ഇളയരാജയ്ക്ക് ആര്‍ത്തിയും അഹങ്കാരവും: എസ്പിബിക്കും ചിത്രയ്ക്കും വക്കീല്‍നോട്ടീസയച്ച ഇളയരാജയെ രൂക്ഷമായി വിമര്‍ശിച്ച് ഗംഗൈ അമരന്‍

ഇളയരാജ, ഗംഗൈ അമരന്‍

പകര്‍പ്പവകാശ പ്രശ്‌നം ചൂണ്ടിക്കാട്ടി ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിനും അദ്ദേഹത്തിന്റെ മകന്‍ ചരണിനും ഗായിക കെഎസ് ചിത്രയ്ക്കും വക്കീല്‍ നോട്ടീസയച്ച ഇളയ രാജയുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് അദ്ദേഹത്തിന്റെ സഹോദരനും സംഗീത സംവിധായകനും ഗാനരചയിതാവുമായ ഗംഗൈ അമരന്‍ രംഗത്തെത്തി. ഒരു ചാനലിനോടാണ് അദ്ദേഹം ഇളയരാജയുടെ ഈ നടപടിയെക്കുറിച്ച് മനസുതുറന്നത്.

“ഇളയരാജയുടെ പണത്തോടുള്ള ആര്‍ത്തിയും അഹങ്കാരവുമാണ് ഇങ്ങനെയൊന്നുണ്ടാവാന്‍ കാരണം. എം.എസ്. വിശ്വനാഥന്റെ ഈണങ്ങളും ത്യാഗരാജ കീര്‍ത്തനങ്ങളും കോപ്പിയടിച്ചിട്ടുണ്ട്. ഇതിനദ്ദേഹം റോയല്‍റ്റി നല്‍കിയിട്ടുണ്ടോ?” ഗംഗൈ അമരന്‍ ചോദിച്ചു. വളരെ ബാലിശമാണ് ഇളയരാജയുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

“പകര്‍പ്പവകാശം കൊണ്ട് എന്താണര്‍ത്ഥമാക്കുന്നത്? സംഗീത സംവിധായകന്‍ സംഗീതം മാത്രമാണ് നല്‍കുന്നത്. പാട്ട് എഴുതുന്ന ആളുടേതാണ് വരികള്‍. പാട്ടുകാര്‍ അത് ആലപിക്കുന്നു. പകര്‍പ്പവകാശം ഇവര്‍ക്കെല്ലാവര്‍ക്കും കൂടിയാണ് ലഭിക്കേണ്ടത്. അല്ലെങ്കിലും ജോലി ചെയ്തതിന്റെ പ്രതിഫലം ലഭിച്ചുകഴിഞ്ഞതാണല്ലോ” ഗംഗൈ അമരന്‍ പറഞ്ഞു.

ആര്‍.കെ. നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഗംഗൈ അമരന്‍ രാഷ്ട്രീയ താല്‍പ്പര്യത്തിനു വേണ്ടിയാണ് ഇത്തരം അഭിപ്രായങ്ങള്‍ പറയുന്നതെന്നാണ് ഇളയരാജയുടെ ആരാധകര്‍ ആരോപിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇളയരാജയുടെ വക്കീല്‍നോട്ടീസ് എസ്പിബിക്കും ചരണും ചിത്രയ്ക്കും ലഭിച്ചകാര്യം എസ്പിബി ഫെയ്‌സ്ബുക്ക് വഴി പുറത്തറിയിച്ചിരിക്കുന്നത്. ഇതോടെ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ വിമര്‍ശനമാണ് ഇളയരാജയ്‌ക്കെതിരെ ഉയരുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top