തണുത്ത വെള്ളം കുടിക്കാനായ് ഫ്രിഡ്ജ് തുറന്നപ്പോള്‍ കണ്ടത് തണുപ്പ്പറ്റി കിടക്കുന്ന എട്ടടി മൂര്‍ഖനെ: വീഡിയോ കാണാം

ഫ്രിഡ്ജില്‍ അകപ്പെട്ട മൂര്‍ഖന്‍

ചൂട് അസഹ്യമായാല്‍ മനുഷ്യന്‍ ചിലപ്പോള്‍ രണ്ട് നേരം കുളിക്കും. ചിലര്‍ ഫാനോ, എസിയോ കൂട്ടിയിട്ട് ചൂട് അകറ്റും. എന്നിട്ടും രക്ഷയില്ലാത്ത ചില വിരുതര്‍ പുരപുറത്ത് വരെ പോയി കിടക്കും. മനുഷ്യനു ഇതെല്ലാം സാധ്യമാണ് എന്നാല്‍ ഒരല്‍പം ദാഹജലത്തിനായ് നട്ടംതിരിയുന്ന നാല്‍ക്കാലികളും ഇഴജന്തുക്കളും എന്ത് ചെയ്യുമെന്ന് ചിന്തിച്ചിട്ടുണ്ടോ??

ജോലി കഴിഞ്ഞ് ദാഹിച്ച് അവശയായി വന്ന യുവതി വെള്ളം എടുക്കാന്‍ ഫ്രിഡജ് തുറന്നപ്പോള്‍ കാണുന്നത് തണുപ്പ് പറ്റി ചുരുണ്ട് കൂടി ഉറങ്ങുന്ന എട്ടടി മൂര്‍ഖനെ. കര്‍ണാടകയിലെ സിര്‍ക്കിലയിലാണ് സംഭവം. വൈകിട്ട് വീട്ടിലെത്തിയ യുവതിയാണ് ദാഹിച്ചപ്പോള്‍ ഫ്രിഡ്ജ് തുറന്ന് വീട്ടിലെത്തിയ അതിഥിയെ കണ്ട് ഞെട്ടിവിറച്ചത്. യുവതിയുടെ നിലവിളി കേട്ട് ഓടികൂടിയ അയല്‍ക്കാര്‍ക്കും കാഴ്ച്ച കണ്ട് ഞെട്ടിയിരിക്കാന്‍ മാത്രമേ സാധിച്ചൊള്ളു.

മനുഷ്യന്റ സാന്നിധ്യം മനസിലാക്കിയ ശേഷവും ഫ്രിഡ്ജിന്റെ തണുപ്പ് വിട്ട് പുറത്ത് വരാന്‍ മൂര്‍ഖന്‍ തയ്യാറായില്ല. കറിപാത്രങ്ങള്‍ക്കിടയിലൂടെ അങ്ങും ഇങ്ങും പുളഞ്ഞ് ചുളുവില്‍ കിട്ടിയ സുഖവാസം ആസ്വദിക്കുന്ന പ്രതീതിയാണ് കാഴ്ച്ച കണ്ട് നിന്നവര്‍ക്കും തോന്നിയത്‌. മണിക്കൂറുകള്‍ക്ക് ശേഷം പാമ്പ് പിടുത്തക്കാരന്‍ വന്ന് ഫ്രിഡ്ജില്‍ കുടിയിരിക്കുന്ന എട്ടടി മൂര്‍ഖനെ ചാക്കിലാക്കിയപ്പോളാണ് ചുറ്റും കൂടി നിന്നവര്‍ക്ക് ശ്വാസം വീഴുന്നത്.

ജലദൗര്‍ലഭ്യതയും ചൂടും രൂക്ഷമായതിനെ തുടര്‍ന്ന് കാട് വിട്ട് ഇഴജന്തുക്കളും മൃഗങ്ങളും നാട്ടിലിറങ്ങുന്നത് സ്ഥിരം കാഴ്ച്ചയായതിന്റെ അവസാനത്തെ ഉദാഹരണമാണ് വിളിക്കാതെ ഫ്രിഡ്ജില്‍ എത്തിയ ഈ അതിഥി.

DONT MISS