special page

ആരാണ് ഞാന്‍? എന്തായാലും നിങ്ങളുടെ രക്തസാക്ഷിയുടെ മകളല്ല: ഗുര്‍മെഹര്‍ കൗര്‍


ഗുര്‍മെഹര്‍ കൗര്‍

എബിവിപിയെ ഭയക്കുന്നില്ല എന്നു തുറന്നുപറഞ്ഞതിനാണ് കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികന്റെ മകള്‍ ഗുര്‍മെഹര്‍ കൗര്‍ ആക്രമിക്കപ്പെട്ടത്. ഓണ്‍ലൈന്‍ അധിക്ഷേപവും ഭീഷണികളും അധികമായപ്പോള്‍ ഗുര്‍മെഹര്‍ ഫെയ്‌സ്ബുക്കില്‍ നിന്നും പിന്മാറിയിരുന്നു. പിന്നീട്
ഏപ്രില്‍ ഒമ്പതിന് തന്റെ ബ്ലോഗില്‍ ഗുര്‍മെഹര്‍ ഇങ്ങനെ എഴുതി,
“എന്റെ അച്ഛന്‍ രക്തസാക്ഷിയാണ്. ഞാന്‍ അദ്ദേഹത്തിന്റെ മകളാണ്.
പക്ഷേ,
ഞാന്‍ നിങ്ങളുടെ രക്തസാക്ഷിയുടെ മകളല്ല.”

ഗുര്‍മെഹറിന്റെ ബ്ലോഗ് പോസ്റ്റ് പൂര്‍ണരൂപത്തില്‍

ഞാനാരാണ്?
മുമ്പ് യാതൊരു മടിയും കൂടാതെ എനിക്ക് ഉത്തരം പറയാന്‍ കഴിയുമായിരുന്ന ചോദ്യമാണ് അത്. എന്നാല്‍, ഇപ്പോളതിന് കഴിയുമോ എന്ന് ഉറപ്പില്ല.
ട്രോളുകള്‍ കരുതുന്ന ഞാനാണോ ഞാന്‍?
മാധ്യമങ്ങള്‍ വരച്ചുകാട്ടുന്ന ഞാനാണോ ഞാന്‍ ?
സെലിബ്രിറ്റികള്‍ കരുതുന്ന ഞാനാണോ ഞാന്‍?
ഇല്ല, അതൊന്നുമാകാന്‍ എനിക്ക് കഴിയില്ല. നിങ്ങളുടെ ടിവി സ്‌ക്രീനില്‍ ഫ്ളാഷ് ചെയ്തുകണ്ട, പ്ലക്കാര്‍ഡ് ഉയര്‍ത്തിപ്പിടിച്ച്, സെല്‍ഫോണ്‍ ക്യാമറയുടെ ലെന്‍സിലേക്ക് കാഴ്ചയുറപ്പിച്ച ആ പെണ്‍കുട്ടിയെ കാണാന്‍ തീര്‍ച്ചയായും എന്നെപ്പോലെയുണ്ട്. ആ ചിത്രത്തില്‍ പ്രതിഫലിച്ച അവളുടെ ചിന്തകളുടെ തീവ്രത തീര്‍ച്ചയായും എന്നിലുണ്ട്. അവള്‍ തീപിടിച്ചതുപോലെയായിരുന്നു, അതും എനിക്കറിയാം എന്നാല്‍, ബ്രേക്കിങ് ന്യൂസ് ഹെഡ്‌ലൈനുകള്‍ പറഞ്ഞ കഥ വേറെയാണ്, ആ തലക്കെട്ടുകള്‍ ഒരിക്കലും ഞാനല്ല.

രക്തസാക്ഷിയുടെ മകള്‍
രക്തസാക്ഷിയുടെ മകള്‍
രക്തസാക്ഷിയുടെ മകള്‍

ഞാന്‍ എന്റെ അച്ഛന്റെ മകളാണ്. അദ്ദേഹത്തിന്റെ ഓമനയാണ്. അച്ഛന്‍ എനിക്കയച്ച കത്തുകളിലെ വാക്കുകള്‍ മനസ്സിലാകാത്ത, രൂപങ്ങള്‍ മാത്രം മനസിലാക്കിയ രണ്ടുവയസ്സുള്ള കലാകാരിയാണ് ഞാന്‍.
ഞാന്‍ എന്റെ അമ്മയുടെ തലവേദനയാണ്. അവളുടെ തന്നെ പ്രതിഫലനമാണ്. ഞാന്‍ എന്റെ സഹോദരിക്ക് പോപ് കള്‍ച്ചറിനെപ്പറ്റി പറഞ്ഞു കൊടുത്തവളാണ്. സാഹിത്യം ആസ്വദിക്കേണ്ടത് അങ്ങനെയൊക്കെയായതുകൊണ്ട് ലെക്ചറുകള്‍ കേള്‍ക്കാനും ടീച്ചറെ ചോദ്യങ്ങള്‍കൊണ്ട് തടസ്സപ്പെടുത്താനും വേണ്ടി ഒന്നാം ബെഞ്ചില്‍ തന്നെ ഇരിപ്പുറപ്പിക്കുന്നവളാണ്. എന്റെ സുഹൃത്തുക്കള്‍ എന്നെ ഏറെക്കുറെ ഇഷ്ടപ്പെടുന്നു എന്ന് കരുതുന്നു. എന്റെ ഹാസ്യം വരണ്ടതാണെങ്കിലും ചിലനേരത്ത് അതും ആസ്വദിക്കാറുണ്ട് എന്നാണ് അവര്‍ പറയാറുള്ളത്. എനിക്കത് ധാരാളമാണ്. പുസ്തകങ്ങളും കവിതയുമാണ് എന്റെ സമാധാനം.
ഒരു പുസ്തകപ്രേമി, എന്റെ മുറിയില്‍ പുസ്തകങ്ങള്‍ നിറഞ്ഞൊഴുകുകയാണ്. അമ്മയുടെ ഫോട്ടോഫ്രെയ്മുകളും വിളക്കുകളും കൊണ്ട് പുതിയൊരു മറ്റൊരു ബുക് ഷെല്‍ഫ് ഉണ്ടാക്കാന്‍ പദ്ധതിയുള്ള കാര്യം അമ്മയെ എങ്ങനെ അറിയിക്കണം എന്ന ആശങ്കയിലാണ് ഞാന്‍.
ഞാനൊരു ആദര്‍ശവാദിയാണ്. ഒരു അത്‌ലറ്റ്. ഒരു സമാധാനവാദി. ഞാന്‍ പ്രകോപിതയായ, പ്രതികാരദാഹമുള്ള, അന്യരാജ്യത്തോട് ശത്രുതയുള്ള ആളല്ല. എനിക്ക് യുദ്ധം വേണ്ട, കാരണം എനിക്കതിന്റെ വിലയറിയാം. അതിന് വലിയ വില കൊടുക്കേണ്ടിവരും. എനിക്കത് നന്നായറിയാം, ഞാന്‍ ഓരോ ദിവസവും അത് അനുഭവിക്കുന്നുണ്ട്. അതിനൊരു ബില്‍ ഉണ്ടെങ്കില്‍ പലരും എന്നെ വെറുക്കുമായിരുന്നില്ല. സംഖ്യകള്‍ കൂടുതല്‍ വിശ്വാസ്യമാണ്.
ഗുര്‍മോഹറിന്റെ വേദന ശരിയോ തെറ്റോ ശരിയോ എന്ന് വോട്ടെടുപ്പ് നടത്തുന്ന ടിവി ചാനലുകള്‍ കണക്കുകള്‍കൊണ്ട് തന്നെയാണ് കളിക്കുന്നത്.
ഹേയ്! അതിനുമുന്നില്‍ നമ്മുടെ സഹനത്തിന് എന്തുവിലയാണുള്ളത്? 51% പേര്‍ ഞാന്‍ തെറ്റുകാരിയാണെന്ന് പറയുമ്പോള്‍ ഞാന്‍ തെറ്റുകാരിയാണെന്നാണോ? അങ്ങനെയെങ്കില്‍ എന്റെ മനസ് മലിനമാക്കുന്നത് ആരാണെന്ന് ദൈവത്തിനേ അറിയൂ.
പപ്പാ ഇപ്പോള്‍ എന്റെ കൂടെയില്ല. 18 വര്‍ഷമായി ഉണ്ടായിരുന്നില്ല. 1999 ആഗസ്ത് 6 മുതല്‍ ഇരുനൂറു വാക്കുകളുടെ പരിമിതമായ എന്റെ പദസഞ്ചയം മരണം, യുദ്ധം, പാകിസ്താന്‍ തുടങ്ങിയ വാക്കുകള്‍ കൂടി പഠിക്കുന്നത് അങ്ങനെയാണ്. കൃത്യമായ കാരണങ്ങളാല്‍ അവയുടെ അന്തര്‍ലീനമായ അര്‍ത്ഥങ്ങള്‍ മനസ്സിലാക്കാന്‍ ഞാന്‍ കുറേ സമയമെടുത്തു. അന്തര്‍ലീനം ന്ന് പറയുന്നത് അതിന്റെയൊക്കെ ശരിയായ അര്‍ത്ഥം അറിയുന്നവര്‍ ഇല്ലാത്തതുകൊണ്ടാണ്. ഞാനതിലാണ് ജീവിക്കുന്നത്. ലോകത്തിന്റെ ശരിയായ അര്‍ത്ഥത്തില്‍ അത് കണ്ടുപിടിക്കാനാണ് നിലനില്‍ക്കുന്നത്.
എന്റെ അച്ഛന്‍ രക്തസാക്ഷിയാണ്, പക്ഷേ രക്തസാക്ഷിയായിട്ടല്ല അദ്ദേഹത്തെ ഞാനറിയുന്നത്. വലിയ കാര്‍ഗോ ജാക്കറ്റുകളുടെ പോക്കറ്റുനിറയെ മിഠായികള്‍ കൊണ്ടുനടക്കുന്നയാളാണ് അച്ഛന്‍. എന്റെ നെറ്റിയില്‍ ഉമ്മ തന്നപ്പോഴെല്ലാം അച്ഛന്റെ മീശ എന്റെ മൂക്കില്‍ തട്ടിയുരസിയിരുന്നു. സ്‌ട്രോ ഉപയോഗിക്കേണ്ടതെങ്ങനെയെന്നും ച്യൂയിങ് ഗം ചവക്കേണ്ടതെങ്ങനെയെന്നും പഠിപ്പിച്ചത് അച്ഛനാണ്. അമര്‍ത്തിച്ചേര്‍ത്തുപിടിച്ചാല്‍ മാത്രം കൂടെ നില്‍ക്കുന്നയാളാണ് എന്നു തോന്നിയതുകൊണ്ട് ഞാന്‍ ഒട്ടിനിന്ന ചുമല്‍ കൂടിയാണ് അച്ഛന്‍. അദ്ദേഹം പോയി. തിരിച്ചുവന്നില്ല.
എന്റെ അച്ഛന്‍ രക്തസാക്ഷിയാണ്. ഞാന്‍ അദ്ദേഹത്തിന്റെ മകളാണ്.
പക്ഷേ.
ഞാന്‍ നിങ്ങളുടെ ‘ രക്തസാക്ഷിയുടെ മകളല്ല’.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top