special page

‘മിഷേല്‍ ആത്മഹത്യചെയ്തത് കൊച്ചിയിലെത്തി മോശം കൂട്ടുകെട്ടില്‍ പെട്ടതിനാല്‍’; സര്‍ക്കാരിനെ വെള്ളപൂശാന്‍ മിഷേലിനെയും വാളയാര്‍ സഹോദരിമാരെയും അധിക്ഷേപിച്ച് ഡിവൈഎഫ്‌ഐ നേതാവ്

മിഷേലും റോബര്‍ട്ടിന്‍റെ പോസ്റ്റും

കണ്ണൂര്‍:വാളയാറിലെ സഹോദരിമാരും മിഷേലുമെല്ലാം കേരളത്തിന്റെ നൊമ്പരമാണ്. മിഷേലിന് നീതിവേണമെന്ന ആവശ്യവുമായി നവമാധ്യമങ്ങളില്‍ അതിശക്തമായ പ്രചരണമാണ് നടക്കുന്നതും. വാളയാര്‍ വിഷയത്തിലും മിഷേലിന്റെ മരണത്തിലും പൊലീസ് ഒത്തുകളിക്കുന്നുവെന്ന ആരോപണമുയര്‍ന്നിരുന്നു. എങ്കിലും സര്‍ക്കാര്‍ പിന്നീട് ഊര്‍ജസ്വലമായി ഇടപെടുകയും, മുഖ്യമന്ത്രി തന്നെ നേരിട്ട് പ്രതികരിക്കുകയും പോലും ചെയ്തു. സ്ത്രീസുരക്ഷയ്ക്കായി രംഗത്തിറങ്ങുമെന്ന് ഡിവൈഎഫ്‌ഐയും സിപിഐഎമ്മും പ്രഖ്യാപിച്ചിരിക്കെയാണ്, മിഷേലിനെയും വാളയാറിലെ സഹോദരിമാരെയും അപമാനിച്ചുകൊണ്ട് ഡിവൈഎഫ്‌ഐ നേതാവ് രംഗത്തെത്തിയിരിക്കുന്നത്.

ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാക്കമ്മിറ്റിയംഗമായ റോബര്‍ട്ട് ജോര്‍ജാണ് അധിക്ഷേപകരമായ പരാമര്‍ശങ്ങളോടെയുള്ള പോസ്റ്റ്, ഫെയ്‌സ്ബുക്കിലിട്ടത്. മിഷേല്‍ ആത്മഹത്യ ചെയ്തത് കൊച്ചിയിലെത്തി മോശം കൂട്ടുകെട്ടില്‍ പെട്ടതാണെന്ന് ഈ നേതാവ് കണ്ടെത്തിക്കളഞ്ഞു. അതാണ് സത്യമെന്നും നേതാവ് സമര്‍ത്ഥിക്കുന്നു. വാളയാറില്‍ പെണ്‍കുട്ടികളുടെ വീട്ടില്‍ നാല് വര്‍ഷമായി ബന്ധു താമസിക്കുന്നുവെന്നും, ഇത് ശ്രദ്ധിക്കാതിരുന്ന മാതാപിതാക്കളാണ് പീഡനത്തിന് കാരണക്കാരെന്നും നേതാവ് സമര്‍ത്ഥിക്കുന്നു. എല്ലാം സംഭവിച്ചുകഴിയുമ്പോള്‍ പൊലീസിന്റെയും സര്‍ക്കാരിന്റെയും കുറ്റമായി ചിത്രീകരിക്കുന്നുവെന്നും റോബര്‍ട്ട് പറയുന്നു. വ്യക്തിപരമായി വരുത്തിവെക്കുന്ന ദുരന്തങ്ങളുടെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട കാര്യമില്ലെന്നും റോബര്‍ട്ട് പ്രഖ്യാപിക്കുന്നു. എസ്എഫ്‌ഐയുടെ മുന്‍ കണ്ണൂര്‍ ജില്ലാ ഭാരവാഹിയായിരുന്ന റോബര്‍ട്ട്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചിരുന്നു. ഫ്രണ്ട്‌സ് ഒണ്‍ലിയാണ് സ്റ്റാറ്റസെങ്കിലും, ആയിരക്കണക്കിന് സുഹൃത്തുക്കളുള്ള കണ്ണൂരിലെ സിപിഐഎമ്മിന്റെ പ്രധാനയുവനേതാവാണ് റോബര്‍ട്ട്.

റോബര്‍ട്ട് ജോര്‍ജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ

വാളയാറിലെ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും കെട്ടിത്തൂക്കുകയും ചെയ്തത് ആരാ. ‘ ആ വീട്ടില്‍ താമസിക്കുന്ന ബന്ധു’. ഇവന്‍ നാല് വര്‍ഷമായി അവിടെ താമസിക്കുന്നു. പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ കുട്ടികളെ ശ്രദ്ധിച്ചില്ല. എന്നിട്ട് ഇതെല്ലാം സംഭവിച്ചപ്പോള്‍ പൊലീസിനും സര്‍ക്കാരിനും കുറ്റം.

മിഷേല്‍ ആത്മഹത്യ ചെയ്തു. എന്താ കാരണം. കൊച്ചിയിലെത്തി മോശം കൂട്ടുകെട്ടില്‍ പെട്ടു. അതല്ലേ സത്യം. കുറ്റം ആര്‍ക്കാ, സര്‍ക്കാരിന്. എനിക്കിതില്‍ വിയോജിപ്പുണ്ട്. വ്യക്തിപരമായി വരുത്തിവെക്കുന്ന ദുരന്തങ്ങളുടെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട കാര്യമില്ല.

കേരളത്തിലെ സഹോദരിമാരെ സംരക്ഷിക്കാന്‍ ഡിവൈഎഫ്‌ഐ രംഗത്തിറങ്ങുമെന്ന് കഴിഞ്ഞദിവസം സംഘടന പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനം നടപ്പില്‍ വരുത്തേണ്ട കണ്ണൂരിലെ പ്രധാന നേതാവാണ്, ഇരകള്‍ക്കെതിരെയും മരണപ്പെട്ട മിഷേലിനെതിരെയും ആരോപണമുന തിരിക്കുന്നത്. അതിക്രമത്തിനിരയായവരും ഒപ്പമുള്ളവരുമാണ് കുറ്റക്കാരെന്ന പിന്തിരിപ്പന്‍ പരാമര്‍ശത്തിന്റെ വക്താവാകുകയാണിവിടെ ഈ യുവനേതാവ്. വാളയാര്‍-മിഷേല്‍ കേസുകളില്‍ അന്വേഷണസംഘം പോലും ഒരു നിഗമനത്തിലെത്തുന്നതിനും മുന്‍പാണ്, ഡിവൈഎഫ്‌ഐ നേതാവ് കുറ്റക്കാരെയും കാരണവും നിരത്തി വിധി പ്രസ്താവിക്കുന്നത്. റോബര്‍ട്ടിന്റെ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. നിലപാടിനെതിരെ ഇടതുപ്രൊഫൈലുകള്‍ തന്നെ വലിയ വിമര്‍ശനവുമായി രംഗത്തെത്തിക്കഴിഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top