ബോളിവുഡിന്റെ കിംഗ് ഖാനാകുമോ അടുത്ത വോള്‍വെറിന്‍? ഹ്യൂ ജാക്മാന്‍ പറയുന്നു, അത് ഷാരൂഖ് തന്നെ

പതിനേഴുവര്‍ഷങ്ങള്‍കൊണ്ട് 9 തവണ വോള്‍വെറിനായി അഭിനയിച്ച ഹ്യൂ ജാക്മാന്‍ തന്റെ വേഷം അഴിച്ചുവയ്ക്കുമ്പോള്‍ അടുത്ത എക്‌സ്‌മെന്‍ സിനിമാ പരമ്പരയില്‍ ആര് വോള്‍വെറാനായി വേഷമിടും? ലോകമെമ്പാടുമുള്ള എക്‌സ്‌മെന്‍ സിനിമാ ആരാധകര്‍ ഏറ്റവുമധികം സ്‌നേഹിക്കുന്ന കഥാപാത്രമാണ് വോള്‍വോറിന്‍. അങ്ങനെ നോക്കിയാല്‍ വളരെയധികം താരപ്രഭയുള്ള ഒരാള്‍ക്കുമാത്രമേ ഇനിയൊരു വോള്‍വെറിന്‍ വേഷം ചേരുകയുള്ളൂ.

എന്നാല്‍ അടുത്ത വോള്‍വോറിനായി ജാക്മാന്‍ തന്നെ ഒരാളെ കണ്ടെത്തിയിരിക്കുകയാണ്. മറ്റാരുമല്ല അത്, സാക്ഷാല്‍ ബോളിവുഡിന്റെ ബാദ്ഷാ ഷാരൂഖ് തന്നെ. തന്റെ അവസാന വോള്‍വെറിന്‍ വേഷത്തേക്കുറിച്ച് ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് ജാക്മാന്‍ മനസുതുറന്നത്.

പതിനേഴുവര്‍ഷം താന്‍ കൂടെക്കൊണ്ടുനടന്ന വേഷം മറ്റൊരാള്‍ ചെയ്യുമ്പോള്‍ എന്താവും തോന്നുക എന്ന് ചോദിച്ചപ്പോഴാണ് ഇന്ത്യന്‍ പ്രേക്ഷകരെ ആനന്ദിപ്പിച്ച ഉത്തരം ഹ്യൂ ജാക്മാന്‍ പറഞ്ഞത്. “എനിക്ക് അതുകൊണ്ട് ബുദ്ധിമുട്ടില്ല. മറ്റാളുകള്‍ ആ വേഷം ചെയ്യുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്. ഒരുപക്ഷേ ഷാരൂഖ് ഖാന് ആ വേഷം ഭദ്രമാക്കാന്‍ സാധിക്കും” ജാക്മാന്‍ പറഞ്ഞു.

ഇദ്ദേഹത്തിന്റെ അഭിപ്രായം കേട്ട ഷാരൂഖും രസകരമായൊരു മറുപടി ട്വീറ്റ് ചെയ്യുകയുണ്ടായി. കഥാപാത്രത്തിന് ചങ്കില്‍ രോമം വേണ്ടതിനാല്‍ ഞാനതിനായി ശ്രമിക്കട്ടെ എന്നാണദ്ദേഹം തമാശയോടെ പറഞ്ഞത്.

ജാക്മാന്റെ അവസാന വോള്‍വൊറിന്‍ ചിത്രമായ ലോഗന്‍ ബോക്‌സോഫീസിന്‍ വന്‍ വിജയത്തിലേക്ക് കുതിക്കുകയാണ്. ഒരുപക്ഷേ അടുത്ത അവഞ്ചേഴ്‌സില്‍ ഒരു കഥാപാത്രമായി വോള്‍വറിന്‍ എത്താനും സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ജാക്മാന്‍ തന്നെ ഒരിക്കല്‍കൂടി വോള്‍വറിനായേക്കും. സ്‌പൈഡര്‍മാന്‍ അവഞ്ചേഴ്‌സില്‍ മുഖം കാട്ടിയതുപോലെ വോള്‍വറിനും ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിക്കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top