എംവി നികേഷ് കുമാര്‍ അവതാരകനാവുന്ന ജനകീയ ടെലിവിഷന്‍ ഷോയുമായി റിപ്പോര്‍ട്ടര്‍ ടിവി; ‘എന്റെ ചോര തിളയ്ക്കുന്നു’ ഇന്ന് മുതല്‍

ടെലിവിഷന്‍ ചര്‍ച്ചകളില്‍ നിന്ന് വിഭിന്നമായി പുതിയ ജനകീയ ടെലിവിഷന്‍ ഷോയുമായി റിപ്പോര്‍ട്ടര്‍ ടിവി വരുന്നു. ‘എന്റെ ചോര തിളയ്ക്കുന്നു’എന്ന പേരിലാണ് ഷോ വരുന്നത്. സ്റ്റുഡിയോ റൂമുകളില്‍ നിന്ന് അവതാരകന്‍ ചോദ്യം ചോദിക്കുന്നതിന് പകരം ജന നായകരോട് ചോദിക്കാനുള്ള അധികാരം ജനങ്ങള്‍ക്ക് നേരിട്ട് നല്‍കുന്നു എന്നതാണ് ഈ ഷോയുടെ പ്രത്യേകത. ടെലിവിഷന്‍ ചര്‍ച്ചകള്‍ മലയാളികള്‍ക്ക് സുപരിചതമാക്കിയ എംവി നികേഷ്‌കുമാറാണ് പരിപാടിയുടെ അവതാരകന്‍.

‘എന്റെ ചോര തിളയ്ക്കുന്നു’ എന്ന പരിപാടി ഇന്ന് കൊല്ലത്ത് നിന്നും തുടക്കം കുറിക്കുന്നു. ദിനം പ്രതി സമൂഹത്തില്‍ ഉണ്ടാകുന്ന സാമൂഹിക പ്രതിബദ്ധതയുള്ള സംഭവങ്ങളായിരിക്കും ചര്‍ച്ച ചെയ്യപെടുക. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് എം വി നികേഷ്‌കുമാര്‍ തന്റേതായ ശൈലിയില്‍ വീണ്ടു രംഗത്ത് എത്തുന്നത്.

കുരുക്ഷേത്രം പോലെ ചാനല്‍ സ്റ്റുഡിയോകള്‍ക്ക് പുറത്തുള്ള ചര്‍ച്ചാ പരിപാടികള്‍ക്ക് മുന്‍പ് നേതൃത്വം നല്‍കിയ ആളാണ് നികേഷ് കുമാര്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട് നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കുന്നതിനാണ്, അദ്ദേഹം വാര്‍ത്താ അവതരണത്തില്‍ നിന്ന് പിന്‍വാങ്ങിയത്.

നിക്ഷ്പക്ഷ മാധ്യമപ്രവര്‍ത്തനത്തിലൂടെ ദൃശ്യമാധ്യമരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് എംവി നികേഷ് കുമാര്‍.സ്വയം വളരുകയും സ്വന്തം വഴി വെട്ടിത്തെളിക്കുകയും ചെയ്ത് മലയാളികളുടെ വാര്‍ത്താശീലങ്ങളില്‍ കേട്ടുകേള്‍വിയില്ലാത്ത വാര്‍ത്താ ചാനല്‍സംസ്‌കാരം നിശ്ചയിക്കുകയും നടപ്പാക്കുകയും ചെയ്യുന്നതില്‍ നായക സ്ഥാനത്തായിരുന്നു അദ്ദേഹം. 20ആം വയസ്സില്‍  വയസ്സില്‍ ഏഷ്യാനെറ്റിന്റെ വാര്‍ത്താസംഘത്തോടൊപ്പം ആരംഭിച്ച മാധ്യമപ്രവര്‍ത്തനമാണ് മലയാളത്തിന്റെ ദൃശ്യമാധ്യമങ്ങളുടെ ഭാവുകത്വം നിര്‍ണയിച്ച സുപ്രധാന ചുവടുവെപ്പിലേക്ക് മാറുന്നത്. ഏഷ്യാനെറ്റില്‍ ദില്ലി ബ്യൂറോ ചീഫായിരിക്കെ ദേശീയ അന്തര്‍ദ്ദേശീയമായ നിരവധി വാര്‍ത്തകള്‍ക്കൊപ്പം സഞ്ചരിച്ചു.

2003 ല്‍ 30ആം വയസ്സില്‍ കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ വാര്‍ത്താ ചാനലായ ഇന്ത്യാവിഷന് തുടക്കമിട്ടു. ഒരുവാര്‍ത്താ ചാനലിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററാകുന്ന ഏറ്റവും പ്രായം കുറഞ്ഞ മാധ്യമപ്രവര്‍ത്തകനായി, ഇന്ത്യാവിഷനിലൂടെ മറ്റൊരു ചരിത്രവും നികേഷ്‌കുമാര്‍ സൃഷ്ടിച്ചു. പിന്നീട് ഇന്ത്യാവിഷന്റെ സിഇഒ കൂടിയായി. 2010 വരെ നികേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ ഇന്ത്യാവിഷനിലൂടെ കേരളത്തിന്റെ ഗതിനിര്‍ണയിച്ച വാര്‍ത്തകളും തുടര്‍സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 2011ല്‍ 37ആം വയസ്സില്‍ റിപ്പോര്‍ട്ടര്‍ ചാനലിനും തുടക്കമിട്ടു.

രാഷ്ട്രീയമോ, ജാതിമതപരമോ മറ്റേതെങ്കിലും വിധത്തിലുള്ളതോ ആയ പക്ഷപാതിത്വത്തിന്റെ ലാഞ്ചന പോലുമില്ലാതെ ജനപക്ഷ മാധ്യമപ്രവര്‍ത്തനം എന്താണ് എന്ന് ഇന്ത്യാവിഷനും റിപ്പോര്‍ട്ടറും തെളിയിച്ചു. സ്വന്തം അച്ഛനായ എംവി രാഘവനെ പോലും മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ ഇന്ത്യാവിഷനിലൂടെ നികേഷ് നിര്‍ത്തിപ്പൊരിക്കുന്നത് ചാനല്‍പ്രേക്ഷകര്‍ ആവേശത്തോടെ കണ്ടുനിന്നു. ഈ വഴിയിലൂടെ നികേഷ്‌കുമാറിന്റെ മാധ്യമശിക്ഷണത്തിലൂടെ മലയാളത്തില്‍ തുടര്‍ന്നുവന്ന വാര്‍ത്താ ചാനല്‍സംസ്‌കാരം തന്നെ നിര്‍ണയിക്കപ്പെട്ടു. ആ നികേഷ് കുമാറാണ് ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top