special page

പശുക്കളെ ഇടിക്കാതിരിക്കാന്‍ കാറില്‍ ഘടിപ്പിക്കുന്ന സെന്‍സറുമായി ഗുജറാത്തിലെ ശാസ്ത്രജ്ഞര്‍; പശുക്കള്‍ക്കിത് നല്ലകാലം!

പ്രതീകാത്മക ചിത്രം

കാറ് ഓടിച്ചുപോകുമ്പോള്‍ അലഞ്ഞുതിരിയുന്ന പശുക്കള്‍ ശല്യമുണ്ടാക്കുന്നത് സാധാരണമാണ്. അപ്പോള്‍ ഗതാഗതക്കുരുക്കുംമറ്റും ഉണ്ടാകാറുമുണ്ട്. പശുക്കളെ കാണുമ്പോള്‍ ഇടിച്ചിട്ടിട്ട് കടന്നുകളയാതെ മാന്യമായി വാഹന വേഗത കുറച്ച് അവ പോകുമ്പോള്‍ മാത്രം കടന്നുപോവുക എന്ന നയം പിന്തുടരുന്നതിനാലാണ് ഗതാഗതക്കുരുക്ക് ഉണ്ടാകുന്നതുതന്നെ. എങ്കിലും ഡ്രൈവര്‍ ശ്രദ്ധിക്കാതെ പശുവിനെ ഇടിച്ചാല്‍ അത് പ്രശ്‌നമാവില്ലേ?

അങ്ങനെയൊന്ന് ഗുജറാത്തിലെ ചില ശാസ്ത്രജ്ഞന്മാര്‍ക്ക് ചിന്തിക്കാന്‍ കൂടി സാധിക്കില്ല. അതിനവര്‍ ഒരു വഴിയും കണ്ടെത്തി. പശു മുന്നില്‍ വരുമ്പോള്‍ തിരിച്ചറിയുന്ന സെന്‍സര്‍ വാഹനത്തില്‍ ഘടിപ്പിക്കുക. പുതിയ കണ്ടുപിടുത്തത്തിന് 80% കൃത്യത ഉണ്ടെന്നാണ് സെന്‍സര്‍ കണ്ടെത്തിയവരുടെ അവകാശവാദം. ശബ്ദം വഴിയും ഡിസ്‌പ്ലേ ഉപയോഗിച്ചും മുന്നറിയിപ്പ് നല്‍കി ബ്രേക്ക് നല്കാന്‍ സെന്‍സറിന് കഴിയും.

ഗുജറാത്ത് സാങ്കേതിക സര്‍വകലാശാലയിലെ ഗവേഷകരാണ് ചിലവ് കുറഞ്ഞ ഈ സെന്‍സര്‍ കണ്ടെത്തിയത്. ഹൈവേകളിലുംമറ്റും രാത്രിയില്‍ വാഹനം പറപ്പിക്കുമ്പോള്‍ തീര്‍ച്ചയായും ഇത് പ്രയോജനപ്പെടുമെന്നാണ് ഗവേഷകരുടെ അഭിപ്രായം. മറ്റു മൃഗങ്ങളേയും സെന്‍സറിന് തിരിച്ചറിയാനാവും. തീരെ ചിലവുകുറവാണ് ഈ സെന്‍സര്‍ ഉത്പാദിപ്പിക്കാന്‍ എന്നും വിദഗ്ധര്‍ പറയുന്നു.

എന്തായാലും വാഹന നിര്‍മാതാക്കള്‍ ഈ സെന്‍സര്‍ ഉപയോഗിക്കാന്‍ മുതിര്‍ന്നില്ലെങ്കില്‍ നിര്‍ബന്ധമായും എല്ലാവരും ഇത് വാഹനങ്ങളില്‍ പിടിപ്പിക്കണം എന്ന് അധികാരികള്‍ കട്ടായം പറയുമോ എന്നാണ് സൈബര്‍ ലോകത്തിന്റെ സംശയം. ഷൂസില്‍ പിടിപ്പിക്കാനുള്ള ഇത്തരമൊരു സെന്‍സര്‍ കണ്ടെത്തിയിരുന്നെങ്കില്‍ ചാണകത്തില്‍ ചവിട്ടാതെ നടക്കാന്‍ പറ്റിയേനെ എന്നും ചില രസികര്‍ പറയുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top