സൈന നെഹ്‌വാളിനെ തകര്‍ത്തത് പി വി സിന്ധു ഇന്ത്യാ ഓപ്പണ്‍ ബാഡ്മിന്റണ്‍ സെമിയില്‍ കടന്നു

പി വി സിന്ധു ( ഫയല്‍ ചിത്രം )

ദില്ലി : ഇന്ത്യാ ഓപ്പണ്‍ ബാഡ്മിന്റണില്‍ സൈന നെഹ്‌വാളിനെ തകര്‍ത്തത് പി വി സിന്ധു സെമിയില്‍. ഇന്ത്യന്‍ വനിതകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു റിയോ ഒളിംപിക് വെള്ളിമെഡല്‍ ജേതാവ് സിന്ധുവിന്റെ വിജയം. സ്‌കോര്‍ 21-16, 22-20.

ആദ്യ ഗെയിമില്‍ സൈനയ്ക്കെതിരെ സിന്ധു മികച്ച കുതിപ്പാണ് നടത്തിയത്. ഒരു ഘട്ടത്തില്‍ 14-9 എന്നതായിരുന്നു സിന്ധുവിന്റെ സ്‌കോര്‍. എന്നാല്‍ തകര്‍പ്പന്‍ സ്മാഷുകളുമായി തിരിച്ചുവരാനൊരുങ്ങിയ സൈനയെ, കളം നിറഞ്ഞുകളിച്ച സിന്ധു ശക്തമായി പ്രതിരോധിച്ചു. ആദ്യ ഗെയിം സിന്ധു 21-16 ന് നേടി.

രണ്ടാമത്തെ ഗെയിമില്‍ മികച്ച കളിയോടെ സൈന തുടക്കത്തിലേ 4-1ന് മുന്നിലെത്തി. 12-7ന്റെ വ്യക്തമായ ലീഡ് നേടി സൈന ഗെയിം ഉറപ്പിച്ചെന്ന് തോന്നിപ്പിച്ചു. എന്നാല്‍ അവസാന ഘട്ടത്തില്‍ സൈന വരുത്തിയ പിഴവുകള്‍ സിന്ധുവിന് തുണയായി. മൂന്ന് പോയിന്റ് തുടര്‍ച്ചയായി നേടിയ സിന്ധു, ശക്തമായ പോരാട്ടത്തിനൊടുവില്‍ മല്‍സരം 20-20 എന്ന നിലയിലെത്തിച്ചു. പിന്നെ തുടര്‍ച്ചയായി രണ്ട് പോയിന്റു നേടിയ സിന്ധു ജയവും സ്വന്തമാക്കി.

രാജ്യാന്തര തലത്തില്‍ രണ്ടാംതവണ മാത്രമാണ് സൈനയും സിന്ധുവും നേര്‍ക്കുനേര്‍വന്നത്. 2014ലെ സയ്യദ് മോഡി ഗ്രാന്‍ഡ് പ്രീ ഫൈനലിലായിരുന്നു ആദ്യം. അന്ന് സിന്ധുവിനെ തോല്‍പ്പിച്ച് സൈന കിരീടം ചൂടി.

സെമിയില്‍ കൊറിയയുടെ സങ്ജിന്‍ ഹ്യുന്‍ ആണ് സിന്ധുവിന്റെ എതിരാളി. കരോളിന മരിനും അകാനെ യമഗുച്ചിയും തമ്മിലാണ് രണ്ടാം സെമി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top