നെഹ്‌റു കോളെജിലെ ഇടിമുറിയില്‍ കണ്ട രക്തക്കറ ജിഷ്ണുവിന്റേത് തന്നെ?

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളെജിലെ ഇടിമുറിയില്‍ കണ്ട രക്തക്കറ മരിച്ച ജിഷ്ണു പ്രണോയിയുടെ തന്നെയെന്ന സംശയം ബലപ്പെടുത്തി ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നു. ഇടിമുറിയില്‍ നിന്ന് കണ്ടെത്തിയ രക്തക്കറ ജിഷ്ണുവിന്റെ രക്തഗ്രൂപ്പിന് സമാനമാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു. രക്തക്കറ ജിഷ്ണുവിന്റെതെന്ന് ഉറപ്പിക്കാന്‍ മാതാപിതാക്കളുടെ രക്തസാമ്പിളുകളും പരിശോധിക്കും. ഇന്ന് തന്നെ ഡിഎന്‍എ പരിശോധന നടക്കും.

ജിഷ്ണുവിന്റെ രക്തഗ്രൂപ്പ് ഒ പോസിറ്റീവാണ്. കോളെജിലെ ഇടിമുറിയില്‍ നിന്ന് കണ്ടെത്തിയ രക്തക്കറയും ഒ പോസിറ്റീവാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു. ഇതോടയൊണ് രക്തക്കറ ജിഷ്ണവിന്റെത് തന്നെയാണെന്ന സംശയം കൂടുതല്‍ ബലപ്പെട്ടത്. ഇത് ഉറപ്പിക്കാന്‍ ഡിഎന്‍എ ടെസ്റ്റ് ആവശ്യമാണ്.

കോളെജിലെ ഇടിമുറിയില്‍ വെച്ച് ജിഷ്ണുവിന് മര്‍ദ്ദനമേറ്റിരുന്നെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ജിഷ്ണുവിന്റെ മൃതദേഹത്തില്‍ക്കണ്ട മുറിവുകള്‍ ഈ മര്‍ദ്ദത്തിന്റെ ഭാഗമാണെന്നും ബന്ധുക്കളും സഹപാഠികളും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ജിഷ്ണുവിനെ മര്‍ദ്ദിച്ചിട്ടില്ലെന്ന നിലപാടാണ് കോളെജ് അധികൃതര്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇടിമുറിയില്‍ പരിശോധന നടത്തിയ പൊലീസ് രക്തക്കറ കണ്ടെടുക്കുകയായിരുന്നു. ഇതോടെ ജിഷ്ണുവിന് മര്‍ദ്ദനമേറ്റെന്ന സംശയം ബലപ്പെട്ടു.

ജിഷ്ണുവിന്റെ കൈയിലും മുഖത്തും മുറിവേറ്റ പാടുകളുണ്ടായിരുന്നു. ജിഷ്ണുവിനെ വൈസ് പ്രിന്‍സിപ്പലിന്റെ റൂമില്‍ വച്ച് മര്‍ദ്ദിച്ചതായി ബന്ധുക്കളും ആരോപിച്ചിരുന്നു. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് കോടതിയില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലും ഇക്കാര്യത്തെ കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു. ഇതെല്ലാം തന്നെ സാധൂകരിക്കുന്നതാണ് ഫോറന്‍സിക് സംഘത്തിന്റെ കണ്ടെത്തല്‍. കോപ്പിയടി പിടിച്ചതിന് തുടര്‍ന്ന് പ്രിന്‍സിപ്പിലിന്റെ റൂമില്‍ വിളിച്ച് വരുത്തി ഉപദേശിച്ചതിന് ശേഷം ജിഷ്ണുവിനെ വിട്ടയച്ചു എന്നായിരുന്നു കോളേജ് അധികൃതരുടെ വാദം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top