‘എന്റെ കാലുകളില്‍ അവരിലൊരാള്‍ വലിച്ചപ്പോള്‍ ബലാത്സംഗം ചെയ്യപ്പെടുമെന്നും കൊല്ലപ്പെടുമെന്നും ഞാന്‍ ഉറപ്പിച്ചു’: അതിക്രമം നടന്ന രാത്രിയേപ്പറ്റി കിം മനസുതുറക്കുന്നു

കിം കാര്‍ദഷിയാന്‍

കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ മാസം പാരിസില്‍ വച്ചുണ്ടായ ദുരനുഭവത്തേക്കുറിച്ച് ഹോളിവുഡ് നടിയും മോഡലുമായ കിം കാര്‍ദഷിയാന്‍ ഒടുവില്‍ മനസുതുറുന്നു. നേരത്തേയും കിം ഇക്കാര്യം സംസാരിച്ചിട്ടുണ്ടെങ്കിലും ഇത്ര വിശദമായി സംസാരിക്കാന്‍ അവര്‍ ആഗ്രഹിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ഇക്കാര്യം വിശദീകരിച്ച് ഇന്‍സ്റ്റഗ്രാമിലും കിം പോസ്റ്റിട്ടിരുന്നു.

‘കീപ്പിങ് അപ് വിത്ത് ദി കര്‍ദാഷ്യന്‍സ്’ എന്ന ടി.വി. പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് കിം കാര്യങ്ങള്‍ വിശദമാക്കിയത്. സ്‌നാപ് ചാറ്റില്‍ ചാറ്റ് ചെയ്ത സമയത്ത് താന്‍ മാത്രമാണ് മുറിയില്‍ ഉള്ളതെന്നും ബാക്കിയുള്ളവര്‍ പുറത്തേക്ക് പോകുകയാണെന്നും കിം പറഞ്ഞിരുന്നു. അക്രമികള്‍ക്ക് ആദ്യ അബദ്ധം പിണയുന്നത് അതാവാം. ബോഡിഗാര്‍ഡ് സഹോദരിയുടെ കൂടെ പുറത്തുപോയെന്നും അവര്‍ മനസിലാക്കിയിരുന്നുവെന്നും കിം കാര്‍ദഷിയാന്‍ പറയുന്നു.

“ബെഡ്ഡില്‍ കിടന്നിരുന്ന എന്റെ കാലുകളില്‍ പിടിച്ച് അവരിലൊരാള്‍ വലിച്ചപ്പോള്‍ ഞാന്‍ കൂടുതല്‍ പേടിച്ചു. ബലാത്സംഗം ചെയ്യപ്പെടുമെന്നും കൊല്ലപ്പെടുമെന്നും ഞാന്‍ ഉറപ്പിച്ചു. വരാനിരിക്കുന്നതിനെ നേരിടാന്‍ ഞാന്‍ മാനസികമായി തയ്യാറാകാന്‍ ശ്രമിച്ചു. അയാളെന്റെ കാലുകള്‍ ടേപ്പ് ഉപയോഗിച്ച് ബന്ധിച്ചശേഷം തലയ്ക്കുനേരെ തോക്കുചൂണ്ടി. ഞാന്‍ മരിക്കാന്‍ പോകുന്നുവെന്ന് ഉറപ്പിച്ച നിമിഷങ്ങളായിരുന്നു അവ” കിം പറഞ്ഞു.

“അവര്‍ എന്നെ വലിച്ചിഴച്ച് എലിവേറ്ററിന് സമീപം കൊണ്ടുവന്നു. അപ്പോഴാണ് ഞാന്‍ തോക്ക് വ്യക്തമായി കണ്ടത്. എന്നെ അവര്‍ ഉടനെ കൊല്ലുമെന്ന് ഞാന്‍ കരുതി. കുതറിയോടിയാലും ഞാന്‍ രക്ഷപ്പെടില്ല എന്നെനിക്കറിയാമായിരുന്നു. പക്ഷേ അപ്പോഴേക്കും എന്റെ ആഭരണങ്ങള്‍ അവര്‍ക്ക് കിട്ടിയിരുന്നു. അതാവാം അവര്‍ എന്നെ കുളിമുറിയില്‍ തള്ളിയിട്ട് ആഭരണങ്ങളുമായി രക്ഷപ്പെട്ടത്” കിം മനസുതുറന്നു.

യഥാര്‍ത്ഥ പോലീസുകാര്‍ വരുമ്പോള്‍ താന്‍ ബാല്‍ക്കണിയിലെ ചെടികള്‍ക്കിടയില്‍ ഒളിച്ചിരിക്കുകയായിരുന്നു. അവരെ താന്‍ വിശ്വസിക്കുന്നതെങ്ങനെ? കാരണം അക്രമികളും വന്നത് ഇതേ വേഷത്തിലായിരുന്നുവെന്നും കിം വിശദീകരിക്കുമ്പോള്‍ സംഭവം ഇന്നലെ കഴിഞ്ഞപോലെ അവര്‍ ഓര്‍മിക്കുന്നുവെന്ന് വ്യക്തം.

നേരം വെളുക്കുന്നതിനുമുമ്പേ പാരീസില്‍നിന്ന് ‘രക്ഷപ്പെട്ടെന്ന്’ കിം പറയുന്നു. അറുപത്തിയഞ്ച് കോടി രൂപയിലേറെ വില വരുന്ന ആഭരണങ്ങളാണ് അന്ന് കിം കാര്‍ദഷിയാന് നഷ്ടപ്പെട്ടത്. പാരീസിലേക്ക് വരുമ്പോഴേ എന്തോ അപകടം വരാന്‍ പോകുന്നതായി മനസുപറഞ്ഞു. മാത്രമല്ല, തങ്ങളെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോകുന്നതിനേക്കുറിച്ച് സംസാരം വരെയുണ്ടായി എന്നാണ് അത്ഭുതത്തോടെ കിം പറയുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top