വേമ്പനാട് കായലില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങള്‍ ഒഴുക്കില്‍‌പ്പെട്ടു; ഒരാളുടെ മൃതദേഹം കണ്ടെത്തി

പ്രതീകാത്മക ചിത്രം

കോട്ടയം: വേമ്പനാട് കായലില്‍ കുളിക്കാനിറങ്ങിയതിനിടെ കാണാതായ രണ്ട് സഹോദരങ്ങളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. വൈക്കം ഉദയനാപുരം സദേശി മണിക്കുട്ടന്റെ മുത്തമകന്‍ ഉണ്ണികൃഷ്ണന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായ ഹരികൃഷ്ണനായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്.

വൈക്കം നേരെ കടവില്‍ കുളിക്കാനിറങ്ങിയ ഉദയനാപുരം തുരുത്ത് വീട്ടില്‍ ഉണ്ണികൃഷ്ണന്‍, സഹോദരന്‍ ഹരികൃഷ്ണന്‍ എന്നിവരെയാണ് കാണാതായത്. ഇവരില്‍ ഉണ്ണികൃഷ്ണന്റെ മൃതദേഹം അഗ്നിശമന സേനയാണ് കണ്ടെത്തിയത്. മൂവാറ്റുപുഴയാറ് വേമ്പനാട്ട് കായലില്‍ ചേരുന്ന ഭാഗത്ത് രാവിലെ പത്തോടെയായിരുന്നു അപകടം.

വിഷുവിന് വീട്ടിലെത്തിയ ബന്ധുവായ കുട്ടിയും ഹരികൃഷ്ണനും കടവില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇവരെ രക്ഷപെടുത്താനായാണ് മൂത്ത സഹോദരന്‍ ഉണ്ണികൃഷ്ണന്‍ കായലില്‍ ഇറങ്ങിയത്. കുട്ടിയെ രക്ഷപെടുത്തിയ ശേഷം ഹരികൃഷ്ണനെ തെരയുന്നതിനിടെ ഉണ്ണികൃഷ്ണനെയും ഒഴുക്കില്‍പ്പെട്ട് കാണാതായി. നാട്ടുകാരും പൊലീസും കായലില്‍ ദീര്‍ഘനേരം തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് കോട്ടയം, മൂവാറ്റുപുഴ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനയുടെ സ്‌കൂബാ ടീം നടത്തിയ പരിശോധ നയിലാണ് ഉണ്ണികൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്. ഹരികൃഷ്ണനായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്.
ശക്തമായ അടിയൊഴുക്ക് രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top