രോഹിതും നജീബും ജിഷ്ണുവും തെരുവില്‍ പൊലീസ് വലിച്ചിഴച്ച അവരുടെ അമ്മമാരും; മൂന്നു ചിത്രങ്ങള്‍

മഹിജ

നിലനില്‍ക്കുന്ന വ്യവസ്ഥിതിയോട് കലഹിച്ചതിനാണ് രോഹിത് വെമുലയ്ക്ക് ആത്മഹത്യ ചെയ്യേണ്ടിവന്നത്. അതേ കാരണം തന്നെയാണ് ജിഷ്ണുവിന്റെ വ്യവസ്ഥാപിത കൊലപാതകത്തിനു പിന്നിലും. ജെഎന്‍യുവിലെ നജീബ് പെട്ടെന്നൊരു ദിവസം അപ്രത്യക്ഷനായത് എബിവിപി പ്രവര്‍ത്തകരുമായുണ്ടായ സംഘര്‍ഷത്തിന് ശേഷമാണ്.

2016 ജനുവരി17ന് രോഹിത് വെമുല ആത്മഹത്യ ചെയ്ത ശേഷം രോഹിതിന് നീതി തേടി അമ്മ രാധികാ വെമുല സമരമാരംഭിച്ചിരുന്നു. തെരുവില്‍ വലിച്ചിഴയ്ക്കപ്പെടുകയും പലതവണ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. പക്ഷേ അവര്‍ പോരാട്ടം ഇപ്പോഴും  തുടരുന്നു. രാജ്യമൊട്ടാകെ ജാതിക്കെതിരെയും ബ്രാഹ്മണ്യത്തിനെതിരെയും സമരം തുടങ്ങിയ രോഹിതിന്റെ അമ്മ രാധിക വെമുലയ്ക്ക് ഇപ്പോള്‍ രോഹിതിന്റെ സ്മാരക സ്തൂപം കാണാന്‍ പോലും അനുവാദമില്ല. രോഹിതിന്റെ ആത്മഹത്യയ്ക്ക് കാരണമായ അധികാരികള്‍ ഇപ്പോഴും സര്‍വകലാശാലയില്‍ തുടരുന്നു.

രാധിക വെമുല

2016 ഒക്ടോബര്‍ 15നാണ് ജെഎന്‍യുവില്‍ നിന്നും നജീബിനെ കാണാതാകുന്നത്. എബിവിപി പ്രവര്‍ത്തകരുമായുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് നജീബ് അപ്രത്യക്ഷനാകുന്നത്. കാണാതാകുന്നതിന് തൊട്ടുമുമ്പ് നജീബ് അമ്മ ഫാത്തിമാ നഫീസുമായി ഫോണില്‍ സംസാരിച്ചിരുന്നു. മാനസികമായി പ്രയാസങ്ങളനുഭവിച്ചിരുന്ന നജീബിനെ ബദോനിലെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ നഫീസിന് ആഗ്രഹമുണ്ടായിരുന്നു.

നജീബ് ഇപ്പോഴും അപ്രത്യക്ഷനാണ്. ദില്ലി പൊലീസിന്റെ  ഭരണകൂട വിധേയത്വം നജീബിന് നീതി ലഭ്യമാക്കിയില്ല. നജീബ് ഐഎസിനെക്കുറിച്ച് വിവരങ്ങള്‍ തിരഞ്ഞിരുന്നു എന്നും അങ്ങനെ ഐഎസില്‍ ചേരാന്‍ പോയതായിരിക്കും എന്നും ദില്ലി പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പൊലീസ് ഭാഷ്യത്തെ ഫാത്തിമാ നഫീസ് നിരസിച്ചു. നജീബിനുവേണ്ടി സമരം ചെയ്ത വിദ്യാര്‍ത്ഥികളോട് “നിങ്ങള്‍ക്ക് എന്താണ് വേണ്ടത്? നിങ്ങളെയും നജീബിനെ അയച്ച സ്ഥലത്തേക്ക് പറഞ്ഞയക്കണോ?” എന്നാണ് അന്ന് ദില്ലി പൊലീസ് ചോദിച്ചത്.

ഫാത്തിമാ നഫീസ്

2017 ജനുവരി ആറിനാണ് ജിഷ്ണുവിന്റെ മരണം നടക്കുന്നത്. പാമ്പാടി നെഹ്‌റു കോളേജില്‍ സ്വാശ്രയ വിദ്യാഭ്യാസ വ്യവസ്ഥയില്‍ മാറ്റം വേണമെന്ന് സമരത്തിനാഹ്വാനം ചെയ്ത വിദ്യാര്‍ത്ഥിയാണ് ജിഷ്ണു. ജിഷ്ണുവിന്റെ മരണത്തില്‍ പൊലീസ് അന്വേഷണം അട്ടിമറിച്ചുവെന്നാരോപിച്ച് അമ്മ മഹിജയും ബന്ധുക്കളും നീതി തേടിയാരംഭിച്ച സമരത്തെത്തുടര്‍ന്ന് പൊലീസ് ആസ്ഥാനത്ത് മഹിജ ആക്രമിക്കപ്പെടുകയും റോഡില്‍ വലിച്ചിഴയ്ക്കപ്പെടുകയും ചെയ്തു. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലേറ്റതിന്റെ അറുപതാം വാര്‍ഷിക ദിനത്തിലാണ് നീതിക്കുവേണ്ടി സമരം ചെയ്ത സ്ത്രീയെ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് അറസ്റ്റ് ചെയ്ത് നീക്കിയത്.

ഇപ്പോള്‍ രാധിക വെമുലയുടെയും ഫാത്തിമാ നഫീസിന്റെയും കൂട്ടത്തില്‍ മഹിജയുമുണ്ട്. ഭരണകൂട അടിച്ചമര്‍ത്തലുകള്‍ക്കിടയില്‍ നിയമസംവിധാനവും നിര്‍ഭയം സമരം ചെയ്യാനുള്ള സന്നദ്ധതയും മാത്രമാണ് ഇവര്‍ക്ക് പ്രതീക്ഷയര്‍പ്പിക്കാന്‍ ബാക്കിയുള്ളത്.മഹിജയ്‌ക്കെതിരായ പൊലീസ് ആക്രമണം സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top