എനിക്ക് രോഗമുണ്ട്, എന്നാല്‍ ഞാനൊരു മനുഷ്യനാണ്; ത്വക്ക് രോഗം സൗന്ദര്യമാക്കിയ യുവതിയുടെ കഥ

ആഷ്‌ലി സോട്ടോ

വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന അസുഖം നമുക്ക് പരിചിതമാണ്. സാധാരണയായി കണ്ടുവരുന്ന ചര്‍മ രോഗമാണിത്. പല തരത്തിലുള്ള പ്രശ്‌നങ്ങളാണ് ഈ രോഗമുള്ളവര്‍  ജീവിതത്തില്‍ നേരിടേണ്ടിവരുന്നത്.  അസുഖമുള്ളവരെ ഒറ്റപ്പെടുത്തി അവരുടെ ജീവിതത്തില്‍ അപകര്‍ഷതാബോധം ഉണ്ടാക്കുന്നതില്‍ സമൂഹത്തിനുള്ള വലിയ പങ്കും വിസ്മരിക്കാനാവില്ല. അല്‍പം കുറവുള്ളവരെ കണക്കറ്റ് കളിയാക്കുന്ന പൊതുബോധം സ്വന്തം ജീവിതം നശിപ്പിക്കുമെന്നായപ്പോള്‍ ദൃഢനിശ്ചയത്തോടെ ജീവിതം പൊരുതി വിജയിച്ച കഥായാണ് ഫ്‌ളോറിഡ സ്വദേശിനിയായ ആഷ്‌ലി സോട്ടോയ്ക്ക് പറയാനുള്ളത്.

പന്ത്രണ്ടാം വയസിലുണ്ടായ ഈ ത്വക്ക് രോഗം ആഷ്‌ലിയുടെ ജീവിതത്തെ ചെറുതല്ലാത്ത സങ്കടത്തിലേക്ക് തള്ളിവിട്ടു. കുമ്മായത്തില്‍ കുളിച്ചവള്‍ എന്ന അധിക്ഷേപം കൂട്ടുകാരുടെ ഭാഗത്തുനിന്നുപോലുമുണ്ടായി. പല തരത്തിലും ആളുകള്‍ ആഷ്‌ലിയെ ഒറ്റപ്പെടുത്തി. എന്നാല്‍ ഏതോ ഒരു സമയത്ത് അവളില്‍ കളിയാക്കലുകളെ അതിജീവിക്കണം എന്ന ചിന്തയുണ്ടായി. അതിനായി അവള്‍ പല മാര്‍ഗങ്ങളും പയറ്റി. സ്ലീവ്‌ലെസ്സായ വസ്ത്രം ധരിച്ച് അവള്‍ ആള്‍ക്കൂട്ടത്തിലൂടെ നടപ്പുവരെ തുടങ്ങി. എന്നാലും സമൂഹം അവളെ തുറിച്ച് നോക്കിക്കൊണ്ടേയിരുന്നു.

പിന്നെയാണ് ആഷ്‌ലി തന്റെ ശരീരത്തില്‍ ചായം പൂശിത്തുടങ്ങിയത്. തന്റെ ശരീരത്തിലെ നിറമാറ്റം വന്ന ഭാഗങ്ങള്‍ അവള്‍ അടയാളപ്പെടുത്തി. ശരീരത്തില്‍ ഭൂപടം വരച്ച് അവള്‍ രസം കണ്ടു. ധാരാളം ആരാധകരുണ്ടായി. രോഗം വന്നതിനുശേഷം 9 വര്‍ഷങ്ങള്‍ കഴിഞ്ഞ് അവള്‍ സ്വന്തം ശരീരത്തെ ക്യാന്‍വാസാക്കി ആളുകളുടെ പ്രശംസ പിടിച്ചുപറ്റി.

സ്വന്തം ശരീരത്തെ പ്രശംസിക്കുന്ന ധാരാളം ആളുകള്‍ എല്ലായിടത്തുമുണ്ടെന്ന് അവള്‍ക്ക് മനസിലായി. സ്വന്തം ശരീത്തിന് ഇത്ര സൗന്ദര്യമുണ്ടെന്ന് അവള്‍ തന്നെ തിരിച്ചറിയുന്നത് ഇപ്പോഴാണെന്ന് അവള്‍ പറയുന്നു. ബോഡി പോസിറ്റീവ് സ്റ്റാര്‍ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ആഷ്‌ലി അറിയപ്പെടുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top