special page

തമിഴ്‌നാട്ടിലെ യുക്തിവാദിയുടെ കൊലപാതകം: ബംഗലുരു സ്‌ഫോടന കേസിലെ പ്രതികളുമായി ബന്ധമുള്ളവരാണ് കൊലനടത്തിയതെന്ന് പൊലീസ്

എച്ച് ഫറൂഖ്

കോയമ്പത്തൂര്‍: ബംഗലുരു ബോംബ് സ്‌ഫോടനവുമായി ബന്ധമുള്ളവരാണ് യുക്തിവാദിയും ദ്രാവിഡര്‍ വിടുതലൈ കഴകം എന്ന പുരോഗമന പ്രസ്ഥാനത്തിലെ അംഗവുമായ എച്ച് ഫറൂഖിനെ വധിച്ചതെന്ന് പൊലീസ് നിഗമനം. എം അന്‍സ്രാദ് എന്ന വ്യക്തി കുറ്റം സമ്മതിച്ച് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിരുന്നെങ്കിലും നാലുപേര്‍ അടങ്ങിയ സംഘമാണ് ഫറൂഖിനെ വധിച്ചതെന്ന് പൊലീസ് കരുതുന്നു.

ബംഗലുരു ബോംബ് സ്‌ഫോടനത്തില്‍ ജയിലില്‍ കഴിയുന്നവരാണ് കൊല ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് വൃത്തങ്ങളില്‍ നിന്നുള്ള സൂചന. ബംഗലുരു ബോംബ് സ്‌ഫോടനത്തിലെ മുഖ്യ പ്രതിയുടെ ഭാര്യാ സഹോദരന്‍ സദ്ദാം ഹുസ്സൈന്‍, ബന്ധുവായ ഷംസുദ്ദീന്‍ എന്നിവരെ പൊലീസ് തിരയുന്നുണ്ട്. ഇതില്‍ സദ്ദാം ഹുസ്സൈന്‍ നിലവില്‍ മറ്റൊരു കൊലപാതക കേസിലെ പ്രതിയാണ്.

ബംഗലുരു ബോംബ് സ്‌ഫോടനത്തിലെ പ്രതികളും അവരുമായി ബന്ധമുള്ള മറ്റുള്ളവരും ഒരു പ്രത്യേക സംഘടനയില്‍ അംഗങ്ങളാണെന്ന് പൊലീസ് വിശ്വസിക്കുന്നു. എന്നാല്‍ അത് ഏതെങ്കിലുമൊരു നിരോധിത സംഘടനയാവാം എന്നതിലപ്പുറം യാതൊരു സൂചനയും ഇക്കാര്യത്തിലില്ല.

വധഭീഷണി നേരത്തെ ഫറൂഖിന് ലഭിച്ചിരുന്നു എന്ന് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. “നാലുപേര്‍ ചേര്‍ന്നാണ് കൊല നടത്തിയത്. ഫറൂഖ് ദൈവത്തിനും മതത്തിനും എതിരായി വാട്‌സാപ്പിലും ഫെയ്‌സ് ബുക്കലും കുറിപ്പ് എഴുതിയപ്പോള്‍ വധഭീഷണി അദ്ദേഹത്തിന് ലഭിച്ചിരുന്നു. അദ്ദേഹമത് അവഗണിക്കുകയായിരുന്നു” പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മാര്‍ച്ച് 13 ന് രാത്രി ഫറൂഖ് ഫെയ്‌സ്ബുക്കില്‍ ഇങ്ങനെ കുറിച്ചു, “ഞാന്‍ ദൈവത്തിന്റെ ശത്രുവാണ്, ഞാന്‍ മതങ്ങളുടെ ശത്രുവാണ്, ഞാന്‍ ജാതിയുടേയും മറ്റെല്ലാ മിഥ്യാ വിശ്വാസങ്ങളുടേയും ശത്രുവാണ്. എന്നാല്‍ മനുഷ്യത്വത്തില്‍ വിശ്വസിക്കുന്ന ഒന്നിന്റേയും ശത്രുവല്ല ഞാന്‍” ഇതോടെയാണ് ഫറൂഖിനെ മത തീവ്രവാദികള്‍ നോട്ടമിട്ടത്. യുക്തിവാദം പ്രചരിപ്പിക്കുന്ന വാട്‌സാപ്പ് ഗ്രൂപ്പുകളുടേയും അഡ്മിനായിരുന്നു ഫറൂഖ്.

വ്യാഴാഴ്ച്ച രാത്രിയാണ് കോയമ്പത്തൂരിനെ നടുക്കിയ കൊല നടന്നത്. ബിലാല്‍ എസ്‌റ്റേറ്റില്‍ ഇരുമ്പു പാഴ്‌വസ്തുക്കള്‍ വില്‍ക്കുന്ന കട നടത്തുകയായിരുന്ന ഫറൂഖിനെ നാലുപേരടങ്ങുന്ന സംഘം നിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആമാശയത്തിലും കഴുത്തിലുമുള്ള ആഴത്തിലുള്ള മുറിവാണ് മരണത്തിലേക്ക് നയിച്ചത്. മുസ്ലിം യുവാക്കളെ വിശ്വാസത്തില്‍നിന്ന് വ്യതിചലിപ്പിക്കുന്നു എന്നാണ് ഫറൂഖിനെ വധിച്ചതിന്റെ കാരണമായി കീഴടങ്ങിയ അന്‍സ്രാദ് പോലീസിനോട് പറഞ്ഞത്.

നേരത്തെ ഫറൂക്കിന്റെ പോസ്റ്റ്‌മോര്‍ട്ടം നടന്ന കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിനു മുന്നില്‍ സംഘര്‍ഷാവസ്ഥയും പ്രതിഷേധ പ്രകടനവും ഉണ്ടായിരുന്നു. കൊലപാതകികളെ അറസ്റ്റ് ചെയ്യുംവരെ ഫറൂക്കിന്റെ ശരീരം ഏറ്റുവാങ്ങാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി ദ്രാവിഡ വിടുതല്‍ കഴകം പ്രതിഷേധിച്ചു. എന്നാല്‍ പ്രതികളെ ഉടന്‍ കണ്ടെത്താമെന്ന ഉറപ്പിന്മേല്‍ ഫറൂക്കിന്റെ ശരീരം കുടുംബം ഏറ്റുവാങ്ങുകയായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top