കൊട്ടിയൂര്‍ പീഡനക്കേസ്; ഫാദര്‍ തേരകത്തിന്റേയും സിസ്റ്റര്‍ ബെറ്റിയുടേയും മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചു

മാനന്തവാടി: കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാദര്‍ തേരകത്തിന്റേയും സിസ്റ്റര്‍ ബെറ്റിയുടേയും ജാമ്യാപേക്ഷ പിന്‍വലിച്ചു. ജില്ലാ പോക്‌സോ കോടതിയുടെ അധികാര പരിധിക്ക് പുറത്തായതിനാലാണ് ജാമ്യാപേക്ഷ പിന്‍വലിച്ചത്.

യനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുന്‍ ചെയര്‍മാന്‍ ഫാദര്‍ തോമസ് തേരകത്തെയും സമിതി മുന്‍ അംഗം സിസ്റ്റര്‍ ബെറ്റി ജോസിനെയും പോലീസ് ഇന്ന് അറസ്റ്റ് ചെയ്യാനിരിക്കുന്നതിനിടെയാണ് ജാമ്യാപേക്ഷ പിന്‍വലിച്ചിരിക്കുന്നത്. ഇരുവരേയും ഇന്നലെയാണ് കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

സംഭവത്തെ കുറിച്ച് അറിഞ്ഞിട്ടും വേണ്ട നടപടികള്‍ കൈക്കൊണ്ടില്ലെന്നതാണ് ശിശുക്ഷേമ സമിതി ചെയര്‍മാനായിരുന്ന ഫാദര്‍ തേരകത്തിനെതിര ഉയര്‍ന്ന വിമര്‍ശനം. ഇരയായ പെണ്‍കുട്ടിയെ ശിശുക്ഷേമ സമിതിയില്‍ ദത്തെടുത്തപ്പോള്‍ ഇക്കാര്യത്തില്‍ അവധാനതയോടെ പ്രവര്‍ത്തിച്ചില്ല. പതിനെട്ട് വയസായെന്ന് പെണ്‍കുട്ടി എഴുതിക്കൊടുത്തപ്പോള്‍ അക്കാര്യം വേണ്ടവിധത്തില്‍ പരിശോധിച്ച് ഉറപ്പുവരുത്താനും തയ്യാറായില്ല. സിസ്റ്റര്‍ ബെറ്റിയും ഇക്കാര്യങ്ങളില്‍ ഗൂഢാലോചന നടത്തി.

സംഭവത്തില്‍ വയനാട് ജില്ലാ ശിശുക്ഷേമ സമിതി ഗുരുതര വീഴ്ചയാണ് വരുത്തിയിരിക്കുന്നതെന്ന് സംസ്ഥാന സാമൂഹികനീതി വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പെണ്‍കുട്ടിയുടെ പ്രായം തെറ്റായി രേഖപ്പെടുത്തി സമിതി ഒത്തുകളിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. നവജാത ശിശുവിനെ ഏറ്റെടുക്കാന്‍ വ്യാജരേഖ ഉണ്ടാക്കിയെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വയനാട് ജില്ലാ ശിശുക്ഷേമ സമിതി സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു.

നേരത്തെ വൈത്തിരി ദത്തെടുക്കല്‍ കേന്ദ്രവും ശിശുക്ഷേമ സമിതിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. നവജാത ശിശുവിനെ ദത്തെടുത്ത കാര്യം ശിശുക്ഷേമ സമിതിയെ അറിയിച്ചിരുന്നെന്നും എന്നാല്‍ അവര്‍ വിശദീകരണം ഒന്നും ചോദിച്ചിരുന്നില്ലെന്നും അധികൃതര്‍ പറഞ്ഞു. സിഡബ്ല്യുസിക്കാണ് പിഴവ് സംഭവിച്ചതെന്നും ദത്തെടുക്കല്‍ കേന്ദ്രത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് ശിശുക്ഷേമ സമിതി ശ്രമിച്ചതെന്നും ദത്തെടുക്കല്‍ കേന്ദ്രം അധികൃതര്‍ കുറ്റപ്പെടുത്തി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top