സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ഫൈനലില്‍ ഇന്ത്യന്‍ പോരാട്ടം; സായി പ്രണീത്, കെ ശ്രീകാന്തിനെ നേരിടും

കെ ശ്രീകാന്ത്, സായി പ്രണീത്

സിംഗപ്പൂര്‍ : സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ഫൈനലില്‍ ഇന്ത്യന്‍ പോരാട്ടം. പുരുഷവിഭാഗം കലാശപ്പോരാട്ടത്തിലാണ് ഇന്ത്യന്‍ താരങ്ങള്‍ കിരീടത്തിനായി ഏറ്റുമുട്ടുന്നത്. ബി സായി പ്രണീതും , കെ ശ്രീകാന്തുമാണ് കീരീടത്തിനായി പോരടിക്കുന്നത്.

ഇന്തോനേഷ്യയുടെ ആന്റണി സിനിസുക ഗിന്റിംഗിനെ പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് ഫൈനലില്‍ കടന്നത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ശ്രീകാന്തിന്റെ വിജയം. സ്‌കോര്‍ 21-13, 21-14

ദക്ഷിണകൊറിയയുടെ ലീ ഡോങിനെ പരാജയപ്പെടുത്തിയായിരുന്നു സായി പ്രണീതിന്റെ ഫൈനല്‍ പ്രവേശം. സ്‌കോര്‍ 21-6, 21-8.

ജനുവരിയില്‍ ലഖനൗവില്‍ നടന്ന സയ്യിദ് മോഡി ഗ്രാന്‍പ്രീ ഗോള്‍ഡ് ഇവന്റില്‍ ഫൈനലിസ്റ്റായിരുന്നു സായിപ്രണീത്. തോളിനേറ്റ പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന സായി പ്രണീത് കിരീടത്തോടെ ഈ സീസണിലെ മടങ്ങിവരവ് ഗംഭീരമാക്കാമെന്ന പ്രതീക്ഷയിലാണ്. കഴിഞ്ഞവര്‍ഷം കാനഡ ഓപ്പണ്‍ കിരീടം സായി പ്രണീത് നേടിയിരുന്നു.

അതേസമയം 2014 ലെ ചൈന ഓപ്പണ്‍ സൂപ്പര്‍സീരിസ് ചാമ്പ്യനാണ് കെ ശ്രീകാന്ത്. സൂപ്പര്‍ സീരീസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന ബഹുമതി നേടിയ 24 കാരനായ ശ്രീകാന്ത് കരിയറിലെ രണ്ടാം സൂപ്പര്‍ സീരീസ് കിരീടമാണ് ലക്ഷ്യമിടുന്നത്.

വനിതാ വിഭാഗം ഫൈനലില്‍ സ്പെയിനിന്റെ കരോലിന മാരിന്‍ ചൈനയുടെ ലോക ഒന്നാം നമ്പര്‍ താരം തായ് സു യിങിനെ നേരിടും. ഇന്ത്യയുടെ പി വി സിന്ധുവിനെ പരാജയപ്പെടുത്തിയാണ് മാരിന്‍ ഫൈനലില്‍ കടന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top