നിലമ്പൂരിലെ ചലച്ചിത്രമേള; ഉദ്ഘാടന ചടങ്ങില്‍ കമല്‍ പങ്കെടുക്കുന്നതിന് ജില്ലാ കളക്ടറുടെ വിലക്ക്‌

മലപ്പുറം: നിലമ്പൂരിലെ പ്രാദേശിക ചലച്ചിത്രോത്സവത്തില്‍ സംവിധാകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍ പങ്കെടുക്കരുതെന്ന് കാണിച്ച് ജില്ലാ കളക്ടര്‍ നോട്ടീസ് അയച്ചു. മലപ്പുറത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ കമല്‍ പങ്കെടുക്കുന്നത് പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണെന്ന് മുസ്‌ലീം ലീഗ് പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കമലിനെ പങ്കെടുപ്പിക്കരുതെന്ന് കാണിച്ച് ജില്ലാ കളക്ടര്‍ ചലച്ചിത്രോത്സവ സംഘാടകര്‍ക്ക് കത്ത് കൈമാറി.

തെരഞ്ഞെടുപ്പ് ചട്ടലംഘനം ചൂണ്ടിക്കാട്ടിയാണ് കമൽ നിലമ്പൂരിൽവെച്ച് നടക്കുന്ന ഐഎഫ്എഫ്‌കെയുടെ മേഖലാ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യുന്നത് തടയണം എന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് രംഗത്തെത്തിയത്. ഈ ആവശ്യം ഉന്നയിച്ച് വരണാധികാരി കൂടിയായ ജില്ലാ കലക്ടർക്ക് ഇന്നലെയാണ് ലീഗ് നേതൃത്വം പരാതി നൽകിയത്.

മേളയുടെ സുഗമമായ നടത്തിപ്പിന് ഉദ്ഘാടനം അനിവാര്യതയല്ലെന്നിരിക്കെ മേളയുടെ മറ്റുപരിപാടികള്‍ നേരത്തെ നിശ്ചയിച്ചതുപോലെ നടത്തുകയും ഉദ്ഘാടന പരിപാടി മാറ്റിവെക്കണമെന്നുമാണ് ലീഗ് നേതൃത്വത്തിന്റെ ആവശ്യം. ജില്ല ജനറല്‍ സെക്രട്ടറി കെഎന്‍എ ഖാദറാണ് കളക്ടര്‍ക്ക് പരാതി നല്‍കിയത്.

അതേസമയം മേളയുടെ നടത്തിപ്പുകാരനെന്ന നിലയ്ക്ക് തനിക്ക് അവിടെ വന്നേ പറ്റുവെന്നും താന്‍ ആ മേളയില്‍ ഉണ്ടാവുമെന്നും കമല്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ലെന്നും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ പോലും ഇപ്പോള്‍ മത്സര രംഗത്ത് ഇറങ്ങേണ്ട സാഹചര്യമല്ല തനിക്കുള്ളതെന്നും കമല്‍ വ്യക്തമാക്കി.

മാര്‍ച്ച് പതിനേഴ് മുതല്‍ 21 വരെ നിലമ്പൂരാണ് ചലച്ചിത്രോത്സവം നടക്കുന്നത്. ലോക, ഇന്ത്യന്‍, മലയാള സിനിമാ വിഭാഗങ്ങളില്‍ നിന്നും മികച്ച നാല്‍പതോളം ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. ഫെസ്റ്റിവെല്ലിന്റെ ഭാഗമായി വിവിധ സാംസ്‌കാരിക പരിപാടികളും ഓപ്പണ്‍ ഫോറവും പ്രദര്‍ശനങ്ങളും പുസ്തകമേളയും സംഘടിപ്പിക്കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top