ജോബി ജെസ്റ്റിന് ഹാട്രിക്ക്; സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടില്‍ കേരളത്തിന് വിജയത്തുടക്കം

കേരള ടീമിന്റെ ആഹ്ലാദപ്രകടനം
മഡ്ഗാവ് : സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ റൗണ്ടില്‍ കേരളത്തിന് വിജയത്തുടക്കം. മുന്നേറ്റനിര താരം ജോബി ജെസ്റ്റിന്റെ തകര്‍പ്പന്‍ ഹാട്രിക്കിന്റെ മികവിലാണ് കേരളം റെയില്‍വേയെ പാളം തെറ്റിച്ചത്. രണ്ടിനെതിരെ നാലു ഗോളിനാണ് കേരളം റെയില്‍വേസിനെ തകര്‍ത്തത്. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു കേരളത്തിന്റെ ഗംഭീര തിരിച്ചുവരവ്.
17 ആം മിനുട്ടില്‍ മലയാളി താരം രാജേഷിലൂടെ റെയില്‍വേസാണ് ആദ്യവെടിപൊട്ടിച്ചത്. കേരളത്തിന്റെ പ്രതിരോധനിരയുടെ ആലസ്യം മുതലെടുത്തായിരുന്നു രാജേഷിന്റെ ഗോള്‍. ഗോള്‍ വീണതോടെ ഉണര്‍ന്ന കേരളം നാലു മിനുട്ടിനകം തിരിച്ചടി നല്കി. 21 ആം മിനുട്ടില്‍ നിഷോണ്‍ സേവ്യറിന്റെ ക്രോസില്‍ തലവെച്ച ജോബി കേരളത്തെ ഒപ്പമെത്തിച്ചു.

ഇടവേളയ്ക്കു പിരിയുന്നതിന് തൊട്ടുമുമ്പ് കേരളം ജോബിയിലൂടെ മുന്നിലെത്തി. ജോബിയുടെ തകര്‍പ്പന്‍ ഫ്രീകിക്ക് റെയില്‍വേ ഗോളി അഖില്‍ കുമാറിനെ നിഷ്പ്രഭനാക്കി വലയില്‍ വിശ്രമിച്ചു.
ആദ്യപകുതിയിലെ പാളിച്ചകള്‍ തിരുത്തിയ കേരളം രണ്ടാം പകുതിയില്‍ മല്‍സരത്തില്‍ ആധിപത്യം നിലനിര്‍ത്തി. ജോബി-ഉസ്മാന് മുന്നേറ്റ നിര കൂട്ടുകെട്ട് നിരന്തരം റെയില്‍വേ പ്രതിരോധത്തെ കീറിമുറിച്ചു. 63 ആം മിനുട്ടില്‍ ജോബി ഹാട്രിക്ക് തികച്ചു. ജിഷ്ണു ബാലകൃഷ്ണന്റെ കോര്‍ണറില്‍ തലവച്ചായിരുന്നു ജോബി ഹാട്രിക് പൂര്‍ത്തിയാക്കിയത്.
എട്ടു മിനിറ്റിന്റെ ഇടവേളയില്‍ കേരളം നാലാം ഗോളും കണ്ടെത്തി. ഇക്കുറി നായകന് ഉസ്മാന്റെ വകയായിരുന്നു ഗോള്‍. വലതുവിങ്ങില്‍ നിന്ന് ജിഷ്ണു ഉയര്‍ത്തി നല്കിയ ക്രോസില്‍ തലവെച്ചാണ് ഉസ്മാന് കേരളത്തിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്.
എന്നാല്‍ കളി തീരാന്‍ നിമിഷങ്ങള്‍ ശേഷിക്കെ കേരളം രണ്ടാം ഗോള്‍ വഴങ്ങി. മലയാളി താരം രാജേഷിന്റെ വകയായിരുന്നു റെയില്‍വേസിന്റെ രണ്ടാമത്തെ ഗോളും. ഫ്രീകിക്കില്‍നിന്നായിരുന്നു രാജേഷിന്റെ ഗോള്‍. ആദ്യ കളിയിലും രാജേഷ് ഗോള്‍ നേടിയിരുന്നു. ഇതോടെ ജോബിയും രാജേഷും മൂന്നുഗോളോടെ ടൂര്‍ണമെന്റില്‍ ഗോള്‍വേട്ടയില്‍ മുന്നിലെത്തി.
ജയത്തോടെ കേരളത്തിന് ഗ്രൂപ്പ് ബിയില്‍ മൂന്ന് പോയിന്റായി. രണ്ട് മല്‍സരങ്ങളിലും തോറ്റ റെയില്‍വേസിന് പോയിന്റില്ല. വെള്ളിയാഴ്ച പഞ്ചാബിനെതിരെയാണ് കേരളത്തിന്റെ അടുത്തമല്‍സരം.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക