special page

ആ അമ്മയുടെ സ്ഥാനത്ത് ഞാന്‍ കണ്ടത് എന്റെ അമ്മയെ

മഹിജ കുഴഞ്ഞു വീണപ്പോള്‍

നൊന്തുപെറ്റ വയറ് അതിലുമേറെ വേദനിക്കുന്നത് ഇന്ന് നാം കണ്ടു. അല്ലെങ്കില്‍ മൂന്ന് മാസക്കാലമായി കണ്ടുകൊണ്ടിരിക്കുന്നു. കാണുന്നതും കേള്‍ക്കുന്നതുമല്ലാതെ നമുക്ക് എന്താണ് ആ അമ്മയ്ക്ക് വേണ്ടി ചെയ്യാനായായത്? നീതി നടപ്പിലാക്കേണ്ട വ്യവസ്ഥിതികള്‍ കണ്ണുകള്‍ മൂടി, കൈകള്‍ കെട്ടി നോക്കി നില്‍ക്കുമ്പോഴാണ് ഈ ചോദ്യം ഞാന്‍ എന്നോട് തന്നെ ചോദിച്ചത്. ഒന്നുമില്ല എന്ന ഉത്തരവും ഞാന്‍ തന്നെ കണ്ടെത്തി. ഇന്ന് മഹിജ നിലത്ത് വീണ് പൊട്ടിക്കരഞ്ഞപ്പോള്‍ അറിയാതെയെങ്കിലും ഞാനെന്റെ അമ്മയെ ഓര്‍ത്തുപോയി. നാളെ എപ്പോഴെങ്കിലും ഞാനും ഭരണകൂട കാട്ടാളത്തത്തിനിരയായാല്‍, അല്ലെങ്കില്‍ മറ്റെന്തെങ്കിലും സംഭവിച്ചാല്‍ എന്റെ അമ്മയും എനിക്കു വേണ്ടി തെരുവിലിറങ്ങുന്നതാണ് മനസില്‍ തെളിഞ്ഞത്. അപ്പോള്‍ അമ്മയുടെ ഉച്ചത്തിലുള്ള നിലവിളിക്ക് മഹിജയുടേതിനോട് വളരെയേറെ സാമ്യമുണ്ടായിരിക്കും.

നിലത്തിരുന്ന് പ്രതിഷേധിക്കുന്ന മഹിജയെ പൊലീസ് പിടിച്ച് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു

ജിഷ്ണുവിന്റെ അമ്മ മാത്രമല്ല, എത്രയോ അമ്മമാര്‍ നഷ്ടപ്പെട്ട മക്കള്‍ക്ക് വേണ്ടി കണ്ണുനീര്‍ ഒഴുക്കിയിരിക്കുന്നു. സമര മുഖത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നു. മഹിജയുടെ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനകളുണ്ടെന്ന ആരോപണം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. മകന് നീതി ലഭ്യമാക്കുകയാണ് വേണ്ടിയിരുന്നതെങ്കില്‍ അവര്‍ ഇതായിരുന്നില്ല ചെയ്യേണ്ടിയിരുന്നതെന്നും പലരും പറഞ്ഞു കേട്ടു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ച പ്രതികളെ അറസ്റ്റു ചെയ്യണമെന്ന് അവര്‍  വെറുതേ വാദിക്കുന്നുവെന്ന് പറയുന്നു. എന്തുകൊണ്ടാണ് ഇവര്‍ വേട്ടക്കാര്‍ക്ക് വേണ്ടി വാദിക്കുന്നതെന്ന് മനസിലാകുന്നില്ല. ജിഷ്ണു ആത്മഹത്യ ചെയ്തതാണോ അതോ കൊലപ്പെടുത്തിയതാണോ എന്നു പോലും സ്ഥിരീകരണമില്ല. ആത്മഹത്യയാണെങ്കിലും കൊലപാതകമാണെങ്കിലും അതിനു പിന്നിലുള്ള കാരണത്തിന്റെ ഉത്തരവാദികളാണ് പി കൃഷ്ണദാസും കൂട്ടാളികളും. കൃഷ്ണദാസിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ടെങ്കില്‍ ജിഷ്ണുവിന്റെ മരണത്തില്‍ കൃഷ്ണദാസിനുള്ള പങ്ക് തെളിയിക്കാന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല എന്നു തന്നെയാണ് അത് സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെയാണ് കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം തള്ളണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചപ്പോഴും സര്‍ക്കാരിന് തിരിച്ചടി നേരിടേണ്ടി വന്നത്.

ജിഷ്ണു പ്രണോയ്

എല്‍ഡിഎഫ് വരും, എല്ലാം ശരിയാക്കുമെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ എവിടെയാണുള്ളത്. പാലം കടക്കുന്നതുവരെ ‘നാരായണ പാലം കടന്നു കഴിഞ്ഞാല്‍..’ എന്ന അവസ്ഥയാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ചുമതല വഹിക്കുന്ന, ക്രമസമാധാനം നടപ്പിലാക്കേണ്ട ആഭ്യന്തര വകുപ്പിനെതിരെ ഇപ്പോള്‍ തന്നെ എത്രയെത്ര പരാതികളാണ് വന്നുകൊണ്ടിരിക്കുന്നത്. തങ്ങള്‍ക്കു സംഭവിച്ച വീഴ്ചകള്‍ മുഖ്യമന്ത്രി ഏറ്റുപറയുന്നുണ്ട് എന്നതു ശരിതന്നെ. പക്ഷേ, വീഴ്ചകള്‍ സംഭവിച്ച ശേഷം അത് തിരുത്താന്‍ നിന്നിട്ട് എന്താണ് കാര്യം?

പ്രതിഷേധിച്ച പ്രവര്‍ത്തകരോട് ആക്രോശിക്കുന്ന ഐജി മനോജ് എബ്രഹാം

നീതിക്ക് വേണ്ടി പ്രതിഷേധം നടത്തുന്നവര്‍ക്ക് മുന്നില്‍ പ്രത്യേക താല്‍പര്യങ്ങള്‍ ഉണ്ടെന്ന് തോന്നുന്നില്ല (ചിലപ്പോള്‍ ഉണ്ടായേക്കാം). അവര്‍ക്ക് മുന്നിലേക്ക് പൊലീസ് തങ്ങളുടെ കാട്ടാള രൂപം തുറന്നുവിടുമ്പോള്‍ ജനങ്ങള്‍ ആരെയാണ് സമീപിക്കുക. ജനമൈത്രി പൊലീസ് എന്നത് വെറും പേരിലേക്ക് ചുരുങ്ങിയിരിക്കുന്ന കാഴ്ച കൂടിയാണ് ഇന്ന് തിരുവനന്തപുരത്ത് കണ്ടത്. പ്രതിഷേധിച്ച പ്രവര്‍ത്തകന്റെ മുഖത്തുപിടിച്ച് തള്ളി ‘ഐജിയോട് ഈ കളിവേണ്ട’ എന്ന് മനോജ് എബ്രഹാം ആക്രോശിച്ചപ്പോള്‍ പൊലീസിന് എന്തുമാകാം എന്നാണോ വിളിച്ചുപറയുന്നത്.  പ്രതീക്ഷകള്‍ നഷ്ടപ്പെട്ടവരെ ക്ഷമയോടെ നേരിടേണ്ടതിന് പകരം ഭരണകൂടത്തിന് കാവലാളാകുകയാണോ പൊലീസ് ചെയ്യേണ്ടത്? പരാതിയുമായി സമീപിക്കുന്നവരോട് അശ്ലീല ചുവയോടെയും ഗര്‍ജിക്കുന്ന സ്വരത്തോടെയും സംസാരിക്കുന്ന പൊലീസുകാരോട് പുച്ഛമാണെന്ന് പറയാതെ വയ്യ.

ജിഷ്ണു പ്രണോയിക്ക് നീതി ലഭിച്ചേ മതിയാകൂ. അതിന് കൃത്യമായ കേസന്വേഷണം നടക്കണം. പ്രതികള്‍ അറസ്റ്റിലാകണം. മകനെ നഷ്ടപ്പെട്ട വേദനയില്‍ നിന്നും മഹിജ ഈ ഒരു ജന്മം ഇനി മുക്തയാകില്ല. പക്ഷേ നീതി നടപ്പിലാക്കി പിണറായി സര്‍ക്കാരിന് അവരുടെ വേദനയെ അല്‍പമെങ്കിലും ശമിപ്പിക്കാനാകും. അതുതന്നെയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്നിരിക്കുന്ന ആവശ്യവും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top