സന്തോഷ് ട്രോഫി ഫുട്‌ബോള്‍: മിസോറാമിനെ തകര്‍ത്ത് കേരളം സെമിയില്‍

മഡ്ഗാവ്: മിസോറാമിനെ തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ സെമിയിലേക്ക് കുതിച്ചു. ഒന്നിനെതിരെ നാലുഗോളുകള്‍ക്കാണ് കേരളത്തിന്റെ വിജയം. ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് കേരളം അവസാന നാല്‍വര്‍ സംഘത്തില്‍ അംഗങ്ങളായത്. കേരളത്തിന് വേണ്ടി അസ്ഹറുദ്ദീന്‍ രണ്ടുഗോളുകളും ജോബി, സീസണ്‍ എന്നിവര്‍ ഓരോ ഗോളുകളും സ്വന്തമാക്കി.

മത്സരത്തിന്റെ ഏഴാം മിനിട്ടില്‍ ഹെഡ്ഡറിലൂടെ മിസോറം വല കുലുക്കി ജോബിയാണ് ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. രണ്ട് മിനിട്ടിനകം ഒരിക്കല്‍ കൂടി മിസോറാമിന്റെ വലകുലുങ്ങി. സീസണ്‍ സെല്‍വനായിരുന്നു ഇത്തവണ ലക്ഷ്യം കണ്ടത്. 65, 84 മിനിട്ടുകളിലായിരുന്നു അസ്ഹറുദ്ദീന്റെ ഗോളുകള്‍ വന്നത്. കളിയുടെ എണ്‍പത്തിയാറാം മിനിട്ടില്‍ ലാല്‍റമവിയ മിസോറാമിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തി.

ഗ്രൂപ്പില്‍ കേരളത്തിന്റെ രണ്ടാം വിജയമാണിത്. ആദ്യ മത്സരത്തില്‍ റെയില്‍വേസിനെതിരെയും കേരളം മികച്ച വിജയം സ്വന്തമാക്കിയിരുന്നു. 4-2 നായിരുന്നു അന്നത്തെ വിജയം. എന്നാല്‍ രണ്ടാം മത്സരത്തില്‍ പഞ്ചാബിനോട് സമനില (2-2) വഴങ്ങേണ്ടി വന്നു. തോല്‍വിയുടെ വക്കില്‍ നിന്നുമായിരുന്നു പഞ്ചാബിനെതിരെ കേരളം ആവേശകരമായ സമനില പിടിച്ചെടുത്തത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top