സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടില്‍ കേരളം ഇന്ന് ആദ്യമല്‍സരത്തിനിറങ്ങുന്നു; എതിരാളി റെയില്‍വേസ്

പ്രതീകാത്മക ചിത്രം

മഡ്ഗാവ് : സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ റൗണ്ടില്‍ കേരളം ഇന്ന് ആദ്യമല്‍സരത്തിനിറങ്ങുന്നു. ജിഎംസി ബാംബോലിം സ്‌റ്റേഡിയത്തില്‍നടക്കുന്ന മല്‍സരത്തില്‍ റെയില്‍വേസാണ് കേരളത്തിന്റെ എതിരാളി. വൈകീട്ട് നാലിനാണ് മല്‍സരം.

റെയില്‍വേസിന്റെ രണ്ടാമത്തെ മത്സരമാണിത്. തിങ്കളാഴ്ച നടന്ന മത്സരത്തില്‍ റെയില്‍വേ പഞ്ചാബിനോട് 21 ന് തോറ്റു.സെമി സാധ്യത നിലനിര്‍ത്താന്‍ ഇരുടീമുകള്‍ക്കും ജയം അനിവാര്യമാണ്. ആദ്യ മത്സരംതന്നെ മികച്ച ജയം നേടാനുറച്ചാണ് ഇറങ്ങുന്നതെന്ന് ടീമിന്റെ മുഖ്യപരിശീലകന്‍ വി പി ഷാജി പറഞ്ഞു.

അര്‍ധാവസരങ്ങള്‍പോലും മുതലാക്കാന്‍ മിടുക്കുള്ള നായകന്‍ പി ഉസ്മാനിലും മുന്നേറ്റക്കാരന്‍ ജോബി ജെസ്റ്റിനിലുമാണ് കേരളത്തിന്റെ പ്രതീക്ഷകള്‍. ചൊവ്വാഴ്ച രാവിലെയും വൈകീട്ടും കേരള ടീം പരിശീലനം നടത്തി. കേരളത്തിനും റെയില്‍വേയ്ക്കും പുറമെ മിസോറം, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവയാണ് ബി ഗ്രൂപ്പിലെ ടീമുകള്‍.

കേരള ടീം: ഗോള്‍ കീപ്പര്‍മാര്‍ – വി മിഥുന്‍, എം ഹജ്മല്‍, എസ് മെല്‍ബിന്‍, പ്രതിരോധ നിരക്കാര്‍ – എം നജേഷ്, എസ് ലിജോ, രാഹുല്‍ വി രാജ്, കെ നൌഷാദ്, ശ്രീരാഗ്, മധ്യനിര – നിഷോണ്‍ സേവ്യര്‍, എസ് സീസന്‍, മുഹമ്മദ് പാറക്കോട്ടില്‍, ജിഷ്ണു ബാലകൃഷ്ണന്‍, അസ്ഹറുദ്ദീന്‍, ജിജോ ജോസഫ്, ജിപ്‌സണ്‍ ജെസ്റ്റിന്‍, ഷെറിന്‍ സാം, മുന്നേറ്റനിര – പി ഉസ്മാന്‍, ജോബി ജെസ്റ്റിന്‍, എല്‍ദോസ് ജോര്‍ജ്, സഹല്‍ അബ്ദു സമദ്

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top