കളി ഇന്ത്യന്‍ കൈകളില്‍; റാഞ്ചിയില്‍ കോഹ്‌ലിപ്പട വിജയം റാഞ്ചുമോ എന്ന് നാളെ അറിയാം

ഇരട്ട ശതകം നേടിയ പൂജാരയുടെ ആഹ്ലാദം

റാഞ്ചി: പൂജാരയുടെ ചേതോഹരമായ ഇന്നിംഗ്‌സ്, സാഹയുടെ ശതകം ജഡേജയുടെ ഓള്‍റൗണ്ട് പ്രകടനം… റാഞ്ചി ടെസ്റ്റിന്റെ നാലാം ദിനം പൂര്‍ണമായും ഇന്ത്യ റാഞ്ചിയെടുത്തു. ഓസീസ് ഉയര്‍ത്തിയ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 451 നെതിരെ 152 റണ്‍സിന്റെ ലീഡ് നേടിയ ഇന്ത്യ നാലാം ദിനം കളി അവസാനിക്കുമ്പോള്‍ എതിരാളികളുടെ രണ്ട് രണ്ടാം ഇന്നിംഗ്സ് വിക്കറ്റുകള്‍ വീഴ്ത്തി കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. രണ്ട് വിക്കറ്റിന് 23 എന്ന നിലയിലാണ് ഓസീസ് കളംവിട്ടത്. വാര്‍ണറും (14) നൈറ്റ് വാച്ച്മാന്‍ നാഥന്‍ ലയോണും (2) പവലിയനില്‍ തിരികെയെത്തി. രണ്ടുവിക്കറ്റുകളും വീഴ്ത്തിയത് ജഡേജയാണ്.

അവസാന ദിനങ്ങളില്‍ പിച്ച് സ്പിന്നിന് അനുകൂലമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ അഞ്ചാം ദിനമായ നാളെ തോല്‍വി ഒഴിവാക്കാന്‍ ഓസീസിന് പണിപ്പെടേണ്ടിവരും. നാലാം ദിനത്തിലെ അവസാന ഓവറുകള്‍ തെളിയിക്കുന്നതും അതാണ്. എട്ട് വിക്കറ്റുകള്‍ ശേഷിക്കെ ഇന്ത്യയുടെ ലീഡ് മറികടക്കാന്‍ സന്ദര്‍ശകര്‍ക്ക് ഇനി 129 റണ്‍സ് കൂടി വേണം.

സ്‌കോര്‍: ഓസീസ് 451, 2/23; ഇന്ത്യ ഒമ്പതിന് 603 ഡിക്ലയേഡ്

സെഞ്ച്വറി നേടിയ സാഹയുടെ ആഹ്ലാദം

ചരിത്രത്തിലേക്ക് ‘ഇഴഞ്ഞുകയറിയ’ ഇന്നിംഗ്‌സുമായി ഇന്ത്യന്‍ ക്രിക്കറ്റിന്റെ നവയുഗ വന്‍മതില്‍ പൂജാരയും ഉറച്ച പിന്തുണ നല്‍കിയ സാഹയും ചേര്‍ന്നാണ് മത്സരം ഇന്ത്യന്‍ വരുതിയിലാക്കിയത്. 525 പന്തുകള്‍ നേരിട്ട് 202 റണ്‍സെടുത്ത പൂജാര ടെസ്റ്റ് ക്രിക്കറ്റിലെ മൂന്നാം ഇരട്ടശതകമാണ് കുറിച്ചത്. നേരിട്ട പന്തുകളുടെ അടിസ്ഥാനത്തില്‍ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും ദൈര്‍ഘ്യമേറിയ ഇന്നിംഗ്‌സിനാണ് റാഞ്ചി ഇന്ന് സാക്ഷ്യം വഹിച്ചത്. ഇന്ത്യയുടെ ആസ്ഥാന വന്‍മതില്‍ രാഹുല്‍ ദ്രാവിഡിനെയാണ് ഇക്കാര്യത്തില്‍ പൂജാര മറികടന്നത്. 21 ഫോറുകള്‍ ഉള്‍പ്പെട്ടതായിരുന്നു പൂജാരയുടെ 202 റണ്‍സ്. പൂജാരയ്ക്ക് മികച്ച പിന്തുണ നല്‍കിയ സാഹ 233 പന്തുകളില്‍ 117 റണ്‍സെടുത്ത് പുറത്തായി. ഏഴാംവിക്കറ്റില്‍ 199 റണ്‍സാണ് ഇരുവരും ചേര്‍ത്തത്.

ഒമ്പതാമനായി ഇറങ്ങിയ ജഡേജ മിന്നല്‍പ്പിണരായപ്പോള്‍ സ്‌കോര്‍ കുതിച്ചു. 55 പന്തുകളില്‍ 54 റണ്‍സുമായി ജഡേജ പുറത്താകാതെ നിന്നു. അഞ്ച് ഫോറുകളും രണ്ട് സിക്‌സറുകളും ഉള്‍പ്പെട്ടതായിരുന്നു ജഡേജയുടെ ഇന്നിംഗ്‌സ്. ഒമ്പതിന് 603 എന്ന നിലയില്‍ സ്‌കോര്‍ ഡിക്ലയര്‍ ചെയ്യുമ്പോള്‍ ഇന്ത്യയുടെ ലീഡ് 152 റണ്‍സ്. മറുപടി ബാറ്റിംഗ് ആരംഭിച്ച ഓസീസിനെ കാത്തിരുന്നത് തിരിച്ചടിയായിരുന്നു. നാട്ടില്‍ സെഞ്ച്വറികളുടെ പരമ്പരതന്നെ തീര്‍ത്ത് മികച്ച ഫോമിലായിരുന്ന വാര്‍ണര്‍ ഇന്ത്യന്‍ പിച്ചില്‍ പച്ചപിടിക്കാന്‍ പാടുപെടുന്ന കാഴ്ചയാണ് ഇന്നും കണ്ടത്. 16 പന്തില്‍ 14 റണ്‍സെടുത്ത വാര്‍ണറുടെ കുറ്റിപിഴുത് ജഡേജയാണ് ഇന്ത്യയ്ക്ക് ആദ്യവിക്കറ്റ് സമ്മാനിച്ചത്. നൈറ്റ്‌വാച്ച്മാനായെത്തിയ ലയോണും സമാനമായ രീതിയില്‍ ജഡേജയ്ക്ക് മുന്നില്‍ കീഴടങ്ങി.

വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ജഡേജ

നാലുവിക്കറ്റ് വീഴ്ത്തിയ പാറ്റ് കമ്മിന്‍സാണ് ഓസീസ് നിരയില്‍ തിളങ്ങിയത്. ആദ്യ രണ്ട് ടെസ്റ്റുകളില്‍ തിളങ്ങിയ സ്പിന്നര്‍മാരായ ഒക്കീഫിക്കും ലയോണിനും കാര്യമായി ഒന്നും ചെയ്യാനായില്ല. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഒക്കീഫ് 199 റണ്‍സാണ് വിട്ടുകൊടുത്തത്. 163 റണ്‍സ് വഴങ്ങിയ ലയോണിന് ലഭിച്ചത് ഒരുവിക്കറ്റും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top