കുണ്ടറ പീഡനകേസില്‍ പ്രതിയെ റിമാന്റ് ചെയ്തു; പെണ്‍കുട്ടി ഒരുവര്‍ഷത്തോളം പീഡനത്തിന് ഇരയായെന്ന് പൊലീസ്

കുണ്ടറ: ലൈംഗിക പീഡനത്തിന് ഇരയായ ശേഷം പത്തുവയസുകാരി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതിയെ കോടതി റിമാന്റ് ചെയ്തു. 14 ദിവസത്തേക്കാണ് കൊല്ലം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പ്രതി വിക്ടറിനെ റിമാന്റ് ചെയ്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ മുത്തച്ഛനാണ് വിക്ടര്‍.

കഴിഞ്ഞ ദിവസമാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ വിക്ടറിനെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇയാള്‍ക്കെതിരെ പൊലീസ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയിട്ടുണ്ട്. പ്രതി കുറ്റം സമ്മതിച്ചതായും അതിനാല്‍ നുണപരിശോധനയുടെ ആവശ്യം ഇല്ലെന്നും പൊലീസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 2016 മുതല്‍ നിരവധി തവണ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം തന്റെ മകളെ പ്രതി കൊന്നതാണെന്നും സത്യാവസ്ഥ പുറത്തുവരാന്‍ ഇയാളെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും പിതാവ് ജോസ് പൊലീസിനോട് ആവശ്യപ്പെട്ടു.

നാലുദിവസത്തോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് മുത്തച്ഛനായ വിക്ടറാണ് പ്രതിയെന്ന് ഉറപ്പിക്കാന്‍ പൊലീസിന് സാധിച്ചത്. തുടക്കത്തില്‍ കുട്ടിയുടെ അമ്മയും മുത്തശ്ശിയും ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ ചോദ്യംചെയ്യലിനോടോ അന്വേഷണത്തോടോ സഹകരിച്ചിരുന്നില്ല. എന്നാല്‍ കൗണ്‍സിലിംഗിന് ശേഷം അമ്മയും പെണ്‍കുട്ടിയുടെ മൂത്തസഹോദരിയും സത്യം വെളിപ്പെടുത്തുകയായിരുന്നു. മുത്തച്ഛന്റെ പീഡനത്തെകുറിച്ച് മരിച്ച കുട്ടിയും അമ്മയും തന്നോട് പറഞ്ഞിരുന്നുവെന്ന മുത്തശ്ശിയുടെ മൊഴി കേസില്‍ നിര്‍ണായകമായി. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റംസമ്മതിച്ചത്.

പെണ്‍കുട്ടി നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ജനുവരി 15 നാണ് വീട്ടിലെ ജനല്‍ക്കമ്പിയില്‍ പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാലുകള്‍ തറയില്‍ മുട്ടിനില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തിയ അത്മഹത്യാ കുറിപ്പില്‍ കുടുംബപ്രശ്‌നമാണ് ആത്മഹത്യയ്ക്കാ കാരണമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇത് പെണ്‍കുട്ടിയെക്കൊണ്ട് ആരെങ്കിലും നിര്‍ബന്ധിച്ച് എഴുതിച്ചതാണോ എന്നത് പൊലീസ് അന്വേഷിക്കുന്നുണ്ട്. കത്തിലെ കൈപ്പട പെണ്‍കുട്ടിയുടേത് തന്നെയാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top