ചരക്ക് സേവന നികുതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കി; അംഗീകാരം പാര്‍ലമെന്റ് പാസാക്കിയ നാലു ബില്ലുകള്‍ക്ക്

ഫയല്‍ ചിത്രം

ദില്ലി : ചരക്ക് സേവന നികുതി സംബന്ധിച്ച ബില്ലിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകാരം നല്‍കി. പാര്‍ലമെന്റ് പാസാക്കിയ നാലു ബില്ലുകള്‍ക്കാണ് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി വ്യാഴാഴ്ച അംഗീകാരം നല്‍കിയത്.

കേന്ദ്ര ചരക്ക്‌സേവന നികുതി ബില്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കായുള്ള ജി.എസ്.ടി. ബില്‍, സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം ഉറപ്പുവരുത്തുന്നതിനുള്ള വ്യവസ്ഥകളടങ്ങിയ ബില്‍, സംയോജിത ജി.എസ്.ടി. ബില്‍ എന്നിവക്കാണ് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്. ജി.എസ്.ടി സംബന്ധിച്ച ബില്ലുകള്‍ നേരത്തെ ലോക്‌സഭയും രാജ്യസഭയും പാസ്സായിരുന്നു.

പണബില്ലായാണ് ലോക്‌സഭയില്‍ ചരക്കുസേവന നികുതി ബില്‍ അവതരിപ്പിച്ചത്. ഇതോടെ എന്‍ഡിഎയ്ക്ക് ഭൂരിപക്ഷമില്ലാത്ത രാജ്യഭയില്‍ ബില്‍ പാസ്സാകണമെന്ന പ്രതിസന്ധി സര്‍ക്കാര്‍ മറികടക്കുകയായിരുന്നു. ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ ഈ വര്‍ഷം ജൂലൈ ഒന്നിന് തന്നെ ജി.എസ്.ടി നടപ്പിലാവുമെന്നാണ് പ്രതീക്ഷ.

രാജ്യവും സംസ്ഥാനവും ചുമത്തുന്ന 14 ചരക്കുസേവന നികുതികള്‍ക്ക് പകരമായി ഇനി മുതല്‍ ഒരൊറ്റ ചരക്കുസേവന നികുതിയാവും ഈടാക്കുക.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top