്ക്കുക. കാലാണ് മുറിഞ്ഞതെങ്കില്‍ കിടന്നുകൊണ്ട്, കാല്‍ ഉയര്‍ത്തി ഭിത്തിയിലോ ചാരിവയ്ക്കാന്‍ പറ്റുന്ന ഭാഗത്തോ വയ്ക്കുക. കയ്യിലാണെങ്കിലും ഇതേ രീതി അനുവര്‍ത്തിക്കുക.

ഒരല്‍പം ആയുര്‍വേദം
ആയുര്‍വേദത്തില്‍ രക്തമൊഴുക്ക് തടയാന്‍ പല വഴികളും പരാമര്‍ശിക്കുന്നുണ്ട്. അതില്‍ ഏറ്റവും എളുപ്പമുള്ള വഴിയാണ് കറ്റാര്‍ വാഴയും മഞ്ഞള്‍ പൊടിയും ചേര്‍ത്തുള്ള പ്രയോഗം. രണ്ടുനുള്ള് കറ്റാര്‍വാഴയുടെ പൊടിയും ഒരുനുള്ള് മഞ്ഞള്‍ പൊടിയും ചേര്‍ത്ത് മുറിവില്‍ പുരട്ടിയാല്‍ രക്തമൊഴുക്ക് പെട്ടന്ന് തടയാനാകുമെന്ന് ആയുര്‍വേദം പറയുന്നു.

കറ്റാര്‍വാഴ അതിന്റെ എണ്ണിയാലൊടുങ്ങാത്ത ഗുണങ്ങള്‍ കൊണ്ട് ഓരോ വീടുകളിലും അത്യാവശ്യം വച്ചുപിടിപ്പിക്കേണ്ട ചെടികളിലൊന്നാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top