ഇന്ത്യന്‍ വെല്‍സ് ഓപ്പണ്‍ ടെന്നീസ് കിരീടം റോജര്‍ ഫെഡറര്‍ക്ക്

ഫെഡറര്‍ കിരീടവുമായി

കാലിഫോര്‍ണിയ: സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ ഇന്ത്യന്‍ വെല്‍സ് ഓപ്പണ്‍ ടെന്നീസ് കിരീടം ചൂടി. ഫൈനലില്‍ സ്വന്തം നാട്ടുകാരനായ സ്റ്റാന്‍സ്ലാസ് വാവ്റിങ്കയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ലോക പത്താംനമ്പറായ റോജര്‍ കിരീടത്തില്‍ മുത്തമിട്ടത്. സ്‌കോര്‍ 6-4, 7-5. അഞ്ചാം ഇന്ത്യന്‍ വെല്‍സ് കിരീടമാണ് ഫെഡറര്‍ സ്വന്തമാക്കിയിരിക്കുന്നത്.

പ്രായം തന്റെ കേളീമികവിനെ ബാധിച്ചിട്ടില്ലെന്ന് വീണ്ടും തെളിയിക്കുന്നതായിരുന്നു ഫെഡററുടെ പ്രകടനം. ഒപ്പത്തിനൊപ്പമുള്ള മുന്നേറ്റമായിരുന്നു ആദ്യ സെറ്റില്‍. എന്നാല്‍ പത്താം ഗെയിമില്‍ വാവ്‌റിങ്കയെ ബ്രേക്ക് ചെയ്ത് റോജര്‍ ആദ്യ സെറ്റ് (6-4) സ്വന്തമാക്കി. രണ്ടാം സെറ്റില്‍ ആദ്യ ഗെയിമില്‍ ഫെഡററെ ബ്രേക്ക് ചെയ്ത വാവ്റിങ്ക 2-0 മുന്നിലെത്തി. എന്നാല്‍ തിരിച്ചടിച്ച ഫെഡറര്‍ തുടര്‍ച്ചയായി മൂന്ന് ഗെയിമുകള്‍ നേടി മേധാവിത്വം ഉറപ്പിച്ചു. ഒടുവില്‍ 7-5 ന് രണ്ടാം സെറ്റും കിരീടവും റോജര്‍ കൈപ്പിടിയിലാക്കി.

കാലിഫോര്‍ണിയയില്‍ കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന ബഹുമതി ഇതോടെ 35 കാരനായ ഫെഡറര്‍ കരസ്ഥമാക്കി. ഇതിഹാസ താരം ജിമ്മി കോര്‍ണറെയാണ് ഫെഡറര്‍ ഇക്കാര്യത്തില്‍ മറികടന്നത്. 1984 ല്‍ കിരീടം നേടുമ്പോള്‍ 31 വയസായിരുന്നു കോര്‍ണര്‍ക്ക്.

ഫെഡററും വാവ്‌റിങ്കയും തമ്മിലുള്ള ഇരുപത്തിമൂന്നാം പോരാട്ടമായിരുന്നു ഇന്ത്യന്‍ വെല്‍സ് ഫൈനലിലേത്. ഇതില്‍ 20 തവണയും വിജയം ഫെഡറര്‍ക്കൊപ്പം നിന്നു.

മത്സരത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ കാണാം

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top