‘നടക്കുന്നത് കുടുംബത്തെ നിര്‍ത്തിയുള്ള രാഷ്ട്രീയക്കളി, എല്ലാ പ്രശ്‌നങ്ങള്‍ക്കും പിന്നില്‍ അമ്മാവന്‍ ശ്രീജിത്ത്’; പൊലീസ് നടപടിയെ ന്യായീകരിച്ച് എഎന്‍ ഷംസീര്‍ എംഎല്‍എ

മഹിജയും ഷംസീറും

കൊച്ചി: ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്ക് നേരെയുള്ള അതിക്രമത്തെ ന്യായീകരിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എഎന്‍ ഷംസീര്‍ എംഎല്‍എ രംഗത്ത്. സര്‍ക്കാരിനെതിരെ തിരിച്ചുവിടാനുള്ള ഉദ്ദേശമാണ് ചിലര്‍ക്കെന്നും ഷംസീര്‍ ആരോപിക്കുന്നു. വലിച്ചിഴച്ചുപോയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന രീതിയിലായിരിക്കും ഇതും ചെയ്തതെന്നായിരുന്നു ഷംസീറിന്റെ വിശദീകരണം. റിപ്പോര്‍ട്ടറോട് പ്രതികരിക്കുകയായിരുന്നു ഷംസീര്‍.

പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നതിന് രീതിയുണ്ട്. ആ രീതിയിലായിരിക്കും ഇതും ചെയ്തതെന്നും ഷംസീര്‍ വിശദീകരിച്ചു. ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്താണ് എല്ലാ പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നതെന്നും ഷംസീര്‍ പറഞ്ഞു. ഡിജിപിയെ കാണാന്‍ ആറ് പേരെ കാണാന്‍ അനുവാദം നല്‍കിയതാണ്. എന്നാല്‍ 17പേര്‍ക്ക് അനുവാദം വേണമെന്ന് സമരക്കാര്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും ഷംസീര്‍ അവകാശപ്പെടുന്നു. ഈ കേസില്‍ പ്രതിയെ പിടിക്കുകയാണ് ആവശ്യം, അല്ലാതെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുപോയി കുടുംബത്തെ തള്ളുകയല്ല വേണ്ടതെന്നും ഷംസീര്‍ വ്യക്തമാക്കി. പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നതിന് രീതിയുണ്ട്. ആ രീതിയിലായിരിക്കും ചെയ്തത്. കുടുംബത്തെ നിര്‍ത്തി രാഷ്ട്രീയക്കളി നടത്തുന്നതിനോട് യോജിപ്പില്ലെന്നും ഷംസീര്‍ പറഞ്ഞു.

ഡിജിപിയുടെ ഓഫീസിന് മുന്നില്‍ സമരം ചെയ്യാനാകില്ലെന്ന് ആര്‍ക്കാണ് അറിയാത്തതെന്നും ഷംസീര്‍ ചോദിച്ചു. ഒരുപാട് സമരം ചെയ്തവരാണ് ഞങ്ങളൊക്കെയെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഡിജിപിയുടെ ഓഫീസിന് മുന്നിലേക്ക് പോയാല്‍ സമരം തടയും, നിലവിലെ രീതിയങ്ങനെയാണ്. അതാകെ മാറണമെന്ന് പറയാനാകില്ലെന്നും ഷംസീര്‍ പറഞ്ഞു. സര്‍ക്കാര്‍ നന്നായിത്തന്നെ കേസില്‍ ഇടപെട്ടിട്ടുണ്ട്. പൊലീസ് നടപടിയെ സംബന്ധിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വിഎസ് ഡിജിപിയെ ശാസിച്ച കാര്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ചാനലുകളെ ആക്രമിക്കാനാണ് ഷംസീര്‍ തയ്യാറായത്. വിഎസ് എന്ത് പറഞ്ഞെന്ന അനുമാനം വെച്ച് സംസാരിക്കാനാകില്ല. നിങ്ങള്‍ക്ക് വേണ്ടത് പറയാനില്ല. വിഎസ് അത് പറഞ്ഞോ ഇത് പറഞ്ഞോ എന്ന് ചോദിച്ചാല്‍ വിഎസ് എങ്ങനെയാണ് പറഞ്ഞതെന്ന് തനിക്കറിയില്ലല്ലോ. ചാനലുകള്‍ ചോദിക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പറയാനല്ല ഞങ്ങളിരിക്കുന്നത് എന്നും ഷംസീര്‍ പറഞ്ഞു. ദൃശ്യമാധ്യമങ്ങള്‍ പറയുന്നത് കേട്ട് അതുപോലെ മറുപടി പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആദ്യം മുതല്‍ തന്നെ മികച്ച പൊലീസ് അന്വേഷണമുണ്ടായിയെന്നും അദ്ദേഹം അവകാശപ്പെട്ടു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് താനുള്‍പ്പെടെ സംസാരിച്ചിട്ടുണ്ട്. കേസില്‍ പ്രതികളെ പിടിക്കാനും പൊലീസ് ഇടപെട്ടു. നിയമത്തിന്റെ പരിധിക്കകത്ത് നിന്നുകൊണ്ട് എല്ലാം സര്‍ക്കാര്‍ ചെയ്തു. സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യത്തോടെ ചിലര്‍ ഇറങ്ങിയിരിക്കുകയാണ്. ജിഷ്ണുവിന്റെ അമ്മയെ ബഹുമാനിക്കുന്നു, ബന്ധുക്കളുടെ വികാരത്തെ മാനിക്കുന്നു
ജിഷ്ണുവെന്നയാളോടും സ്‌നേഹവും ബഹുമാനവുമാണ് തനിക്കുള്ളതെന്നും ഷംസീര്‍ അവകാശപ്പെട്ടു. പിണറായി മുഖ്യമന്ത്രിയായതിനാലാണ് ഇത്തരത്തിലെങ്കിലും കേസ് എത്തിയതെന്നും അദ്ദേഹം അവകാശപ്പെട്ടു. സ്വാശ്രയപ്രശ്‌നം ഉയര്‍ത്തിയത് എസ്എഫ്‌ഐയാണ്. സ്വാശ്രയകോളേജുകളശുടെ സംരക്ഷകരാണ് സര്‍ക്കാരിനെതിരെ ഇപ്പോള്‍ സംസാരിക്കുന്നത്. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഇരയുടെയും വേട്ടക്കാരുടെയും ഒപ്പം നില്‍ക്കുന്നുവെന്നും ഷംസീര്‍ ആരോപിക്കുന്നു.
പാമ്പാടി നെഹ്‌റു എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയായ ജിഷ്ണുവിന്റെ മരണത്തിന് ഉത്തരാവികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കാനാണ് ജിഷ്ണുവിന്റെ അമ്മയും അച്ഛനും ബന്ധുക്കളും ഡിജിപി ഓഫീസിന് മുന്നിലെത്തിയത്. എന്നാല്‍ പൊലീസ് ആസ്ഥാനത്തിന് മുന്നിലെത്തിയ ഇവരെ പൊലീസ് തടയുകയും ജിഷ്ണുവിന്റെ അമ്മയെ പൊലീസ് മര്‍ദ്ദിക്കുകയും, നിലത്തുകൂടെ വലിച്ചിഴച്ചുകൊണ്ടു പോകുകയുമായിരുന്നു. മ്യൂസിയം എസ്‌ഐയാണ് തന്നെയും ജിഷ്ണുവിന്റെ അമ്മ മഹിജയെയും മര്‍ദ്ദിച്ചതെന്ന് ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത് പറഞ്ഞു. പരിക്കേറ്റ മഹിജയെ പിന്നീട് പേരൂര്‍ക്കട ആശുപത്രിയിലേയ്ക്കും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേയ്ക്കും മാറ്റുകയായിരുന്നു. പൊലീസ് നടപടിയെക്കുറിച്ച് അന്വേഷിക്കാന്‍ ഡിസിപി അരുള്‍ കൃഷ്ണയെ ചുമതലപ്പെടുത്തിയെന്ന് നേരത്തെ പേരൂര്‍ക്കട ആശുപത്രിയിലെത്തിയ ഐജി മനോജ് എബ്രാഹം മാധ്യമങ്ങളെ അറിയിച്ചിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top