കടങ്ങള്‍ എഴുതിതള്ളാനുള്ള യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ തീരുമാനം തെറ്റെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍

ഊര്‍ജിത് പട്ടേല്‍

മുംബൈ: കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാനുള്ള  യോഗി ആദിത്യ നാഥ് സര്‍ക്കാരിന്റെ  തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍. രാജ്യമൊന്നടങ്കം അഭിനന്ദിച്ചപ്പോഴാണ് വിമര്‍ശനവുമായി ആര്‍ബിഐ ഗവര്‍ണര്‍ രംഗത്തെത്തിയത്.
സംസ്ഥാനത്തിന്റെ ബാലന്‍സ് ഷീറ്റിനെ ബാധിക്കും വിധത്തിലുളള തെറ്റായ തീരുമാനമായിരുന്നു യോഗി ആദിത്യനാഥ് കൈകൊണ്ടതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ വിപരീതമായി ബാധിക്കുന്ന തീരുമാനമാണിതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കടങ്ങള്‍ എഴുതിതള്ളുന്നതുമൂലം കൊടിയ സാമ്പത്തിക ബാധ്യതക്കാണ് രാജ്യം സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്നും ഊര്‍ജിത് പട്ടേല്‍ പറഞ്ഞു. കടങ്ങള്‍ എഴുതിതള്ളുന്നത് രാജ്യത്തിന് ഏതെങ്കിലും തരത്തില്‍ ദോഷമുണ്ടാക്കുമോയെന്ന നികുതിദായകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഊര്‍ജിത് പട്ടേലിന് മുന്‍പ് എസ്ബിഐ ചെയര്‍മാന്‍ അരുന്ധതി ഭട്ടാചാര്യയും യോഗി ആദിത്യ നാഥ് സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ദിവസമാണ് 36,359 കോടിയുടെ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാന്‍ യുപി സര്‍ക്കാര്‍ തീരുമാനിക്കുന്നത്. യോഗി ആദിത്യ നാഥ് സര്‍ക്കാരിന്റെ ആദ്യ മന്ത്രി സഭാ യോഗമാണ് സുപ്രധാന തീരുമാനമെടുത്തത്. 2016 മാര്‍ച്ച് 31 വരെയുളള പരമാവധി ഒരു ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. സംസ്ഥാനത്തെ രണ്ടരകോടി കര്‍ഷകരില്‍ 1.85 കോടി ഇടത്തരം വിഭാഗത്തിലും 0.30 കോടി ചെറുകിട ദരിദ്ര കര്‍ഷകരുമാണ്. ഇവരുടെ കടങ്ങളാണ് പ്രധാനമായും എഴുതി തളളുന്നത്. കൂടാതെ നിഷ്‌ക്രിയ ആസ്തിയായി ബാങ്കുകള്‍ പ്രഖ്യാപിച്ച 5630 കോടി രൂപയും എഴുതിതള്ളിയവയില്‍ ഉള്‍പ്പെടുന്നു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ തീരുമാനത്തെ പഠിക്കുമെന്നും സംസ്ഥാനത്ത് നടപ്പാക്കാന്‍ ശ്രമിക്കുമെന്നും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയടക്കമുള്ളവര്‍ യോഗി ആദിത്യ നാഥിന്റെ കര്‍ഷകരുടെ കടങ്ങള്‍ എഴുതിതള്ളുമെന്ന തീരുമാനത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top