പി കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ സുപ്രീം കോടതിയില്‍

കോഴിക്കോട്: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ സുപ്രീം കോടതി ഇടപെടല്‍ ആവശ്യപ്പെട്ട് ജിഷ്ണു പ്രണോയിയുടെ അമ്മ സുപ്രീം കോടതിയെ സമീപിക്കുന്നു.

കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണം, ജിഷ്ണു പ്രണോയ് നേരിട്ട ദുരവസ്ഥ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ കോടതി ഇടപെടണം, ക്യാമ്പസിലെ ഇടിമുറികള്‍ തടയാന്‍ ഇടപെടണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മഹിജ സുപ്രീം കോടതിയെ സമീപിക്കുന്നത്.കേരളത്തിലെ സ്വാശ്രയ കോളേജുകള്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളായി മാറിയെന്ന് മഹിജ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. തിങ്കളാഴ്ചയാണ് ജിഷ്ണുവിന്റെ അമ്മ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത്.

രാജ്യത്തിന്റെ നീത്യന്യായ വ്യവസ്ഥയില്‍ തങ്ങള്‍ക്ക് വലിയ വിശ്വാസവും അതിനോട് ബഹുമാനവുമുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം വന്ന ഹൈക്കോടതി വിധി തങ്ങള്‍ക്ക് ഏറെ സങ്കടം നല്‍കുന്ന ഒന്നാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയെ സമീപിക്കുന്നതെന്നും നീതി ലഭിക്കുമെന്നാണ് കരുതുന്നതെന്നും ജിഷ്ണുവിന്റെ അമ്മാവന്‍ റിപ്പോര്‍ട്ടറോട് പ്രതികരിച്ചു.

പ്രതികള്‍ക്ക് എല്ലാ അവകാശവും നല്‍കികൊണ്ട് ഇരകളായ തങ്ങളോട് ഒരനുഭാവവും പ്രകടിപ്പിക്കാത്ത രീതിയിലുള്ള പെരുമാറ്റമാണ് കഴിഞ്ഞ ദിവസങ്ങളില്‍ കോടതിയുടെ ഭാഗത്തു നിന്നും തങ്ങള്‍ക്ക് അനുഭവപ്പെട്ടത്. ഈ പശ്ചാത്തലത്തിലാണ് പ്രതീക്ഷയോടെ തങ്ങള്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നതെന്നും ശ്രീജിത്ത് പറഞ്ഞു.

ലക്കിടി കോളേജ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ ഇന്നലെ ഹൈക്കോടതിയാണ് നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന് ജാമ്യം അനുവദിച്ചത്. ജാമ്യം അനുവദിച്ചതിനു പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥനെതിരെ രൂക്ഷവിമര്‍ശനവും കോടതി ഉന്നയിച്ചു. കൃഷ്ണദാസിന്റെ അറസ്റ്റ് നിയമപരമല്ലായിരുന്നുവെന്നും തിരക്കിട്ടാണ് അന്വേഷണ സംഘം കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തതെന്നുമായിരുന്നു ഹൈക്കോടതി നിരീക്ഷണം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top