special page

പാകിസ്താനില്‍ പോയ പുരോഹിതര്‍ രാജ്യത്തിനെതിരായി പ്രവര്‍ത്തനം നടത്തിയെന്ന ആരോപണവുമായി സുബ്രഹ്മണ്യന്‍ സ്വാമി

സുബ്രഹ്മണ്യന്‍ സ്വാമി

ദില്ലി: പാകിസ്താനില്‍ നിന്ന് മടങ്ങിയെത്തിയ സൂഫി പുരോഹിതര്‍ രാജ്യത്തിനെതിരായി പ്രവര്‍ത്തിച്ചുവെന്ന ആരോപണവുമായി ബിജെപി മുതിര്‍ന്ന നേതാവും എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്. രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ സഹാനുഭൂതി ലഭിക്കുന്നതിനായും സ്വയം പ്രതിരോധത്തിനായും പുരോഹിതര്‍ കള്ളം പറയുകയാണെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി ആരോപിക്കുന്നത്.

റോ ഏജന്റായി പുരോഹിതരെ ചിത്രീകരിച്ചു എന്ന് പറയുന്നത് വിശ്വസനീയമല്ലെന്നും തനിക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുരോഹിതര്‍ രാജ്യത്തിനെതിരായി പ്രവര്‍ത്തിച്ചെന്ന വിവരം പങ്ക് വെയ്ക്കുന്നതെന്നും സുബ്രഹ്മണ്യന്‍ സ്വാമി എഎന്‍ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജ് മുന്‍കൈയെടുത്താണ് പുരോഹിതരെ ഇന്ത്യയിലേക്ക് മടക്കികൊണ്ടുവന്നത്. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിനും, സുഷമ സ്വരാജിനും പുരോഹിതര്‍ നന്ദി അറിയിക്കുകയും ചെയ്തു. ദില്ലി ഹസ്‌റാത് നിസാമുദ്ദീന്‍ ദര്‍ഗയിലെ പുരോഹിതന്മാരായ സൈദ് ആസിഫ് നിസാമി, നിസാം അലി നിസാമി എന്നിവരാണ് പാകിസ്താനില്‍ നിന്ന് തിരിച്ചെത്തിയത്.

ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘടനയായ റോയുമായി ബന്ധമുണ്ടെന്ന് പ്രാദേശിക ഉറുദു പത്രത്തില്‍ വന്ന വാര്‍ത്തയെ തുടര്‍ന്നാണ് ഇരുവരേയും തട്ടിക്കൊണ്ടു പോയതെന്ന് സൈദ് ആസിഫ് നിസാമിയുടെ മകന്‍ അമിര്‍ നിസാം ആരോപിച്ചിരുന്നു.

പാകിസ്താന്‍ സന്ദര്‍ശിക്കാന്‍ പോയ ഇരുവരെയും മാര്‍ച്ച് 15ന് ലാഹോറില്‍ വച്ചാണ് കാണാതാകുന്നത്. സിന്ധ് പ്രവശ്യയിലെ ഒരു വിദൂര ഗ്രാമത്തില്‍ നിന്നാണ് ഇരുവരെയും പാകിസ്താന്‍ സര്‍ക്കാര്‍ കണ്ടെത്തുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top