ഉരുളക്കിഴങ്ങിന് ചൊവ്വയില്‍ വളരാന്‍ സാധിക്കുമെന്ന് പഠനം; കൃഷി തുടങ്ങാന്‍ നാസ

പ്രതീകാത്മക ചിത്രം

ഉരുളക്കിഴങ്ങിന് ചൊവ്വയിലെ കാലാവസ്ഥയില്‍ വളരാന്‍ സാധിക്കുമെന്ന് പുതിയ പഠനം. ചൊവ്വയിലെ അവസ്ഥ കൃത്രിമമായി സൃഷ്ടിച്ചാണ് പരീക്ഷണങ്ങള്‍ നടന്നത്. പഠനം വളരെ ഗുണകരമാണെന്നാണ് പഠനത്തോട് നാസയുടെ പ്രതികരണം. അടുത്ത ചൊവ്വ ഉദ്യമത്തില്‍ ചൊവ്വയില്‍ ഉരുളക്കിഴങ്ങ് വളര്‍ത്താന്‍ നാസ ശ്രമിക്കും എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.

പെറുവിലെ ഇന്റര്‍ നാഷണല്‍ പൊട്ടറ്റോ സെന്ററാണ് പുതിയ പഠനത്തിനുപിന്നില്‍. പരീക്ഷണങ്ങളുടെ ഒരു പരമ്പര തന്നെയാണ് അവര്‍ ഇതിനായി ഒരുക്കിയത്. ഭൂമിയിലെ ഏറ്റവും തണുപ്പും ചൂടുമുള്ള സ്ഥലങ്ങളില്‍ ഉരുളക്കിഴങ്ങിന് വളരാവനും നിലനില്‍ക്കാനും സാധിക്കുമെന്ന് പരീക്ഷണങ്ങളിലൂടെ തെളിഞ്ഞതിനെതുടര്‍ന്നാണ് അതിലും കാഠിന്യമേറിയ കാലാവസ്ഥയില്‍ നിലനില്‍ക്കാനാവുമോ എന്ന് എന്ന് പരീക്ഷിച്ചത്. ഈ പരീക്ഷണവും ഉരുളക്കിഴങ്ങ് അതിജീവിച്ചു.

ക്യൂബ്‌സാറ്റ് എന്ന കൃത്രിമമായ സങ്കേതം സൃഷ്ടിച്ചാണ് ശാസ്ത്രജ്ഞര്‍ ഉരുളക്കിഴങ്ങ് ഗവേഷണം നടത്തിയത്. ഇവിടെ മണ്ണില്‍ത്തന്നെ കിഴങ്ങ് നട്ടു. വളമടങ്ങിയ ജലം നല്‍കി. ചൊവ്വ ഗ്രഹത്തിലെ ചൂട് അതേപടി ഉരുളക്കിഴങ്ങ് വളരുന്ന ഭാഗത്ത് ഉണ്ടെന്ന് ഉറപ്പുവരുത്തിക്കൊണ്ടിരുന്നു നിരന്തരം. ചൊവ്വയിലെ വായുമര്‍ദ്ദം കൊടുത്ത് അവിടെയുള്ള രാത്രിയും പകലും കൃത്രിമമായി സൃഷ്ടിച്ചു. ഓക്‌സിജന്റെയും കാര്‍ബണ്‍ ഡയോക്‌സൈഡിന്റേയും അളവ് ചൊവ്വയിലേതിന് സമാനമാക്കി. പിന്നീട് ചൊവ്വയില്‍ ഉണ്ടാകാനിടയുള്ള പല വെല്ലുവിളികളും നിറഞ്ഞ സാഹചര്യങ്ങളില്‍ പരീക്ഷണം ആവര്‍ത്തിച്ചു. അങ്ങനെ ഒരു കൊച്ചു ചൊവ്വതന്നെ സൃഷ്ടിച്ചാണ് ശാസ്ത്രജ്ഞര്‍ പരീക്ഷണം നടത്തിയത്.

ഭൂമിയെ അപേക്ഷിച്ച് കഠിനമാട കാലാവസ്ഥയെ ഉരുളക്കിഴങ്ങിന് അതിജീവിക്കാന്‍ പറ്റുമെന്നത് ഭാവി ബഹിരാകാശ പര്യവേഷണങ്ങളെ സഹായിക്കും. മാത്രമല്ല ഒരിക്കല്‍ മറ്റേതെങ്കിലും ഗ്രഹങ്ങളില്‍ മനുഷ്യന്‍ ജീവിക്കാനായി സാഹചര്യം ഒരുക്കിയെടുത്താല്‍ അവിടെയും ഭക്ഷണം ലഭ്യമാക്കുക എന്ന വെല്ലുവിളി ഉരുളക്കിഴങ്ങിലൂടെ മറികടക്കാന്‍ സാധിക്കുകയും ചെയ്യും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top