‘കുഴിമാടത്തില്‍ വെക്കുന്നതിന് പകരം ജീവിച്ചിരിക്കുമ്പോള്‍ മാതപിതാക്കള്‍ക്ക് പൂക്കള്‍ കൊടുക്കാം’; അപ്പച്ചന് അറബി നാട്ടില്‍ അഭിമാനത്തോടെ ഇറങ്ങാന്‍ മുണ്ടുടുത്ത് ചെരുപ്പുപേക്ഷിച്ച മകന്റെ കഥ

ഡേവിസ് മാതാപിതാക്കള്‍ക്കൊപ്പം
മാതാപിതാക്കള്‍ക്ക് വേണ്ടി സമയം ചെലവഴിക്കാന്‍ ഇന്ന് മക്കള്‍ക്ക് സമയമില്ല. സ്വന്തം കാലില്‍ നില്ക്കാമെന്നാകുമ്പോള് അവര്‍ അത്രയും നാള് പോറ്റിവളര്‍ത്തിയ അച്ഛനേയും അമ്മയേയും ഉപേക്ഷിച്ച് ഒരു പോക്കു പോകും. അമേരിക്കയിലേക്കോ, ഓസ്ട്രേലിയയിലേക്കോ, ഗര്‍ഫ് രാജ്യങ്ങളിലേക്കോ…, അങ്ങനെ. ഇപ്പോഴിതാ അപ്പച്ചന് വേണ്ടി മുണ്ടുടുത്ത് ചെരുപ്പ് ഉപേക്ഷിച്ചിരിക്കുകയാണ് ഒരു മകന്. കേള്‍ക്കുമ്പോള്‍ നിസാരമെന്നു തോന്നാം. എന്നാല്‍ ആധുനിക ലോകത്ത് സംഭവിക്കാന്‍ ഇടയില്ലാത്ത ചുരുക്കം ചില സംഭവങ്ങളുടെ കൂട്ടത്തില്പ്പെലാണ് ഈ അപ്പച്ചന്റേയും മകന്റേയും ‘കഥ’യ്ക്ക് സ്ഥാനം. ഫെയ്സ്ബുക്കിലൂടെയാണ് ഡേവിസ് ദേവസ്സി ചിറന്മേല്‍ എന്ന ബഹറിന്‍കാരന്‍ തന്റെ കഥ പറയുന്നത്.
‘ചെരുപ്പിടാത്ത അപ്പച്ചനെയാണ് തനിക്കിഷ്ടം’ എന്ന തലക്കെട്ടോടെയാണ് കഥ തുടങ്ങുന്നത്. താന്‍ ജോലി ചെയ്യുന്ന രാജ്യമായ ബഹറിനിലേക്ക്് കുറേക്കാലമായി അപ്പച്ചനെ ക്ഷണിച്ചെങ്കിലും അദ്ദേഹം സന്തോഷത്തോടെ അത് നിരസിക്കുമായിരുന്നുവെന്ന് ഡേവിസ് പറയുന്നു. അതിനിടയില്‍ മൂന്ന് പ്രാവശ്യം അമ്മച്ചി ബഹറനില്‍ വന്നു പോയി. അതിന്റെ കാരണം എത്ര ആലോചിച്ചിട്ടും മനസിലായിരുന്നില്ല. ഇക്കഴിഞ്ഞ ഡിസംബറിലാണ് ആ വിവരം താനറിയുന്നതെന്ന് ഡേവിസ് പറഞ്ഞു.
കൃഷിക്കാരായ തനി നാട്ടിന്‍പുറത്തുകാരാണ് ഞങ്ങളുടെ കുടുംബം. ഇന്നേവരെ അപ്പച്ചന് ചെരിപ്പ് ധരിച്ചിട്ടില്ല. പാന്റ്സും ധരിക്കാറില്ല. അതുകൊണ്ട് മുണ്ടും ഷര്‍ട്ടും ഉടുത്ത് ചെരിപ്പിടാതെ വന്നാല്‍ തന്റെ മകന് അവന്റെ കൂട്ടുകാരുടെയും മറ്റുള്ളവരുടേയും മുന്പില് അദ്ദേഹം അപമാനമാകുമെന്ന് അദ്ദേഹം കരുതി. അതുകൊണ്ടായിരുന്നു അദ്ദേഹം ബഹറിനിലേക്ക് പോകാന്‍ മടിച്ചത്.
അതിന് ശേഷം ഇക്കഴിഞ്ഞ പതിമൂന്നിന് അപ്പച്ചനും അമ്മച്ചിക്കുമൊപ്പം ഡേവിസ് വീണ്ടും ബഹറിനിലേക്ക് പോയി. സ്വയം ചില മാറ്റങ്ങള്‍ വരുത്തിയായിരുന്നു ആ യാത്ര. അപ്പച്ചന് അറബിനാട്ടില്‍ നിന്ന് തിരിച്ചുപോകുന്നതുവരെ അപ്പച്ചന്റെ കൂടെ താനും മുണ്ട് ഉടുത്ത് ചെരിപ്പിടാതെ ഉണ്ടാകുമെന്ന് ഡേവിസ് എഴുതി. താന്‍ ഇന്ന് ആരായിരിക്കുന്നുവോ അത് തന്റെ പിതാവിന്റെ ആ നഗ്നമായ കാലുകള്‍ കൊണ്ട് കുന്നും, മലയും, പാടവും, പറമ്പും, കല്ലും, മുള്ളും ചവിട്ടി പൊടിഞ്ഞ രക്തത്തിന്റെ പ്രതിഫലമാണ്. മക്കളുടെ പത്രാസ്സിന് അനുസരിച്ച് മാതാപിതാക്കളെ കോലം മാറ്റന്നതിനോട് തനിക്ക് യോജിപ്പില്ല.
ചെരുപ്പ് ഇടാതെ നടക്കുമ്പോള്‍ കാലിന് ചെറിയൊരു വേദനയുണ്ട്. പക്ഷേ, ആ വേദനക്ക് പറയാന്‍ കഴിയാത്ത വിധം ഒരു സുഖമുണ്ട്. മാതപിതാക്കള്‍ മക്കള്‍ക്കുവേണ്ടി അനുഭവിക്കുന്ന വേദന മനസിലായത് താനും ഒരു പിതാവായപ്പോഴാണ്. കുഴിമാടത്തില്‍ പൂക്കള്‍ വക്കുന്നതിന് പകരം ജീവിച്ചിരിക്കുമ്പോള്‍ മാതപിതാക്കളുടെ കൈയില്‍ നമ്മള്‍ക്ക് പൂക്കള്‍ കൊടുക്കണം. വാര്ധക്യത്തിലായിരിക്കുന്ന മാതാപിതാക്കളെ ബഹുമാനിക്കേണ്ടതും സംരക്ഷിക്കേണ്ടതും ഓരോ മക്കളുടെയും കടമയും, ഉത്തരവാദിത്തവുമാണെന്ന് താന്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നതായും ഡേവിസ് പറയുന്നു. ഡേവിസിന്റേയും അപ്പച്ചന്റേയും കഥ ഇതിനോടകം ഫെയ്സ്ബുക്കില്‍ വൈറലായിട്ടുണ്ട്. 13,976 പേരാണ് ഈ പോസ്റ്റ് ഷെയര്‍ ചെയ്തത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
“ചെരിപ്പിടാത്ത അപ്പച്ചനെയാണെനിക്കിഷ്ടം”
ഞാന്‍ ജോലി ചെയ്യുന്ന രാജ്യമായ ബഹറിനിലെക്ക് കുറേക്കാലമായി എന്റെ അപ്പച്ചനെ ഞാന്‍ ക്ഷണിക്കുന്നു. അപ്പോഴോക്കെ സന്തോഷത്തോടെ അപ്പച്ചന് അത് നിരസിക്കുമായിരുന്നു. അതിനിടയില്‍ മൂന്ന് പ്രാവശ്യം എന്റെ അമ്മച്ചി ബഹറനില്‍ വന്ന് പോയീ. അപ്പോഴും അപ്പച്ചന് വന്നില്ല. ഈ കഴിഞ്ഞ ഡിസംബറില്‍ ആണ് ഞാന്‍ ആ വിവരം അറിയിന്നുന്നത്, അപ്പച്ചന് വരാന്‍ മടിക്കുന്നതിന്റെ കാരണം.
കൃഷിക്കാരായ തനി നാട്ടിന്‍പുറത്തുകാരാണ് ഞങ്ങളുടെ കുടുംബം. ഇന്നേവരെ എന്റെ അപ്പച്ചന് ചെരിപ്പ് ധരിച്ചിട്ടില്ല. PANTS എന്നാ പാശ്ചാത്യരുടെ കോണകവും ഇടാറില്ല. അതുകൊണ്ട് മുണ്ടും ഷര്‍ട്ടും ഉടുത്ത് ചെരിപ്പിടാതെ വന്നാല്‍ എന്റെ മോന് അവന്റെ കൂട്ടുകാരുടെയും മറ്റുള്ളവരുടേയും മുന്പില് ഞാന്‍ ഒരു അപമാനം ആകും എന്ന് കരുതിയിട്ടാണ് അപ്പച്ചന് വരാന്‍ മടിക്കുന്നത് എന്ന്.
ഇന്ന് ഞങ്ങള്‍ ബഹറിനിലെക്ക് പോകുകയാണ്. അപ്പച്ചന് ഈ അറബിനാട്ടില്‍ നിന്ന് തിരിച്ചുപോകുന്നതുവരെ അപ്പച്ചന്റെ കൂടെ ഞാനും മുണ്ട് ഉടുത്ത് ചെരിപ്പിടാതെ ഉണ്ടാവും. ഞാന്‍ ഇന്ന് ആരായിരിക്കുന്നുവോ അത് എന്റെ പിതാവിന്റെ ആ നഗ്നമായ കാലുകള്‍ കൊണ്ട് കുന്നും, മലയും, പാടവും, പറമ്പും, കല്ലും, മുള്ളും ചവിട്ടി പൊടിഞ്ഞ രക്തത്തിന്റെ പ്രതിഫലം ആണ്. മക്കളുടെ പത്രാസ്സിന് അനുസരിച്ച് മാതാപിതാക്കളെ കോലം കേട്ടിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല.
ചെരുപ്പ് ഇടാതെ നടക്കുമ്പോള്‍ കാലിന് ചെറിയൊരു വേദന ഉണ്ട്, പക്ഷെ ആ വേദനക്ക് നല്ലോരു സുഖം കിട്ടുന്നത്, മാതാപിതാക്കള്‍ നമ്മള്‍ക്ക് വേണ്ടി അനുഭവിച്ച കഷ്ടതകള്‍ ഓര്‍ക്കുമ്പോള്‍ ആണ്. മാതപിതാക്കള്‍ മക്കള്‍ക്കുവേണ്ടി അനുഭവിക്കുന്ന വേദന മനസിലായത് ഞാനും ഒരു പിതാവ് ആയപ്പോഴാണ്. കുഴിമാടത്തില്‍ പൂക്കള്‍ വക്കുന്നതിന് പകരം ജീവിച്ചിരിക്കുമ്പോള്‍ മാതപിതാക്കളുടെ കയ്യില്‍ നമ്മള്‍ക്ക് പൂക്കള്‍ കൊടുക്കാം.
വാർദ്ധക്യത്തിലായിരിക്കുന്ന മാതാപിതാക്കളെ ബഹുമാനിക്കേണ്ടതും സംരക്ഷിക്കേണ്ടതും ഓരോ മക്കളുടെയും കടമയും, ഉത്തരവാദിത്വവും ആണന്ന് ഞാന്‍ പൂര്‍ണമായി വിശ്വസിക്കുന്നു.
ദൈവമേ അങ്ങേക്ക് നന്ദി.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക