ലക്കിടി കോളെജില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവം; നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ് അറസ്റ്റില്‍

തൃശൂര്‍: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ലക്കിടിയില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചുവെന്ന കേസിലാണ് നടപടി. തൃശൂര്‍ റൂറല്‍ എസ്പിയുടെ നേതൃത്വത്തിലാണ് കൃഷ്ണദാസിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇദ്ദേഹത്തിന്റെ നിയമോപദേഷ്ടാവ് സുചിത്രയേയും കസ്റ്റഡിയിലേടുത്തിട്ടുണ്ട്.

ജിഷ്ണു പ്രണോയ് മരിക്കുന്നതിന് നാല് ദിവസം മുന്‍പാണ് ഒറ്റപ്പാലം ലക്കിടി ജവഹര്‍ലാല്‍ കോളെജിലെ രണ്ടാംവര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥിയായ സഹീര്‍ ഷൗക്കത്തലിയെ കൃഷ്ണദാസ് ക്രൂരമായി മര്‍ദ്ദിച്ചത്. കോളെജിലെ അനധികൃത പണപ്പിരിവുകളെ കുറിച്ച് മുഖ്യമന്ത്രിക്കും, കേന്ദ്ര ആദായ നികുതി വകുപ്പിനും പരാതിപ്പെട്ടതാണ് സഹീറിന് മര്‍ദ്ദനമേല്‍ക്കാന്‍ കാരണമായത്. ജനുവരി 3ന് ജവഹര്‍ലാല്‍ കോളേജില്‍ നിന്നും പ്രത്യേക വാഹനത്തില്‍ പാമ്പാടി നെഹ്‌റു കോളെജില്‍ കൊണ്ടുപോയി ചെയര്‍മാന്റെ മുറിയില്‍ വെച്ച് മര്‍ദ്ദിക്കുകയായിരുന്നു. പരാതി പിന്‍വലിക്കുന്നതായി നിര്‍ബന്ധിച്ച് എഴുതിവാങ്ങി. റാഗിങ്ങില്‍ ക്ഷമ ചോദിക്കുന്നു എന്നു കൂടി എഴുതി നല്‍കണമെന്ന ആവശ്യം സഹീര്‍ നിരാകരിച്ചതോടെയാണ് മര്‍ദ്ദനം ആരംഭിച്ചത്. ലീഗല്‍ അഡ്വൈസര്‍ സുചിത്ര സംഭവത്തിന് ദൃക്സാക്ഷിയാണ്.  വിവരം അന്വേഷിക്കാനെത്തിയ രക്ഷിതാവിനെ കൃഷ്ണദാസ് ഭീഷണിപ്പെടുത്തിയതായും ആരോപണം ഉണ്ടായിരുന്നു. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നേരത്തേ കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു.

അതേസമയം,ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് മാതാപിതാക്കള്‍ അനിശ്ചിതകാലത്തിന് ഒരുങ്ങുകയാണ്. ഈ മാസം 27 മുതല്‍ ഡിജിപി ഓഫിസിന് മുന്‍പില്‍ നിരാഹാര സമരം ആരംഭിക്കും. മാതാപിതാക്കള്‍ക്ക് പുറമേ കുടുംബാംഗങ്ങളും സമരത്തില്‍ പങ്ക് ചേരും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top