“ടേക്ക് ഓഫ് ഭീകരതയ്‌ക്കെതിരെ മനുഷ്യസ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാകട്ടെ”; വിജയാശംസകളുമായി ഉമ്മന്‍ചാണ്ടി


യുദ്ധഭൂമിയായ ഇറാഖിലെ തിക്രിതില്‍ നിന്നും മലയാളി നഴ്‌സുമാരെ രക്ഷിച്ച് തിരിച്ചെത്തിച്ച സംഭവം മലയാളികള്‍ മറക്കാനിടയില്ല. ഈ സംഭവം ആസ്പദമാക്കി അണിയിച്ചൊരുക്കുന്ന ചിത്രമാണ് ടേക്ക് ഓഫ്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന കാലത്താണ് നഴ്‌സുമാരെ അതിസാഹസികമായി നാട്ടില്‍ തിരിച്ചെത്തിച്ചത്. ചിത്രം റിലീസിന് തയ്യാറെടുത്ത് നില്‍ക്കെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ മുള്‍മുനയില്‍ നിര്‍ത്തിയ ആ സംഭവം അനുസ്മരിച്ച് ഉമ്മന്‍ ചാണ്ടി രംഗത്തെത്തി. ഫെയ്‌സ്ബുക്കില്‍ ചിത്രത്തിന്റെ ട്രെയിലര്‍ പങ്കുവെച്ചുകൊണ്ടാണ് ഉമ്മന്‍ ചാണ്ടി ഓര്‍മകളുടെ വാതില്‍ തുറന്നത്.

യുഡിഎഫ് സര്‍ക്കാര്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നായിരുന്നു നഴ്‌സുമാരെ ഇറാഖില്‍ നിന്ന് നാട്ടിലെത്തിക്കുക എന്നതെന്ന് ഉമ്മന്‍ ചാണ്ടി പറയുന്നു. ഭീകരുടെ മുന്നില്‍ പകച്ചു നിന്ന ഇറാഖ് ഗവണ്‍മെന്റില്‍നിന്നും കാര്യമായ സഹായം ലഭിക്കുമെന്ന പ്രതീക്ഷ അന്നു ആര്‍ക്കും ഇല്ലായിരുന്നു. ഈ ദൗത്യം വിജയിച്ചത് ദൈവാനുഗ്രഹം ഒന്നുകൊണ്ടു മാത്രം. ഉമ്മന്‍ ചാണ്ടി പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

“ഇറാഖിലെ ഭീകരാക്രമണങ്ങളുടെ മദ്ധ്യത്തില്‍ നിന്നും മലയാളി നേഴ്‌സുമാരെ സുരക്ഷിതമായി നാട്ടില്‍ എത്തിക്കുക എന്നത് കഴിഞ്ഞ യുഡിഎഫ് ഗവണ്‍മെന്റിന്റെ ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നായിരുന്നു. ഭീകരുടെ മുന്നില്‍ പകച്ചു നിന്ന ഇറാഖ് ഗവണ്‍മെന്റില്‍നിന്നും കാര്യമായ സഹായം ലഭിക്കുമെന്ന പ്രതീക്ഷ അന്നു ആര്‍ക്കും ഇല്ലായിരുന്നു. അവിടത്തെ ഗവണ്‍മെന്റിനെ മുട്ടുകുത്തിക്കുവാന്‍ എന്തും ചെയ്യുവാന്‍ മടിക്കാത്ത ഭീകരില്‍ നിന്നും മലയാളി നേഴ്‌സുമാരെ ഒരു പോറല്‍ പോലും ഏല്‍ക്കാതെ നാട്ടില്‍ എത്തിച്ചപ്പോള്‍ മാത്രമാണ് എല്ലാവര്‍ക്കും ആശ്വാസമായത്. അതിനു തൊട്ടുമുന്‍പ് ഭീകരര്‍ തട്ടി കൊണ്ടു പോയ പഞ്ചാബിലെ 32 തൊഴിലാളികളെക്കുറിച്ച് ഇന്നും യാതൊരു വിവരവും ഇല്ല. ഈ ദൗത്യം വിജയിച്ചത് ദൈവാനുഗ്രഹം ഒന്നുകൊണ്ടു മാത്രം. കേന്ദ്ര വിദേശകാര്യമന്ത്രി ശ്രീമതി സുഷമ സ്വരാജിന്റെയും വിദേശ മന്ത്രാലയത്തിന്റെയും പൂര്‍ണ്ണ പിന്തുണ ലഭിച്ചതു നന്ദിപൂര്‍വ്വം സ്മരിക്കുന്നു.
കേന്ദ്ര ഗവമെന്റ് പ്രത്യേകം ക്രമീകരിച്ച സ്‌പെഷ്യല്‍ ഫ്‌ളൈറ്റ് 34 മലയാളി നേഴ്‌സുമാരെയും കൊണ്ട് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്തപ്പോഴാണ് ഏതാനും ദിവസങ്ങള്‍ മുള്‍മുനയില്‍ നി മലയാളികള്‍ക്കു സമാധാനമായത്.

ഈ സംഭവം ചിത്രീകരിക്കുന്ന ‘ടേക്ക് ഓഫ്’ സിനിമ, ഭീകരതയ്‌ക്കെതിരേ മനുഷ്യ സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാകുമെന്നു പ്രതീക്ഷിക്കുന്നു . ‘ടേക്ക് ഓഫി’ന് എല്ലാ വിജയാശംസകളും നേരുന്നു.”

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top