“കടല്‍ താണ്ടി വാടീ…ഉടല്‍ തീണ്ടി പോടീ…”തമിഴില്‍ ഒരു ലെസ്ബിയന്‍ ആന്തം

ലെസ്ബിയന്‍ ആന്തത്തില്‍ നിന്ന്‌

ഇന്ത്യയില്‍ ലൈംഗിക ന്യൂനപക്ഷങ്ങളുടെ ജീവിതം ഏതുനേരവും മുള്‍മുനയില്‍ നില്‍ക്കുന്ന മട്ടിലാണ്. എപ്പോള്‍ വേണമെങ്കിലും ആക്രമിക്കപ്പെടാവുന്ന അവസ്ഥ. അവര്‍ സന്തോഷവും സമാധാനവും അനുഭവിക്കുന്നത് കലയില്‍ പോലും കാണാവുന്ന കാര്യങ്ങളല്ല. എന്നാല്‍ ഇവിടെ അല്‍പം സന്തോഷം കാണാം, ലെസ്ബിയന്‍ സ്ത്രീകളുടെ ജീവിതത്തെ കുറിച്ച് തമിഴില്‍ നിര്‍മിച്ച ലേഡീസ് ആന്‍ഡ് ജെന്റില്‍വിമെന്‍ എന്ന ഡോക്യുമെന്ററിയുടെ ഭാഗമാണ് ലെസ്ബിയന്‍ ആന്തം.

ലെസ്ബിയന്‍ സ്ത്രീകളുടെ പ്രണയം, ജീവിതം, ആത്മഹത്യ എന്നിവും ഡോക്യുമെന്ററിയുടെ ഭാഗമാകുന്നുണ്ട്. മാലിനി ജീവരത്‌നം ആണ് ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്. ഡോക്യുമെന്ററിക്കായി ലെസ്ബിയന്‍ സ്ത്രീകളുമായി അഭിമുഖം നടത്തിയപ്പോള്‍ ഇപ്പോഴത്തെ സിനിമകളിലെ പ്രണയഗാനങ്ങളൊന്നും അവരെ ഉള്‍ക്കൊള്ളാത്തവയാണെന്ന് പറയുകയുണ്ടായി. ഈ മ്യൂസിക് വീഡിയോ പുറത്തിറക്കാന്‍ ഒരു കാരണം അതാണെന്ന് മാലിനി ജീവരത്‌നം പറയുന്നു.

“സന്തോഷമുള്ള അവസ്ഥയില്‍ സ്വവര്‍ഗാനുരാഗികളായ സ്ത്രീകളെ ചിത്രീകരിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. പാട്ടെഴുതാന്‍ കുട്ടി രേവതിയെ കണ്ടു. കുട്ടി രേവതി ഒരുപാട് ലെസ്ബിയന്‍ കവിതകള്‍ എഴുതിയിട്ടുണ്ട്.” മാലിനി പറയുന്നു. വരികള്‍ ലളിതവും സങ്കീര്‍ണമല്ലാത്തതും സന്തോഷമുള്ളതും ആയിരിക്കണമെന്നും മാലിനി രേവതിയോട് ആവശ്യപ്പെട്ടിരുന്നു. സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകരന്‍ ആണ് വീഡിയോ പ്രൊഡ്യൂസര്‍.

ചെന്നൈ റെയിന്‍ബോ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഡോക്യുമെന്ററിക്കുള്ള അവാര്‍ഡ് നേടിയിട്ടുണ്ട് ലേഡീസ് ആന്‍ഡ് ജെന്റില്‍വിമെന്‍. നോര്‍വേ തമിള്‍ ഫിലിം ഫെസ്റ്റിവലിലും ഈ ഡോക്യുമെന്ററി ഇടം നേടിയിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top