‘ഇത്ര കഷ്ടപ്പെട്ട് എന്താണ് നോക്കുന്നത്? ഞാന്‍ തുറന്നുകാണിക്കാമല്ലോ!’ ദഹിപ്പിക്കുന്ന ആണ്‍നോട്ടങ്ങള്‍ക്കെതിരെ ഒരു ഹ്രസ്വചിത്രം


സ്ത്രീ സുരക്ഷയേപ്പറ്റിയും സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങളേക്കുറിച്ചും സംസാരിക്കുമ്പോള്‍ നാം മറന്നുപോകുന്ന ചില കാര്യങ്ങളുണ്ട്. അതിലൊന്നാണ് തുറിച്ച് നോക്കപ്പെടുമ്പോള്‍ സ്ത്രീകള്‍ അനുഭവിക്കുന്ന അസ്വസ്ഥത. കൊടും ക്രൂര കൃത്യങ്ങള്‍ക്കെതിരെക മാത്രം സംസാരിച്ച് തുടങ്ങിയ സമൂഹത്തോട് ആരാണിനി ഇത്തരം മര്യാദകളും സഹജീവികള്‍ അര്‍ഹിക്കുന്നുണ്ടെന്ന് പറഞ്ഞുകൊടുക്കുക?

ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ അനങ്ങിയാല്‍ ചില കഴുകന്‍ കണ്ണുകള്‍ ദേഹമാസകലമുഴിയുന്നുണ്ടാവും. ചുരിദാറിന്റെ ഷാളോ സാരിത്തുമ്പോ ഒന്നുമാറിക്കിടന്നാലും അങ്ങനെതന്നെ. ഇതിനാല്‍ എത്ര വലിയ സ്വാതന്ത്ര്യമില്ലായ്മയാണ് സ്ത്രീകള്‍ അനുഭവിക്കുന്നതെന്ന് ഒരു പുരുഷാധിപത്യ സമൂഹത്തിന് മനസിലാവണമെന്നുതന്നെയില്ല. ഇത്തരമൊരു സന്ദേശം ശക്തമായി ആളുകളിലേക്കെത്തിക്കുകയാണ് ഒരു  ഹ്രസ്വചിത്രം.

മേലുദ്യോഗസ്ഥന്റെ നോക്കിയുള്ള ദഹിപ്പിക്കല്‍ സഹിക്കാനാവുന്നതിലുമപ്പുറമായപ്പോള്‍ പ്രതികരിക്കുന്ന ഒരു യുവതിയാണ് കഥാനായിക. പലതരത്തിലും മേലുദ്യോഗസ്ഥന്‍ ശാരീരികമായും മാനസികമായും അസ്വസ്ഥതയുണ്ടാക്കുന്നു എന്നായപ്പോള്‍ അവള്‍ അതിശക്തമായി, എല്ലാവരും കേള്‍ക്കെ തന്നെ പ്രതികരിച്ചു. ‘ഇതിന്റെ ഭവിഷ്യത്ത് നിങ്ങള്‍ തന്നെ അനുഭവിക്കേണ്ടിവരും’ എന്ന സ്ഥിരം മേലുദ്യോദസ്ഥ വിവരക്കേട് ഇയാളും വിളിച്ച് പറയുന്നുണ്ടെങ്കിലും അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടുപോയിരുന്നു.

ഒരവസരത്തില്‍ നിങ്ങള്‍ കഷ്ടപ്പെട്ട് നോക്കേണ്ട ഞാന്‍ കാണിച്ചുതരാം എന്നുപറഞ്ഞ് അവള്‍ വസ്ത്രം ഊരാനൊരുങ്ങുമ്പോള്‍ അയാള്‍ നാണക്കേടുകൊണ്ട് ചൂളിപ്പോകുന്നു. വനിതാദിനത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ ‘ഹെര്‍, ലെറ്റ് ദി വോയ്സ് ബി യുവേഴ്സ്’ എന്ന ഈ ചിത്രം ഇതിനോടകം രണ്ടുലക്ഷത്തിലധികം ആളുകള്‍ യുടൂബിലൂടെ മാത്രം കണ്ടുകഴിഞ്ഞു. പ്രതികരിക്കാന്‍ മടിക്കുന്ന സ്ത്രീകള്‍ക്കും സ്ത്രീകളെ കണ്ണുകൊണ്ട് ഉപദ്രവിക്കുന്ന പുരുഷന്മാര്‍ക്കും വ്യക്തമായ സന്ദേശമാണ് ഈ ഹ്രസ്വചിത്രം നല്‍കുന്നത്.

DONT MISS