തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് കുഞ്ഞാപ്പ; മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞാലിക്കുട്ടി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.രാവിലെ പാണക്കാട്ടെത്തി തങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കുഞ്ഞാലിക്കുട്ടി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത്.അണികള്‍ക്ക് ഒപ്പം രാവിലെ 11മണി കുഞ്ഞാലിക്കുട്ടി കളക്ടറേറ്റിലെത്തി. ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ അമിതി മീണയ്ക്കു മുന്‍പാകെയാണ് പികെ കുഞ്ഞാലിക്കുട്ടി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. ലീഗ് നേതാക്കളായ സാദിഖലി ശിഹാബ് തങ്ങള്‍, ഇ.ടി മുഹമ്മദ് ബഷിര്‍, ആര്യാടന്‍ മുഹമ്മദ് എന്നിവര്‍ക്കൊപ്പമാണ് കുഞ്ഞാലിക്കുട്ടി പത്രിക സമര്‍പ്പിക്കാനെത്തിയത്.

തെരഞ്ഞെടുപ്പ് മല്‍സരത്തില്‍ സൗഹൃദമില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിട്ടുണ്ട്. മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ കോലീ-ബി സഖ്യമാണെന്ന കോടിയേരിയുടെ ആരോപണം അടിസ്ഥാനരഹിതമാണ്. തെരഞ്ഞെടുപ്പ് സമയത്ത് ഉയര്‍ത്തുന്ന ഇത്തരം ആരോപണങ്ങളെ കാര്യമാക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.ഒരു സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്.തികഞ്ഞ ആത്മവിശ്വസത്തിലാണ് ഐക്യജനാധിപത്യ മുന്നണി തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് പി.കെ കുഞ്ഞാലികുട്ടി പ്രതികരിച്ചു.

ഇന്ന് ഉച്ചയ്ക്കു ശേഷം മൂന്നു മണിയോടെ നടക്കുന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷാേടെയാണ് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമാവുന്നത്. വിപുലമായ പ്രചരണ പരിപാടികളോടെ നടക്കുന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷിനില്‍ യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍, ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തുടങ്ങിയവര്‍ പങ്കെടുക്കും.

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പി കെ കുഞ്ഞാലിക്കുട്ടിയെ ഇക്കഴിഞ്ഞ പതിഞ്ചിനാണ് ലീഗ് നേതൃത്വം തെരഞ്ഞെടുത്തത്. ഇ അഹമ്മദിന് ശേഷം ദേശീയ രാഷ്ട്രീയത്തില്‍ ലീഗിന് വ്യക്തമായ സ്ഥാനം നല്‍കാന്‍ കുഞ്ഞാലിക്കുട്ടിക്ക് സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു തീരുമാനം. ദേശീയ രാഷ്ട്രീയത്തില്‍ പോയാലും കുഞ്ഞാലിക്കുട്ടി യുഡിഎഫില്‍ തുടരുമെന്ന് അന്ന് വാര്‍ത്താസമ്മേളനത്തില്‍ പാണക്കാട് തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

നാളെയാവും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി ഫൈസല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുക. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റും, ജില്ലാ പഞ്ചായത്ത് അംഗവുമാണ് ഫൈസല്‍. ലീഗ് കോട്ട ഇടിച്ചു നിരത്തി ഇത്തവണ മികച്ച വിജയം നേടാനാവുമെന്നാണ് മലപ്പുറത്ത് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ.

അഡ്വ. എന്‍ ശ്രീപ്രകാശാണ് മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ശ്രീപ്രകാശ് തന്നെയായിരുന്നു മലപ്പുറം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി. 2006 ല്‍ മഞ്ചേരി മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേയ്ക്ക് മല്‍സരിച്ചിരുന്നു. മഞ്ചേരി ബാറിലെ അഭിഭാഷകനാണ് പാണ്ടിക്കാട് സ്വദേശിയായ ശ്രീപ്രകാശ്.

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മലപ്പുറം തെരഞ്ഞെടുപ്പ് സര്‍ക്കാറിനുള്ള വിലയിരുത്തലാവുമെന്നായിരുന്നു കുമ്മനം രാജശേഖരന്റെ പ്രതികരണം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top