special page

തൊഴില്‍ നഷ്ടപ്പെട്ടു, വലിയ മാറ്റങ്ങളുണ്ടാക്കാന്‍ കഴിഞ്ഞില്ല, ഒരു ലൈംഗികത്തൊഴിലാളി പറയുന്നു…

നളിനി ജമീല

കേരളത്തിലെ ലൈംഗികത്തൊഴിലാളികളുടെ മുന്നേറ്റം ചരിത്രപരമാണ്. അതിന്റെ മുന്നണിയില്‍ ഒരിടത്തായിരുന്നു നളിനി ജമീല നിന്നിരുന്നത്. ലൈംഗികത്തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി എഴുത്തിലൂടെയും സംഘടനാപ്രവര്‍ത്തനത്തിലൂടെയും മലയാളി മൊറാലിറ്റിയെ അത്ര ഭംഗിയായി ഞെട്ടിച്ച സ്ത്രീ കൂടിയാണ് നളിനി ജമീല.

മറ്റേതൊരു തൊഴിലും പോലൊരു തൊഴില്‍ തന്നെയാണ് ലൈംഗികത്തൊഴിലും എന്ന് ഒരു ലൈംഗികത്തൊഴിലാളി ധൈര്യത്തോടെ പറഞ്ഞത് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഒരു സമൂഹം, അവളെഴുതിയ പുസ്തകം ആര്‍ത്തിയോടെയും ആവേശത്തോടെയും തേടിപ്പിടിച്ച് വായിച്ച് അവര്‍ക്ക് വേണ്ടതൊന്നും കിട്ടിയില്ലെന്ന് നിരാശപ്പെട്ടതും നമ്മള്‍ കണ്ടു.

നളിനി ജമീല ഇപ്പോള്‍ കേരളത്തിലില്ല. കന്യാകുമാരിയിലാണ് താമസം. തമിഴ്‌നാട്ടിലാണെങ്കിലും തന്നെ അന്വേഷിച്ചെത്തുന്നവര്‍ക്കെല്ലാം തന്റെ ചരിത്രം മാത്രമാണ് അറിയേണ്ടത് എന്ന് കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ നളിനി ജമീല പറയുന്നു.

മാറ്റത്തിനു വേണ്ടി ശബ്ദിക്കുമ്പോള്‍ അന്ന് ലൈംഗികത്തൊഴിലാളികള്‍ക്കൊപ്പം ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ഉണ്ടായിരുന്നു. അവരില്‍ പലരും അന്ന് ലൈംഗികത്തൊഴില്‍ ചെയ്തിരുന്നു. ഒരുമിച്ച് നിന്നിരുന്നെങ്കിലും പിന്നീട് വഴിയിലെവിടെയോ വെച്ച് അവര്‍ മാറിപ്പോയെന്നും ഇപ്പോള്‍ അവര്‍ സമൂഹത്തില്‍ ഇടം കണ്ടെത്തുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെന്നും ജമീല പറയുന്നു. 2001ല്‍ മനുഷ്യാവകാശ പ്രവര്‍ത്തകനനായ മൈത്രേയന്‍ മുന്‍കൈയെടുത്ത് ആരംഭിച്ച കൂട്ടായ്മയില്‍ നിന്നും ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് വഴിമാറിപ്പോകുകയായിരുന്നു. സംഘടനകള്‍ക്ക് മാത്രമേ ലൈംഗികത്തൊഴിലാളികളെ ഒരുമിച്ച് നിര്‍ത്താന്‍ കഴിയൂ.

പ്രേം ജ്വാല, ജ്വാലാ മുഖി തുടങ്ങിയ സംഘടനകള്‍ ഉണ്ടായിരുന്നു. അതൊക്കെ ഇല്ലാതായപ്പോള്‍ ഒരു ലൈംഗികത്തൊഴിലാളിയുടെ മരണം പോലും പുറംലോകമറിയാതായി. വര്‍ഷം കഴിയുംതോറും മലയാളിക്ക് ലൈംഗികതയുടെ നേര്‍ക്ക് നോക്കാന്‍ മടിയാണ്. ഒളിഞ്ഞുനോട്ടം മാത്രമാണ് എപ്പോഴും നടക്കുന്നത്. സെക്‌സ് ചെയ്യാന്‍ വരുന്നവര്‍ തന്നെ സദാചാര പൊലീസിംഗ് ചെയ്തിരുന്നു.

രണ്ടാമതെഴുതിയ പുസ്തകം പെന്‍ഗ്വിന്‍ ബുക്‌സ് ഏഴുവര്‍ഷക്കാലം സൂക്ഷിച്ചു. ഹിന്ദി പ്രസാധകരായ ഓം ബുക്‌സ് ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കാനൊരുങ്ങുകയാണ് ജമീലയുടെ പുസ്തകം. ‘റൊമാന്റിക് എന്‍കൗണ്ടേഴ്‌സ് ഓഫ് എ സെക്‌സ് വര്‍ക്കര്‍ എ കോംബോ ഓഫ് മെന്‍’ എന്നാണ് പുസ്തകത്തിന്റെ പേര്.

വീണ്ടും ഒരു പുസ്തകം. അനുഭവകഥകളുടെ ഏഴുവര്‍ഷം പഴകിക്കിടന്ന ഒരു പുസ്തകമാണത്. വായിക്കപ്പെട്ടിട്ടും ലൈംഗികത്തൊഴിലാളികളുടെ ജീവിതത്തില്‍ എന്തെങ്കിലും മാറ്റമുണ്ടായോ എന്ന് സംശയമുണ്ടെന്നും നളിനി പറഞ്ഞു. സെക്‌സ് അല്ലാതെ പ്രണയവും സൗഹൃദവും യാത്രകളും പങ്കിട്ടവരെപ്പറ്റി ഏറെ സന്തോഷത്തോടെയാണ് നളിനി ജമീല പറയുന്നത്. എഴുത്തുകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുമായുള്ള ബന്ധം അങ്ങനെയുള്ളതാണെന്നും ജമീല ഓര്‍ക്കുന്നു.

തനിക്കുശേഷം മറ്റൊരുപാട് നളിനി ജമീലമാര്‍ വരും, അവരൊന്നും ഇഷ്ടത്തോടെ ആ തൊഴില്‍ തെരഞ്ഞെടുക്കുന്നവരാകില്ല. ഉള്ളതെല്ലാം നഷ്ടപ്പെട്ട് തിരിച്ചുപോകാനാകാതെ അവര്‍ ആ തൊഴില്‍ തന്നെ ചെയ്യും. എന്നും ചേര്‍ന്നുനിന്നിരുന്നത് ഇടതുപക്ഷത്തോടാണ്, ഇന്നതിന് കഴിയില്ല. പാര്‍ട്ടിയും പ്രത്യയശാസ്ത്രവും തമ്മില്‍ ഒരുപാട് അകന്നുകഴിഞ്ഞു. കേന്ദ്രത്തില്‍ ബിജെപി വന്നതുപോലും മറ്റുപാര്‍ട്ടികളില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടപ്പോഴാണ്. മോദിയുടെ നോട്ടുനിരോധനം പോലുള്ള തന്ത്രങ്ങള്‍ കൊണ്ട് ഏറെയൊന്നും പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. എന്തുതരം രാഷ്ട്രീയം പറഞ്ഞാലും താന്‍ ആദ്യാവസാനം ലൈംഗികത്തൊഴിലാളി മാത്രമാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top