ലൈംഗികാരോപണം: മന്ത്രി എകെ ശശീന്ദ്രന്‍ രാജിവെച്ചേക്കും; സംഭവം ഗൗരവതരമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലൈംഗികാരോപണത്തെ തുടര്‍ന്ന് ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ രാജിവെച്ചേക്കുമെന്ന് സൂചന. രാജി സന്നദ്ധത ശശീന്ദ്രന്‍ മുഖ്യമന്ത്രിയെ അറിയിച്ചതായാണ് വിവരം. മന്ത്രി ഒരു സ്ത്രീയുമായി ലൈംഗികച്ചുവയുള്ള സംഭാഷണം നടത്തിയതിന്റെ ഓഡിയോ ക്ലിപ്പ് അല്‍പം മുന്‍പ് പുറത്തുവന്നിരുന്നു. ഇതാണ് മന്ത്രിയുടെ രാജിയിലേക്ക് നയിച്ചിരിക്കുന്നത്.

ഉച്ചയ്ക്ക് മൂന്ന് മണിക്ക് മന്ത്രി മാധ്യമങ്ങളെ കാണുന്നുണ്ട്. എന്തെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ അത് തന്റെ മാത്രം തെറ്റാണെന്ന് എകെ ശശീന്ദ്രന്‍ പ്രതികരിച്ചു.

മന്ത്രിക്കെതിരായ ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് സംപ്രേക്ഷണം ആരംഭിച്ച ടെലിവിഷന്‍ ചാനലാണ് മന്ത്രിയുടെ അശ്ലീലച്ചുവയുള്ള സംഭാഷണങ്ങളുടെ ഓഡിയോ ക്ലിപ് പുറത്തുവിട്ടത്. തന്റെടുത്ത് സഹായമാവശ്യപ്പെട്ട് എത്തിയ വീട്ടമ്മയായ യുവതിയെ ഫോണില്‍ വിളിച്ച് അശ്ലീല സംഭാഷണം നടത്തിയതായാണ് ഓഡിയോ ക്ലിപ്പിലൂടെ വ്യക്തമാകുന്നത്.

ഇതാദ്യമായാണ് ഇടതുപക്ഷ സര്‍ക്കാരിലെ ഒരു മന്ത്രിക്കെതിരെ ലൈംഗികാരോപണം ഉയരുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top