special page

പ്ലാസ്റ്റിക്ക് പേനകള്‍ക്ക് വിട, കുസാറ്റില്‍ ഇനി മുതല്‍ മഷി പേനകള്‍ മാത്രം; പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി പ്ലാസ്റ്റിക്ക് പേനകള്‍ ഒഴിവാക്കാന്‍ സര്‍വ്വകലാശാല ഒരുങ്ങുന്നു

പ്രതീകാത്മക ചിത്രം

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി പ്ലാസ്റ്റിക്ക് പേനകള്‍ ഒഴിവാക്കാന്‍ തീരുമാനം. പ്ലാസ്റ്റിക്ക് രഹിത കാമ്പസ് എന്ന ലക്ഷ്യത്തിന്റെ ഭാഗമായിട്ടാണ് കുസാറ്റ് സര്‍വ്വകലാശാല ഇത്തരം ഒരു തീരുമാനം കൈകൊണ്ടിരിക്കുന്നത്. ഇനി മുതല്‍ വിദ്യാര്‍ത്ഥികളോട് മഷി പേന ഉപയോഗിക്കാനാണ് അധ്യാപകര്‍ ആവശ്യപ്പെടുന്നത്.

എഴുതി മഷി തീര്‍ന്ന് വലിച്ചെറിയുന്ന പേനകള്‍ പരിസ്ത്ഥിതിക്ക് ഉണ്ടാക്കുന്ന ആഘാതം തിരിച്ചറിഞ്ഞതിന്റെ ഫലമായിട്ടാണ് ഇത്തരം ഒരു നീക്കം എന്ന് വൈസ് ചാന്‍സലര്‍ ജെ ലത പറഞ്ഞു. സര്‍വ്വകലാശാല ബജറ്റില്‍ ഈ വിഷയം ഉള്‍പെടുത്തിയിട്ടുണ്ട്. ഒറ്റയടിക്ക് പ്ലാസ്റ്റിക്ക് പേനകളുടെ ഉപയോഗം നിറുത്തലാക്കാന്‍ സാധിക്കില്ല. അതിനാല്‍ തന്നെ അധ്യാപകര്‍ക്കിടയിലും, വിദ്യാര്‍ത്ഥികള്‍ക്കിടയിലും ഒരു വര്‍ഷത്തിനിടയില്‍ ബോധവല്‍ക്കരണം നടത്തി അടുത്ത അധ്യായന വര്‍ഷം സര്‍വ്വകലാശാലയില്‍ മഷി പേനകളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കാനാണ് പദ്ധതി. ഇതിനായ് ഈ വര്‍ഷം മുതല്‍ തന്നെ മഷി പേനകള്‍ കുസാറ്റില്‍ അവതരിപ്പിക്കും.

പ്ലാസ്റ്റിക്ക് പേനകള്‍ക്ക് പുറമെ ബാനറുകള്‍, കുപ്പികള്‍ക്കും കുസാറ്റിനു കീഴിനുള്ള എല്ലാ കോളെജുകളിലും നിയന്ത്രണം കൊണ്ടുവരാനും ആലോചനകള്‍ ഉണ്ട്. സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള എല്ലാ കോളെജുകളിലും പരിസ്ഥിതി സൗഹൃദ സന്ദേശമെത്തിക്കും ഇതിനായി വകുപ്പ് മേധാവികളടക്കമുള്ള അധ്യാപകരുടെ യോഗം വിളിച്ചു ചേര്‍ത്തു പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെപ്പറ്റി ബോധവല്‍ക്കരിക്കാനുമാണ് സര്‍വ്വകലാശാല തീരുമാനമെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top