ആസ്ട്രല്‍ പ്രൊജക്ഷന്‍ വെറുംകെട്ടുകഥ; കൊലപാതകത്തിന് പിന്നിലെ പ്രേരണ തുറന്നുപറഞ്ഞ് കേദല്‍

പ്രതി കേദല്‍ ജിന്‍സണ്‍

തിരുവനന്തപുരം: അച്ഛനും അമ്മയും ഉള്‍പ്പെടെ നാലുപേരെയും കൊലപ്പെടുത്തിയത് ആസൂത്രിതമായെന്ന് പിടിയിലായ പ്രതി കേദല്‍ ജിന്‍സണ്‍ രാജിന്റെ മൊഴി. മാസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ശേഷമാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. വീട്ടില്‍ നിന്നും നേരിട്ടിരുന്ന അവഗണനയാണ് കൊലപാതകത്തിലേക്ക് നയിച്ചിരിക്കുന്നതെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ആസ്ട്രല്‍ പ്രൊജക്ഷന്‍ കഥകളൊക്കെ കൊലപാതകം മറച്ചുവെക്കാനുള്ള തന്ത്രങ്ങളായിരുന്നെന്ന് പൊലീസ്.

കൊടുംക്രിമിനലിന്റെ മനോനിലയാണ് കേദല്‍ ജിന്‍സണ്‍ രാജിന് ഉള്ളതെന്ന് ചോദ്യം ചെയ്യലില്‍ പങ്കെടുത്ത മനശാസ്ത്ര വിദഗ്ധന്‍ വ്യക്തമാക്കി. ഇയാള്‍ കൊലപാതകത്തില്‍ ഉന്‍മാദം കണ്ടെത്തുകയായിരുന്നെന്നും മനശാസ്ത്രജ്ഞന്റെ സാന്നിധ്യത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.

വീട്ടില്‍ നിന്നും തനിക്ക് വലിയ അവഗണനയാണ് നേരിടേണ്ടി വന്നതെന്ന് കേദല്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. ഉന്നതവിദ്യാഭ്യാസ നിലവാരമുള്ളവരാണ് കുടുംബാംഗങ്ങള്‍. എന്നാല്‍ കേദലിന് പ്ലസ്ടു പാസാകാനെ സാധിച്ചുള്ളൂ. അതിനാല്‍ വിദേശ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനും സാധിച്ചിരുന്നില്ല. ഇതില്‍ അച്ഛന്‍ രാജ തങ്കത്തിന് വലിയ ദേഷ്യമുണ്ടായിരുന്നു. അച്ഛനില്‍നിന്ന് വലിയ അവഗണനയും കേദലിന് നേരിടേണ്ടി വന്നിരുന്നു.

അവഗണന അച്ഛനോടുള്ള പ്രതികാരത്തിലേക്ക് നയിക്കുകയായിരുന്നു. അങ്ങനെ അച്ഛനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. ആദ്യം മറ്റുള്ളവരെ കൊലപ്പെടുത്താന്‍ ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നാണ് വിവരം. പിന്നീടാണ് ഇവരെയുെ കൊലപ്പെടുത്താനുള്ള തീരുമാനം എടുത്തത്. മൂന്ന് മാസമെടുത്താണ് പദ്ധതി തയ്യാറാക്കിയത്. ആദ്യം അച്ഛനെയാണ് കൊലപ്പെടുത്തിയതെന്നാണ് പുതിയ മൊഴിയില്‍ പറയുന്നത്.

ആസ്ട്രല്‍ പ്രൊജക്ഷന്റെ (ആത്മാവിനെ ശരീരത്തില്‍ നിന്നും വേര്‍പിരിക്കല്‍) ഭാഗമായിട്ടാണ് നാലുപേരെയും കൊലപ്പെടുത്തിയതെന്നായിരുന്നു കേദല്‍ ആദ്യം പൊലീസിന് മൊഴി നല്‍കിയിരുന്നത്. തുടര്‍ന്ന് മനശാസ്ത്രജ്ഞനെകൂടി ഉള്‍പ്പെടുത്തി ചോദ്യം ചെയ്യുകയായിരുന്നു. താന്‍ ഒറ്റയ്ക്കാണ് കൊലനടത്തിയതെന്ന് കേദല്‍ നേരത്തെ സമ്മതിച്ചിരുന്നു. കൊലപാതകം നടത്തിയ മഴു ഓണ്‍ലൈനായാണ് വാങ്ങിയതെന്നും ഇയാള്‍ മൊഴി നല്‍കിയിരുന്നു. താന്‍ തയ്യാറാക്കിയ കംപ്യൂട്ടര്‍ ഗെയിം കാണാനായി വിളിച്ചുവരുത്തി അമ്മയെ ആദ്യം കൊലപ്പെടുത്തിയെന്നും പിന്നീട് മറ്റുള്ളവരെ കൊലപ്പെടുത്തിയെന്നുമായിരുന്നു നേരത്തെ കേദല്‍ പറഞ്ഞിരുന്നത്.

ഈ മാസം പത്തിനാണ് പ്രതി കേദലിനെ തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ച് റെയില്‍വെ പൊലീസ് പിടികൂടിയത്.

നന്തന്‍കോട് ക്ലിഫ് ഹൗസിന് സമീപം നടന്ന കൊലപാതകത്തെകുറിച്ച് ഈ മാസം ഒമ്പതിനാണ് പുറം ലോകം അറിഞ്ഞത് വീട്ടില്‍നിന്നും പുക ഉയരുന്നെന്ന് നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ തെരച്ചിലിലാണ് നാലുപേര്‍ വീടിനുള്ളില്‍ മരിച്ചുകിടക്കുന്നത് കണ്ടെത്തിയത്. റിട്ടയേര്‍ഡ് ആര്‍എം ഒ ഡോക്ടര്‍ ജീന്‍ പദ്മ ഇവരുടെ ഭര്‍ത്താവ് റിട്ടയേര്‍ഡ് പ്രൊഫസര്‍ രാജ തങ്കം, മകള്‍ കരോലിന്‍, ബന്ധു ലളിതാ ജീന്‍ എന്നിവരാണ് മരിച്ചത്. ഇതില്‍ ജീന്‍ പദ്മ, രാജ തങ്കം, കരോലിന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയിലും ലളിതയുടെ മൃതദേഹം വെട്ടിനുറുക്കി, പുഴുവരിച്ച നിലയിലുമായിരുന്നു. ഡോക്ടറുടേയും ഭര്‍ത്താവിന്റേയും മൃതദേഹങ്ങള്‍ മാത്രമാണ് തിരിച്ചറിഞ്ഞത്. മൃതദേഹങ്ങള്‍ക്ക് മൂന്ന് ദിവസത്തെ പഴക്കമുണ്ടായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top