വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവം; നെഹ്‌റു കോളെജ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ വിയ്യൂര്‍ സബ് ജയിലിലേക്ക് മാറ്റി

തൃശൂര്‍: പാലക്കാട് ലക്കിടി ജവഹര്‍ ലോ കോളെജ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ റിമാന്‍ഡിലായ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ വിയ്യൂര്‍ സബ് ജയിലിലേക്ക് മാറ്റി. പി കൃഷ്ണദാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയും ഇന്ന് പരിഗണിക്കും

കൃഷ്ണദാസിനൊപ്പം ലീഗല്‍ അഡ്‌വൈസര്‍ സുചിത്ര, പിആര്‍ഒ വത്സലകുമാരന്‍, അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ സുകുമാരന്‍, കായിക അധ്യാപകന്‍ ഗോവിന്ദന്‍കുട്ടി, എന്നിവരെയും റിമാന്‍ഡ് ചെയ്തിരുന്നു. ഇവരുടെ ജാമ്യാപേക്ഷ വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. തട്ടിക്കൊണ്ടുപോകല്‍, ഭീഷണിമുഴക്കല്‍ എന്നിവയടക്കം ജാമ്യം ലഭിക്കാത്ത വകുപ്പുകളും ഇവര്‍ക്കെതിരെ ചുമത്തിയിരുന്നു.

ഇന്നലെ ഉച്ചയോടെയാണ് കൃഷ്ണദാസിനെ തൃശൂര്‍ റൂറല്‍ എസ് പിയുട നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ജിഷ്ണു പ്രണോയ് മരിക്കുന്നതിന് നാല് ദിവസം മുന്‍പാണ് ഒറ്റപ്പാലം ലക്കിടി ജവഹര്‍ലാല്‍ കോളെജിലെ രണ്ടാംവര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥിയായ സഹീര്‍ ഷൗക്കത്തലിയെ കൃഷ്ണദാസ് ക്രൂരമായി മര്‍ദ്ദിച്ചത്. കോളെജിലെ അനധികൃത പണപ്പിരിവുകളെ കുറിച്ച് മുഖ്യമന്ത്രിക്കും, കേന്ദ്ര ആദായ നികുതി വകുപ്പിനും പരാതിപ്പെട്ടതാണ് സഹീറിന് മര്‍ദ്ദനമേല്‍ക്കാന്‍ കാരണമായത്. ജ

ജനുവരി 3ന് ജവഹര്‍ലാല്‍ കോളേജില്‍ നിന്നും പ്രത്യേക വാഹനത്തില്‍ പാമ്പാടി നെഹ്‌റു കോളെജില്‍ കൊണ്ടുപോയി ചെയര്‍മാന്റെ മുറിയില്‍ വെച്ച് മര്‍ദ്ദിക്കുകയായിരുന്നു. പരാതി പിന്‍വലിക്കുന്നതായി നിര്‍ബന്ധിച്ച് എഴുതിവാങ്ങി. റാഗിങ്ങില്‍ ക്ഷമ ചോദിക്കുന്നു എന്നു കൂടി എഴുതി നല്‍കണമെന്ന ആവശ്യം സഹീര്‍ നിരാകരിച്ചതോടെയാണ് മര്‍ദ്ദനം ആരംഭിച്ചത്. ലീഗല്‍ അഡ്വൈസര്‍ സുചിത്ര സംഭവത്തിന് ദൃക്‌സാക്ഷിയാണ്. വിവരം അന്വേഷിക്കാനെത്തിയ രക്ഷിതാവിനെ കൃഷ്ണദാസ് ഭീഷണിപ്പെടുത്തിയതായും ആരോപണം ഉണ്ടായിരുന്നു. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നേരത്തേ കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top