special page

അഭ്രപാളിയില്‍ അമ്മയുടെ വേദന പറഞ്ഞ സുരഭിയിലൂടെ മലയാളത്തിന് ഇന്ന് അഭിമാനിക്കാം

മകള്‍ക്കു വേണ്ടി ജീവിച്ച അമ്മയുടെ കഥയും കണ്ണുനീരും പറഞ്ഞ് മിന്നാമിനുങ്ങിലൂടെ സുരഭി ലക്ഷ്മി ദേശീയ പുരസ്‌കാരത്തിന് അര്‍ഹത നേടിയപ്പോള്‍ പതിനാല് വര്‍ഷത്തിനു ശേഷം ലഭിച്ച മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരത്തെ ഓര്‍ത്ത് മലയാളത്തിന് ഇന്ന് അഭിമാനിക്കാം. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യേക പരാമര്‍ശത്തില്‍ മാത്രം ഒതുങ്ങിയ ചിത്രമാണ് രാജ്യത്തിന് ഇന്ന് മികച്ച നടിയെ നേടിക്കൊടുത്തിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.

തിരുവനന്തപുരം നഗരത്തിനു പുറത്ത് ജീവിക്കുന്ന അമ്മയുടേയും മകളുടേയും കഥയാണ് മിന്നാമിനുങ്ങ്. ഉന്നത പഠനമെന്ന മകളുടെ സ്വപ്‌നം പൂര്‍ത്തിയാക്കാന്‍ ജീവിതഭാരങ്ങളുമായി കലഹിക്കുന്ന അമ്മയേയാണ് ചിത്രത്തില്‍ സുരഭി അവതരിപ്പിക്കുന്നത്.

അമ്മയും മകളും തമ്മിലുള്ള ഊഷ്മള ബന്ധത്തിന്റെ കഥ ഏറെ ഹൃദ്യയസ്പര്‍ശിയായി ഇതില്‍ അവതരിപ്പിക്കുന്നു. മകളുടെ ഭാവിക്കു വേണ്ടി രാവെന്നോ പകലെന്നോ ഇല്ലാതെ ദുരിതം താണ്ടുന്നവളുടെ കണ്ണീര്‍ക്കഥ ഒരുപക്ഷെ സുരഭിയുടെ അഭിനയ ജീവിതത്തില്‍ കൃത്യമായ മേല്‍വിലാസം ഉണ്ടാക്കിയ ചിത്രമാവും.

നവാഗതനായ അനില്‍ തോമസ് സംവിധാനം ചെയ്ത ചിത്രം ഒരമ്മയുടേയും മകളുടേയും ജീവിതത്തിന്റെ കൈവഴികളിലൂടെയാണ് പുരോഗമിക്കുന്നത്. സുരഭി ലക്ഷ്മിയും റബേക്ക തോമസും ഈ ജീവിതത്തെ സുന്ദരമായി പ്രതിഫലിപ്പിക്കുന്നു. സുരഭി എന്ന നടിയുടെ അഭിനയ പാടവത്തില്‍ പൂര്‍ണ വിശ്വാസമുള്ളതുകൊണ്ടാണ് ഈ കഥാപാത്രത്തെ സുരഭിയെ തന്നെ ഏല്‍പ്പിച്ചതെന്ന് സംവിധായകന്‍ അനില്‍ തോമസ് നേരത്തെ പ്രതികരിച്ചിരുന്നു.

ഈ കഥാപാത്രത്തിന് എനിക്ക് ലഭിച്ച അംഗീകാരം മിന്നാമിനുങ്ങ് ടീമിന്റെ വിജയമായി ഞാന്‍ കാണുന്നുവെന്നായിരുന്നു സംസ്ഥാന പുരസ്കാരത്തിനു ശേഷം സുരഭിയുടെ പ്രതികരണം. “ചിത്രത്തില്‍ കൂടെ അഭിനയിച്ച പ്രേംപ്രകാശ്, കൃഷ്ണന്‍ ബാലകൃഷ്ണന്‍ എന്നിവര്‍ കഥാപാത്രത്തിന്റെ വിജയത്തിന് ഏറെസഹായിച്ചു. കഥാകൃത്ത് മനോജ് റാംസിങ് അഭിനയം പുരോഗമിക്കുന്നതനുസരിച്ച് സംഭാഷണത്തില്‍പോലും ചെറിയ മാറ്റം വരുത്തി കഥാപാത്രത്തിനു കൂടുതല്‍ ജീവനേകാന്‍ സഹായിച്ചു. മനോജിന്റെ ബന്ധു നിഷയാണ് എന്നെക്കുറിച്ച് പറയുന്നതും. തനി കോഴിക്കോട്ടുകാരിയായ എനിക്ക് തിരുവനന്തപുരം സംസാരശൈലി ഡബ്ബ് ചെയ്യാന്‍ ഡബ്ബിങ് സമയത്ത് കൃഷ്ണന്‍ ബാലകൃഷ്ണനും കലാഭവന്‍ റെക്കോഡിങ് സ്റ്റുഡിയോയിലെ ഷിബുവും ഏറെ സഹായിച്ചു. സാമ്പത്തിക പരിമിതികള്‍ക്കുള്ളില്‍നിന്ന് മികച്ച ചിത്രമൊരുക്കാന്‍ നിര്‍മാതാവും സംവിധായകനും എന്ന നിലയില്‍ ഏറെ പരിശ്രമിച്ച അനില്‍തോമസ്, സ്ക്രിപ്റ്റ് ഇഷ്ടപ്പെട്ടതുകൊണ്ട് സ്വന്തം പ്രതിഫലം വാങ്ങാതെ ചെലവുമാത്രം സ്വീകരിച്ച് പശ്ചാത്തല സംഗീതം നിര്‍വഹിച്ച ഔസേപ്പച്ചന്‍ സാര്‍ എന്നിവരുള്‍പ്പടെ മിന്നാമിനുങ്ങ് ടീമിനുള്ള അംഗീകാരമാണിത്.- സുരഭി പറയുന്നു.

സംസ്കൃത സര്‍വകലാശാലയില്‍നിന്ന് ഭരതനാട്യത്തില്‍ ബിരുദം ഒന്നാം റാങ്കോടെ പാസായ സുരഭി അന്നേ നൃത്തത്തോടൊപ്പം നാടകവേദിയും സ്വപ്നം കണ്ടു. ബിരുദാനന്തര ബിരുദ പഠനവും നാടകത്തിലായിരുന്നു. തുടര്‍ന്ന് എംജി സര്‍വകലാശാലയില്‍ എംഫില്‍ ചെയ്തു. ഇപ്പോള്‍ സംസ്കൃത സര്‍വകലാശാലയില്‍ നാടകത്തില്‍ ഗവേഷണം ചെയ്യുന്ന സുരഭി നാടകവേദികളിലും സജീവസാന്നിധ്യമാണ്.

മിന്നാമിനുങ്ങിലെ അഭിനയത്തിന് ഫിലിം ക്രിട്ടിക്സ് അവാര്‍ഡില്‍ മികച്ച രണ്ടാമത്തെ നടിക്കുള്ള അവാര്‍ഡും ലഭിച്ചു. മൂന്ന് അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top