special page

ഞങ്ങള്‍ നിങ്ങളുടെ കാഴ്ചയിലേക്ക് തുറിച്ചുനോക്കിക്കൊണ്ടിരിക്കും!

പീഡന വാര്‍ത്തകള്‍ക്കും ഫെമിനിസ്റ്റ് വിരുദ്ധ പരാമര്‍ശങ്ങള്‍ക്കും പീഡോഫീലിയ ചര്‍ച്ചകള്‍ക്കും ഇടയില്‍ വര്‍ഷം തോറും വന്നുപോകുന്നു എന്നതിലപ്പുറം അന്താരാഷ്ട്ര വനിതാദിനം ഒരു സ്ത്രീയുടെ ജീവിതത്തില്‍ കാര്യമായി ഒന്നും ചെയ്യുന്നില്ല. സ്ത്രീ വിമോചനത്തില്‍ പ്രതീക്ഷവെച്ചു കഴിയുന്ന സ്ത്രീകളും സിദ്ധാന്തങ്ങളെപ്പറ്റി ആലോചിക്കാന്‍ പോലും സൗകര്യമില്ലാത്ത സ്ത്രീകളും പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളും ഭരണകൂടത്തില്‍ നിന്നും നീതി തേടുന്ന സ്ത്രീകളും കുട്ടികളും ഒറ്റയ്ക്ക് നടത്തുന്ന സമരങ്ങളാണ് സ്ത്രീ പ്രതിരോധത്തിന്റെ ഇപ്പോഴത്തെ അവസ്ഥ. ഓരോ സ്ത്രീയും ഓരോ സമരങ്ങളാണ്. അവര്‍ ദിവസേന സമരം ചെയ്യുന്നവരാണ്.

വയനാട് യത്തീംഖാനയിലെ ഏഴു പെണ്‍കുട്ടികള്‍ പീഡനത്തിനിരയായ സാഹചര്യത്തിലാണ് 2017ലെ വനിതാദിനം കടന്നുവന്നത്. ഫേസ്ബുക്കില്‍ പീഡോഫീലിയ ചര്‍ച്ചകള്‍ ശക്തമാകുന്ന സാഹചര്യത്തിലാണ് പാലക്കാട് ലൈംഗികമായി പീഡിപ്പിക്കപ്പെട്ട ഒമ്പതുവയസ്സുകാരി ശരണ്യ തൂങ്ങിമരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇത് കൊലപാതകാണെന്ന സൂചനയാണ് നല്‍കുന്നത്. ഒരു ഒമ്പതുവയസ്സുകാരി ഇങ്ങനെ അവസാനിച്ചത് ഒട്ടും സ്വാഭാവികമല്ല. ആണ്‍ ഫാന്റസികളുടെ കുത്തൊഴുക്കിലാണ് ഇപ്പോള്‍ പീഡോഫീലിയ ചര്‍ച്ചകളുടെ കിടപ്പ്. അത് ഉയര്‍ന്ന ലിംഗത്തിലേക്ക് മുട്ടുകുത്തിയിരുന്ന് നോക്കുന്ന ചെറിയകുട്ടിയുടെ പ്രൊഫൈല്‍ ചിത്രത്തെ ആഘോഷിക്കുന്നു. ആണധികാരത്തിന്റെ സ്വാതന്ത്ര്യത്തില്‍ മലര്‍ന്നുകിടന്ന്, അത്‌ ‘ഇരവാദം’ പറയുന്നത് നിര്‍ത്തി സ്ത്രീകളെ ഉന്മാദത്തിന്റെ അരാജകലോകത്തേക്ക് ക്ഷണിക്കുന്നു.

ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശപ്പോരാട്ടങ്ങളുടെ ഊര്‍ജ്ജം കഴിഞ്ഞ പതിറ്റാണ്ടുകളില്‍ ലോകത്തെ സ്‌നേഹത്തോടെ മുന്നോട്ടുനടത്തിവരുന്നു. സ്ത്രീ സൗഹൃദങ്ങള്‍ക്ക് എല്‍ജിബിടിക്യു മുന്നേറ്റം തുറന്നുകൊടുത്തത് പുരുഷാധിപത്യ ബന്ധങ്ങളില്‍ നിന്നുള്ള ആശ്വാസമാണ്. വലിയ നിസ്സഹായതയില്‍ ആണ് സ്ത്രീകള്‍ കഴിയുന്നത്. സ്ത്രീകള്‍ എന്നാല്‍ ഏകശിലാപരമായ ഒരു സംഗതി അല്ലെന്നും സ്ത്രീകളായി ജനിച്ചവര്‍ മാത്രമല്ല സ്ത്രീകളായി ശരീരമാറ്റം നടത്തിയവരും അവകാശ നിഷേധത്തിന്റെ തുടര്‍ച്ചയായ അതൃപ്തിയിലാണ് കഴിയുന്നത് എന്നും കേവലം വസ്ത്ര സ്വാതന്ത്ര്യത്തിനോ രാത്രിയാത്രയ്‌ക്കോ ഉള്ള അവകാശ സമരങ്ങള്‍ മാത്രമല്ല സ്ത്രീ പോരാട്ടങ്ങള്‍ എന്നും ഓര്‍ക്കേണ്ടിയിരിക്കുന്നു.

തൊഴിലിടങ്ങളില്‍ തുല്യമായ വരുമാനമോ മറ്റവകാശങ്ങളോ ഇല്ലാതെ കഴിയുന്ന സ്ത്രീകള്‍ ഭരണകൂടത്തിന്റെ കാഴ്ചയ്ക്കപ്പുറത്താണ്. ഔദ്യോഗിക കണക്കുകളില്‍ പെടാത്ത സ്ത്രീകളും സ്ത്രീപീഡനങ്ങളും സ്ത്രീ അവസ്ഥകളും പൊതുകാഴ്ചയുടെ അപ്പുറത്താണ്. ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ അമ്മ രാധിക വെമുലയും കാണാതായ നജീബിന്റെ ഉമ്മ ഫാത്തിമാ നഫീസും സമരം ചെയ്യുന്നത് ഈ കാഴ്ചയ്ക്കപ്പുറത്തു നിന്നാണ്.

സിനിമകള്‍ സ്ത്രീകളെ ചിത്രീകരിച്ച അത്രയും ദുര്‍ബലമായി മറ്റൊരിടത്തും സ്ത്രീകള്‍ അടയാളപ്പെടാറില്ല. ക്യാമറയെ നോക്കി സ്ത്രീവിരുദ്ധ ഡയലോഗുകള്‍ പറയേണ്ടി വരുന്ന ഗതികേടിനെപ്പറ്റി നടികള്‍ തന്നെ പറഞ്ഞു തുടങ്ങി. എളുപ്പം കൈമാറ്റം ചെയ്യാവുന്ന വസ്തുവായും എളുപ്പം കയ്യേറ്റം ചെയ്യാവുന്ന വസ്തുവായും സ്ത്രീയെ സിനിമയില്‍ ദുര്‍ബലപ്പെടുത്തിയത് പലപ്പോഴും പുരുഷന്റെ ക്യാമറ തന്നെയാണ്. പെണ്‍ക്യാമറകളോടും പെണ്‍സംവിധായികമാരോടും അസഹിഷ്ണുത കാണിക്കുന്ന ആണ്‍സംവിധായകരുടെ സിനിമാലോകമാണ് കേരളത്തിന്റേത്. സിനിമയിലെ സ്ത്രീ തിരശ്ശീലയിലും അതിനുപുറത്തും വലിയ വ്യത്യാസമില്ലാതെ ജീവിച്ചുപോകുന്നു.

ഇനി, പുരുഷാധിപത്യ ലോകത്ത് സ്ത്രീ അവസ്ഥയെപ്പറ്റി ചര്‍ച്ച ചെയ്യേണ്ടത് സ്ത്രീകളല്ല, പുരുഷന്മാരാണെന്നും ചാനല്‍ ചര്‍ച്ചകളില്‍ ഇനിമുതല്‍ പുരുഷന്മാര്‍ സംസാരിക്കട്ടെയെന്നും എഴുത്തുകാരി സാറാ ജോസഫ്. സ്ത്രീകളെക്കുറിച്ചല്ല ഇനി പുരുഷന്മാരെക്കുറിച്ചാണ് പഠിക്കേണ്ടത്. വരേണ്യ പുരുഷാധിപത്യ ബോധത്തെയാണ് പഠിക്കേണ്ടത്, എല്ലായിടത്തും അത് ഒട്ടിനില്‍ക്കുന്നു എന്നതിനാല്‍. ആ ബോധം പേറുന്ന സ്ത്രീകളും ഉണ്ട് എന്നതിനാല്‍. അതുകൊണ്ട്,

വനിതാദിനത്തില്‍ വായിക്കേണ്ട കവിത ഇതാണെന്നു തോന്നുന്നു!

“ഞാന്‍ കവിത എഴുതുന്നത്
നിങ്ങള്‍ക്ക് വേണ്ടിയല്ല

ബലമായി പിടിച്ച് കൊണ്ടുവന്ന നൂറായിരം മനുഷ്യര്‍
നൂറ്റാണ്ടുകളോളം കരഞ്ഞു കരഞ്ഞു
മിനുക്കിയ നിങ്ങളുടെ തങ്കക്കിരീടം
എനിക്കു വേണ്ട

അനേകം ജീവജാലങ്ങള്‍
പരസ്പരം സ്നേഹിച്ച് കഴിഞ്ഞ
വന്‍കാടുകള്‍ വെട്ടി നിരത്തി
പണിതുയര്‍ത്തിയ സംസ്കാരത്തിന്റെ
കൊട്ടാരത്തിലെ ശിപായിപ്പണി
വേണ്ട

നിങ്ങള്‍ മാതളനാരങ്ങയോടുപമിച്ച
മുലകള്‍ എന്റേതല്ല,
അലുവാക്കഷ്ണത്തോടുപമിച്ച
തുടകളും

ഞാന്‍ കാളിദാസി
ഷേക്സ്പിയറിന്റെ കക്കൂസ് കഴുകിക്കഴുകി
മരിച്ചുപോയ സഹോദരി
ടോൾസ്റ്റോയിയുടെ
ശ്വാസംമുട്ടിയ ഭാര്യ
വീട്ടില്‍ നിന്നിറങ്ങാന്‍
വേശ്യയായവള്‍
ആട്ടിടയന്റെ കൂടെപ്പോയാല്‍
പട്ടിണി തന്നെയെന്നറിയാമായിരുന്നവള്‍

ഞാനൊരു ചുവന്ന ചോരപ്പാട്
സംസ്കാരത്തിന്‍ വെള്ളവെള്ളമുണ്ടിന്‍
പിന്‍ഭാഗത്ത്
പറ്റിപ്പിടിച്ചിരിക്കുന്നവള്‍

ഞാനൊരു തെറിച്ചു വീണ തുപ്പല്‍
കുളിച്ചൊരുങ്ങി നിങ്ങള്‍ നടന്നു പോകുമ്പോള്‍
മുകളില്‍ നിന്നു പരന്നു വീഴുന്നത്

ഞാന്‍ നിങ്ങള്‍ക്ക് ചായ തരുന്നവള്‍
തുണിയലക്കുന്നവള്‍
വീടടിച്ചു തുടയ്ക്കുന്നവള്‍
അതിലൊരു മുറിയില്‍
ആര്‍ക്കും വേണ്ടാതെ കിടക്കുന്ന വൃദ്ധ
മറ്റൊരു മുറിയില്‍ ഭ്രാന്തിയെന്ന്
തടവിലാക്കപ്പെട്ടവള്‍
വേറൊരു മുറിയില്‍
അസ്വസ്ഥതകള്‍ വകവെക്കാനാവാതെ
നിങ്ങള്‍ക്ക് കിടന്നു തരുന്നവള്‍
ജനല്‍ തുറന്ന് പുറത്തേക്ക് നോക്കുന്നവള്‍

അയ്യോ ഈയ്യപ്പം വിഷമാണെന്ന്,
നിനക്ക് വേണ്ടയെന്ന്
നിങ്ങള്‍ കഴിച്ചത്
എന്‍റെ രാത്രി ജീവിതം
ഇതത്ര ഭംഗിയില്ലെന്ന്
നിങ്ങള്‍ ഒളിച്ചു വെച്ചത്
എന്‍റെയേകാന്ത യാത്രകള്‍
രുചി വേണ്ടത്രയില്ലെന്ന്
നിങ്ങള്‍ കട്ട് തിന്നത്
എന്‍റെ ഊടുവഴികള്‍, ജ്ഞാനം
പല കഷ്ണങ്ങളാക്കി നിങ്ങളൊറ്റയ്ക്ക്
തിന്നു തീര്‍ത്തത്
എന്‍റെ സ്വാതന്ത്ര്യത്തിന്‍റെ അപ്പം

എനിക്കു പറയാനുള്ള കഥകള്‍
ഒളിച്ചും പാത്തും
പലരുടേയും ചെവിയില്‍ എത്തുന്നത് വരെ
എന്‍റെ അലച്ചിലുകളുടെ പാട്ട്
പലര്‍ക്കും കേള്‍ക്കാന്‍ ആകുന്നതുവരെ

എന്‍റെ പെങ്ങളേ, എന്‍റെ കാമുകീ
നീ എവിടെയായിരുന്നു എന്ന്
രാത്രിയില്‍ ഉടുപ്പുകളുടെ
ഭാണ്ഡക്കെട്ടുമായി അവർ
മതില്‍ ചാടുന്നത് വരെ

എന്‍റെ ചോര കണ്ട്
എന്‍റെ വിയര്‍പ്പും നാറ്റവും കൊണ്ട്
നനുത്ത സ്നേഹം കൊണ്ട്
നിങ്ങള്‍ തെളിച്ചു കൊണ്ടുപോകുന്ന
ആട്ടിന്‍ കൂട്ടത്തില്‍ നിന്ന്
ഓരോന്നായി, ഒന്നിച്ച്
അപ്രത്യക്ഷമാകുന്നത് വരെ

മലഞ്ചെരുവുകളില്‍,
താഴ്വരകളില്‍,
കടല്‍ത്തീരങ്ങളില്‍,
രാത്രി നഗരങ്ങളില്‍
അപരിചിതമായ താളത്തില്‍
ഉന്മാദഗീതങ്ങള്‍ നിങ്ങളുടെ
ഉറക്കം കെടുത്തുന്ന വരെ

ഇല്ലാത്ത നൂലുകളില്‍ നിങ്ങള്‍ തയ്പ്പിച്ച
സുതാര്യമായ ആ വിലയേറിയ ഉടുപ്പ്
നിങ്ങള്‍ തന്നെ ഊരിക്കളയുന്നത് വരെ

ഞാനെഴുതും-
നിങ്ങള്‍ക്ക് വേണ്ടിയല്ല

നിങ്ങളുടെ പൊന്നാടകള്‍ കയ്യില്‍ വെച്ചേക്കുക
മുറിവുകള്‍ വെച്ചുകെട്ടാന്‍ ഉപകരിക്കും.”–  ഞാന്‍ കവിത എഴുതുന്നത്, ഗാര്‍ഗി ഹരിതകം

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top