തിരക്കേറിയ ട്രാഫിക് ജംഗ്ഷനില്‍ പട്ടാപ്പകല്‍ യുവതിക്ക് സുഖപ്രസവം; തുണയായെത്തിയത് യാചക സ്ത്രീ

ബംഗലൂരു: കിഴക്കന്‍ കര്‍ണാടകയിലെ റായ്ച്ചൂരില്‍ നഗരമധ്യത്തില്‍ പ്രസവവേദന അനുഭവപ്പെട്ട സ്ത്രീക്ക് സഹായവുമായെത്തിയത് യാചകസ്ത്രീ. റായ്ച്ചൂരിലെ തിരക്കേറിയ ട്രാഫിക് ജംഗ്ഷനില്‍ കുഴഞ്ഞുവീണ മുപ്പതുകാരിക്കാണ് പ്രസവത്തിന് യാചകസ്ത്രീ തുണയായി എത്തിയത്. ഇന്നു രാവിലെ പത്ത് മണിയോടെ ആയിരുന്നു സംഭവം.

നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കു ശേഷം മടങ്ങുകയായിരുന്നു യെല്ലമ്മ. പൂര്‍ണ ഗര്‍ഭിണിയായ യെല്ലമ്മയ്ക്ക് വിളര്‍ച്ച ഉണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതിനെ തുടര്‍ന്ന് റായ്ച്ചൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് പോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. റായ്ച്ചൂര്‍ ആശുപത്രിയില്‍ പോയി മടങ്ങുന്നതിനിടെയാണ് യെല്ലമ്മ കുഴഞ്ഞുവീണത്. തുടര്‍ന്ന് രക്തസ്രാവമുണ്ടായി. എന്ത് ചെയ്യണമെന്ന അറിയാതെ പകച്ചുനിന്ന ഭര്‍ത്താവ് രാമണ്ണയ്ക്ക് സഹായവുമായി ആദ്യമെത്തിയത് റോഡരുകില്‍ ഇരുന്ന യാചക സ്ത്രീയാണ്. ഇതുകണ്ട് സമീപത്തുണ്ടായിരുന്ന സ്ത്രീകള്‍ ഓടിയെത്തി യുവതിക്ക് ശുശ്രൂഷ നല്‍കി. തുടര്‍ന്ന് അമ്മയെയും കുഞ്ഞിനെയും മാന്‍വി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലെത്തിയതിനു ശേഷമാണ് സഹായവുമായെത്തിയത് അറുപത് വയസ്സോളം പ്രായമുള്ള ഒരു യാചകസ്ത്രീയാണെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കിയത്. എന്നാല്‍ സംഭവത്തിനു ശേഷം ആ ഭാഗത്തൊന്നും അവരെ കണ്ടെത്തന്‍ സാധിച്ചില്ല.

മൂന്ന് മക്കളുള്ള യെല്ലമ്മയ്ക്കും ഭര്‍ത്താവ് രാമണ്ണയ്ക്കും അടുത്തത് പെണ്‍കുട്ടി വേണമെന്നായിരുന്നു ആഗ്രഹം. ആഗ്രഹം പോലെ തന്നെ ഇവര്‍ക്ക് പിറന്നതും പെണ്‍കുട്ടി തന്നെയാണ്. ഇതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ ഇരുവരും.

നടുറോഡില്‍ അസാധാരണമാം വിധത്തില്‍ എന്തെങ്കിലും ഉണ്ടായാല്‍ മൊബൈല്‍ ഫോണുകളുമായി ഓടിക്കൂടുന്നതിനു പകരം ഇത്തരത്തില്‍ മനുഷ്യത്വപരമായി കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതു കാണുമ്പോള്‍ സന്തോഷം തോന്നുന്നുവെന്നാണ് സംഭവത്തോടുള്ള പൊതുവികാരം.മനോഹരമായ സംഭവങ്ങളിലൊന്നാണ് ഇതെന്ന് മാന്‍വി എംഎല്‍എ ഹംപയ്യ നായക് ബല്ലാത്തി പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top