special page

ഞങ്ങള്‍ക്ക് വേണ്ടത് സംവദിക്കാനും വിയോജിക്കുവാനുമുള്ള സ്വാതന്ത്ര്യമാണ്

ഡല്‍ഹി യൂണിവേഴ്‌സിറ്റി അസ്വസ്ഥമാണ് കുറെ നാളുകളായി. മിക്കയിടങ്ങളിലും പൊലീസ് ഉണ്ട്. വാനുകള്‍ ബാരിക്കേഡുകള്‍. യുദ്ധാന്തരീക്ഷം അടിച്ചേല്‍പിക്കപ്പെടുകയാണ് ഒരു ക്യാമ്പ്‌സിനുമേല്‍. ഇതൊന്നും ഡിയുവിന് അത്ര പരിചിതമായ കാര്യങ്ങളല്ല. രാഷ്ട്രീയം ശരിയായ അര്‍ഥത്തില്‍ ഈ ക്യാമ്പസിന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന് തന്നെ സംശയമാണ്. ആരാഷ്ട്രീയതയെ ആഘോഷിക്കുകയും, വളരെ പ്രിവിലേജ്ഡ് ആയ പൊസിഷനില്‍ നിന്നുകൊണ്ട് അത് അലങ്കാരമെന്നോണം സ്വീകരിക്കപ്പെടുകയും ചെയ്യും വിധം വികലമായ പൊതുബോധമാണ് ഇവിടെ നിലനില്‍ക്കുന്നത് എന്ന് പലപ്പോളും തോന്നിയിട്ടുണ്ട്. വളരെ വൈബ്രന്റായ രാഷ്ട്രീയ അന്തരീക്ഷം ഉള്ള ഇടം എന്ന് ആഘോഷിക്കപ്പെടുന്ന പല ക്യാമ്പസുകളോടുള്ള കേവല താരതമ്യത്തില്‍ നിന്ന് ഉണ്ടായതൊന്നുമല്ല ഇത്, മറിച്ച് പലവിഷയങ്ങളോടും ഇവിടുത്തെ അക്കാദമിക് സമൂഹം പുലര്‍ത്തുന്ന നിസ്സംഗത ഉണ്ടക്കിത്തന്ന ബോധ്യം തന്നെയാണ്.

രണ്ടരലക്ഷത്തിനടുത്ത് വിദ്യാര്‍ത്ഥികള്‍ ഉള്ള ഒരു ക്യാമ്പസില്‍ മുപ്പതുശതമാനമാണ് യൂണിയന്‍ ഇലക്ഷനില്‍ വോട്ട് ചെയ്യുന്നത്. പതിനേഴായിരത്തിനടുത്ത് വോട്ടുകള്‍ മാത്രം നേടിയാണ് ,ഡിഗ്രി കോഴ്‌സുകള്‍ നടത്തുന്ന, ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്ര സര്‍കലാശാലയെ എബിവിപി ഭരിക്കുന്നത്. ലിങ്‌ണ്ടോ കമ്മിറ്റി മുന്നോട്ട് വച്ച ഒരു മാനദണ്ഡവും ഇലക്ഷനില്‍ പാലിക്കപ്പെടാറില്ല. പണക്കൊഴുപ്പും ജാതിവോട്ടും തന്നെയാണ് എപ്പോളും വിധിനിര്‍ണയിക്കുന്നത്. ഈ ക്യാംപസ് മോള്‍ഡ് ചെയ്യപ്പെടുന്നതുതന്നെ അങ്ങനെ ആണ്. രാഷ്ട്രീയം പറഞ്ഞ് വോട്ടുപിടിക്കുന്നവരല്ല ഇരുകൂട്ടരും.

അഖില്‍ കെ എം

കൃത്യമായി അര്‍ഷ്ട്രീയത നിലനില്‍ക്കുന്ന അത്തരം ഒരു ക്യാമ്പസിലാണ് രണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ റോഡിലിറങ്ങി, എബിവിപിയുടെ ഗുണ്ടായിസം ഇനി ഇവിടെ നടക്കില്ല എന്ന് മുദ്രവാക്യം വിളിച്ചത്. ഡിയു വിന്റെ പരിഛേദം എന്ന നിലയില്‍ രാംജാസ് കോളേജിന്റെയും ഏറെ വിഭിന്നമായ സാഹചര്യം ഒന്നുമല്ല. കോളെജിന്റെ ഇംഗ്ലീഷ് ഡിപാര്‍ട്‌മെന്റാണ്, 2122തീയതികളില്‍ ‘Cultures of protest’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കാന്‍ ആലോചിച്ചത്. ജെ.എന്‍. യു ഗവേഷണ വിദ്യാര്‍ത്ഥിയായ ഉമര്‍ ഖാലിദിനെ തികച്ചും ആക്കദമികമായ കണ്‍സേണുകളുടെ പുറത്താണ് പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുന്നത്. ജെ.എന്‍.യു സമരവുമായി ബന്ധപ്പെട്ട ഏറെ വാര്‍ത്താപ്രാധാന്യം നേടിയ പേരുകളില്‍ ഒന്നുകൂടിയാണ് ഉമര്‍ ഖാലിതിന്റേത്.

എബിവിപി ഇതിനെതിരെ പ്രതിഷേധിച്ചതിനെതുടര്‍ന്ന് ഏകപക്ഷീയമായി പ്രിന്‍സിപ്പല്‍ സെമിനാര്‍ ദിവസം ഉമറിനെ പങ്കെടുപ്പിക്കേണ്ടതില്ല എന്ന് തീരുമാനിച്ചു. വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചെങ്കിലും മറ്റ് ഡെലിഗേറ്റുകളെവെച്ച് സെമിനാര്‍ തുടരുന്നതിന് വേണ്ടി ശ്രമിച്ചു. എന്നാല്‍ സെമിനാര്‍ ഹാളില്‍ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും പൂട്ടയിട്ട് ആള്‍ക്കാര്‍ക്ക് നേരെ കല്ലെറിയുക ആണ് എബിവിപി ചെയ്തത്. വിരുദ്ധ ശബ്ദങ്ങളോട് കാലാകാലങ്ങളായി അവര്‍ സ്വീകരിച്ചു പോന്ന നിലപാടിന്റെ മറ്റൊരു മുഖമാണ് അവിടെ കണ്ടത്. ഒരു തരത്തിലും ന്യായീകരണാമല്ലാത്ത പ്രവര്‍ത്തിയാണ് പരിഷത് പ്രവര്‍ത്തകരുടെ ഭാഗത്തെ നിന്ന് ഉണ്ടായത്. ഏത് അസഹിഷ്ണുതയാണോ കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി രാജ്യത്തുടനീളമുള്ള വിവിധ ക്യാമ്പസുകളില്‍ സംഘപരിവാര്‍ വിരുദ്ധ സമരങ്ങള്‍ക്ക് വേദിയൊരിക്കയത്, അതിന്റെ എല്ലാ ആസുരഭാവങ്ങളോടും കൂടി അത് ഡിയുവിലും പ്രത്യക്ഷപ്പെട്ടു. ഇതിനെതിരായ പ്രതിഷേധമാണ് അടുത്ത ദിവസം സമരമായി രൂപമെടുക്കുന്നത്. വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ പ്രകടനം നടത്തുന്നത്

രാംജസ് കോളേജിനുള്ളിലും പുറത്തും അക്രമം അഴിച്ചുവിട്ടു ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് എബിവിപി പ്രതികരിച്ചത്. പ്രതിഷേധക്കാരെ കോളെജിനുള്ളിലേക്ക് കടക്കാന്‍ അനുവദിച്ചില്ല, പക്ഷെ എബിവിപി പ്രവര്‍ത്തകര്‍ യാതൊരു തടസ്സവും ഇല്ലാതെ കോളേജില്‍ കയറി.അകത്തുള്ള നിരവധി ആളുകള്‍ക്ക് അടിയേറ്റു. കോളെജിനു പുറത്തുള്ള സമരക്കാരോടും മറ്റൊന്നായിരുന്നില്ല പെരുമാറ്റം. പ്രകടനത്തിന് നേരെ കല്ലേറുണ്ടായി. മാധ്യമപ്രവര്‍ത്തകരും അധ്യാപകരും അടക്കം നിരവധി ആളുകള്‍ക്കും മര്‍ദനമേറ്റു. ഇംഗ്ലീഷ് ഫാക്കല്‍റ്റിയിലെ പ്രൊഫസ്സര്‍ പ്രശാന്ത ചക്രവര്‍ത്തി അടക്കമുള്ള ആളുകള്‍ ഇതില്‍ പെടുന്നു.

പരിപൂര്‍ണ്ണമായ നിസ്സംഗത ആണ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായത്. എബിവിപിക്കാരെ നീക്കം ചെയ്യാന്‍ ഒരു നടപടിയും ഉണ്ടായില്ല. പൊലീസ് ബസിന്റെ മുകളില്‍ കയറി നിന്ന് സമരക്കാര്‍ക്ക് നേരെ ആക്രോശിക്കാനുള്ള ചങ്കൂറ്റം പ്രവര്‍ത്തകര്‍ക്ക് ഉണ്ടായെങ്കില്‍ അത്,  എന്ത് തെമ്മാടിത്തരത്തിനും സ്‌റ്റേറ്റിന്റെ പിന്തുണ ഉണ്ട് എന്ന അഹന്തയില്‍ നിന്ന് ഉണ്ടാവുന്നതു തന്നെയാണ്. ഇത്തരം വിഷയങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഡി യു വിന്റെ പൊതുസ്വഭാവത്തില്‍ എബിവിപി വിശ്വാസമര്‍പ്പിച്ചിരിക്കണം. എന്നാല്‍ പ്രതീക്ഷിക്കത്തതാണ് സംഭവിച്ചത്. തൊട്ടടുത്ത ദിവസങ്ങളിലായി പുരോഗമനപരമായി ചിന്തിക്കുന്ന അധ്യാപക വിദ്യാര്‍ത്ഥി സംഘടനകളെ കൂട്ടിയിണക്കി സേവ് ഡി യു പ്ലാറ്റ്‌ഫോം പുനഃസംഘടിപ്പിക്കപ്പെടുകയും, സര്‍വകലാശാലയിലെ സാധരണ വിദ്യാര്‍ത്ഥികളെ അണിനിരത്തി വിശാലമായ മാര്‍ച്ചിന് ആഹ്വാനം നല്‍കുകയും ചെയ്യതു.

കഴിഞ്ഞ കുറെ കാലമായി ഡി യുവിലുണ്ടാവാത്ത വിദ്യാര്‍ത്ഥി പങ്കാളിത്തം മാര്‍ച്ചില്‍ കണ്ടു. ഏത് ബോധ്യങ്ങള്‍ക്ക് മുകളിലാണോ പരിഷത് തങ്ങളുടെ അഹങ്കാരം കെട്ടിപ്പടുത്തത് അതിനുള്ള ആദ്യ മറുപടി ആണ് ഡി യു നല്‍കിയത്. രണ്ടായിരത്തില്‍പരം വിദ്യാര്‍ത്ഥികളാണ് നോര്‍ത്ത് ക്യാമ്പസിലൂടെ മാര്‍ച്ച് ചെയ്യത്തത്.

ഈ സമരത്തെ അടക്കം Left vs abvp എന്ന ഫ്രെയിമില്‍ ഒതുക്കാന്‍ ആസൂത്രിതമായ ശ്രമമാണ് സംഘപരിവാറിന്റെ ഭാഗത്തുനിന്നുണ്ടായത്. ‘എവിടെ കമ്മ്യൂണിസ്റ്റുകാരുണ്ടോ അവിടെ അക്രമം ഉണ്ടവും’ എന്നൊരു മാന്യമഹോദയനായ എബിവിപികാരന്‍ ഒരു ചാനലിന് ബൈറ്റ് കൊടുക്കുന്നത് കണ്ടു. എസ് എഫ് ഐയും ഐസയും അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ സേവ് ഡി യുവിന്റെ ഭാഗമാണ് എന്നത് വസ്തുത തന്നെയാണ്. പക്ഷെ സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ നോക്കിയാല്‍, ഇതിനെ ഒരു കേവല ദ്വന്ദത്തില്‍ ഒതുക്കി നിര്‍ത്തുന്നത് എത്രത്തോളം അര്‍ത്ഥശൂന്യമാണ് എന്ന് മനസ്സിലാവും. ഞങ്ങള്‍ക്ക് തേരുവില്‍ ഇറങ്ങേണ്ടി വരുന്നത്. എസ് എഫ് ഐകാരനായതുകൊണ്ടോ ഇടത്തുപക്ഷ അനുഭാവി ആയതുകൊണ്ടോ മാത്രമല്ല, അത് ഡി യു അടക്കമുള്ള ക്യാമ്പസുകളില്‍ നഷ്ടപ്പെടുന്ന ജനാധിപത്യ ഇടതിന് വേണ്ടിയാണ്. അവകാശപോരാട്ടങ്ങളില്‍ ഒരു സാധരണ വിദ്യാര്‍ത്ഥി എന്ന നിലയില്‍ വിശ്വാസം അര്‍പ്പിക്കുന്നത് കൊണ്ട് കൂടിയാണ്.

ജെ.എന്‍.യു, ജാമിയമില്ലിയ, അംബേദ്കര്‍ യൂണിവേഴ്‌സിറ്റി തുടങ്ങി നിരവധി സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ അധ്യാപകര്‍, ആക്ടിവിസ്റ്റുകള്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മാര്‍ച്ചില്‍ പങ്കെടുത്തു. അദ്ധ്യാപക സമൂഹത്തിന്റെ പങ്കാളിത്തം എടുത്തു പറയേണ്ടത് തന്നെയാണ്. ഡി യു ജെ.എന്‍.യു അംബേദ്കര്‍ യൂണിവേഴ്‌സിറ്റി തുടങ്ങി വിവിധ സര്‍വകലാശാലകളുടെ ഔദ്യോഗിക അധ്യാപക ഫോറങ്ങള്‍ തന്നെ പരസ്യമായി പിന്തുണ പ്രഖ്യാപിച്ചു പത്രക്കുറിപ്പ് ഇറക്കി.

എബിവിപിയെ സംബന്ധിച്ച ഇത് ഒരു കൈപ്പിഴയൊന്നുമല്ല. അവരുടെ രാഷ്ട്രീയത്തിന്റെ ഭാഗമായി തന്നെയാണ് ഇത്തരം ഇടപെടലുകളെ കാണേണ്ടത്. സംഘപരിവരത്തിന്റെ എല്ലാ ഗുണഗങ്ങളും അവരുടെ വിദ്യാര്‍ത്ഥി വിഭാഗത്തിനും ഒരു ച്യുതിയും ഇല്ലാതെ ലഭിച്ചിട്ടുണ്ട്. ഡി യുവില്‍ തന്നെ പല സംഭവങ്ങളിലും ഇത് കാണാം. കിരോരിമാള്‍ കോളെജില്‍ ഫിലിം സ്‌ക്രീനിങ്ങുമായി ബന്ധപ്പെട്ടും, ഖത്സ കോളെജ് തിയേറ്റര്‍ സൊസൈറ്റിയുടെ നാടക അവതരണവുമായി ബന്ധപ്പെട്ടും, ഭഗത് സിംഗ് അനുസ്മരണം നടത്തുന്നതുമായി ബന്ധപ്പെട്ടും. ഒക്കെ അസഹിഷ്ണുത ചരിത്രത്തിന്റെ മുന്‍ എപ്പിസോഡുകള്‍ ഏറെ ഉണ്ട് എബിവിപിക്ക് ഡിയുവില്‍.

ഇതൊരു ഓര്‍മ്മപ്പെടുത്തല്‍ തന്നെയാണ്. ചര്‍ച്ച ചെയ്യുവാനും വിയോജിക്കുവാനും ഞങ്ങള്‍ക്കും അവകാശമുണ്ട്. അതാരും മറന്നുപോവേണ്ടതില്ല. അപ്പോള്‍ ,പ്രിയ സംഘപരിവാര്‍ സുഹൃത്തുക്കളെ, ആ ഇടങ്ങളൊന്നും അത്ര എളുപ്പം വിട്ടുകൊടുക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നുമില്ല. രണ്ടാഴ്ച മുന്‍പത്തെ ഡി യു ഈ വിശ്വാസത്തെ ഏറെയൊന്നും പ്രോത്സാഹിപ്പിച്ചിരുന്നില്ല. എന്തോ ഇപ്പോള്‍ ഇങ്ങനെ പറയാന്‍ ചെറിയ ആത്മവിശ്വസം തോന്നുന്നു.

പറഞ്ഞുവന്നത് ഒരു ക്യാംപസ് അങ്ങനെ നിന്ന നില്‍പ്പില്‍ രാഷ്ട്രീയവത്കരിക്കപ്പെടുമെന്നും ക്രിയാത്മകത കൈവരിക്കുമെന്നും ഒന്നുമുള്ള മിഥ്യാധാരണയുടെ അടിസ്ഥാനത്തില്‍ ഒന്നുമല്ല. ആത്മവിശ്വാസം ഉണ്ടാവുന്നത് FYUP/CBCS വിരുദ്ധ സമരങ്ങള്‍ പോലുള്ള കഴിഞ്ഞകാല സമരങ്ങളില്‍ ഒന്നും കാണാതിരുന്ന എന്തൊ ഒന്ന് ഇപ്പോള്‍ ഇവിടെ മുഴങ്ങുന്ന മുദ്രാവാക്യങ്ങള്‍ക്ക് ഉണ്ട് എന്ന തിരിച്ചറിവില്‍ നിന്നുമാണ്.

വിദ്യാര്‍ത്ഥികളെ ആക്രമിക്കുന്ന എബിവിപി പ്രവര്‍ത്തകര്‍

വിശാലമായ സമാരാഹ്വാനത്തിന് ക്യാംപസ് സാക്ഷ്യം വഹിക്കുമ്പോള്‍ , ഇവിടെ ആര്‍ട്‌സ് ഫാക്കല്‍റ്റിയുടെ മൂലയ്ക്ക് തട്ടിക്കൂട്ട് നിരാഹര പ്രഹസനം നടത്തുന്ന എന്‍എസ്‌യുവിന്റെ ഇന്റെ ഉടായിപ്പ് രാഷ്ട്രീയത്തെ പുച്ഛിച്ചുതള്ളാനുള്ള, രാംജെസ് കോളേജിന്റ മതിലിനപ്പുറം നിന്ന് ഞങ്ങള്‍ ‘ദേശസ്‌നേഹികളും’ നിങ്ങള്‍ ‘രാജ്യവിരുദ്ധരും’ ആണ് എന്ന് ഓലി ഇടുന്ന പരിവാറുകാരന്റെ മുഖത്തുനോക്കി നിങ്ങള്‍ ഉദ്ദേശിക്കുന്ന ‘രാജ്യം’ ഏതാണ് എന്ന് ചോദിക്കാനുള്ള സാമാന്യ രാഷ്ട്രീയം ഡി യു പഠിച്ചു തുടങ്ങിയിരിക്കുന്നു.

എത്ര കാലം നിലനില്‍ക്കുമെന്ന് തിട്ടമില്ലെങ്കിലും, ആ മുദ്രാവാക്യത്തിന് ഒരു ഉറപ്പുണ്ട്. സവിശേഷമായ, അഭൂതപൂര്‍വമായ എന്തോ ഒന്ന്. ആ ശബ്ദം വ്യക്തമാണ്…! അതിപ്പോഴും ഇവിടെ മുഴങ്ങുന്നു…! സംഘപരിവാര്ത്തിനെതിരെ, അവരുടെ പ്രതിലോമകരമായ രാഷ്ട്രീയതിനെതിരെ….!!!

ലാത്തി പത്തര്‍ ഖൂന്‍ നഹി, വാദ്‌വിവാദ് കി ആസാദി!!! ഞങ്ങള്‍ക്ക് വേണ്ടത് ലത്തിയോ, കല്ലോ, രക്തച്ചൊരിച്ചിലോ അല്ല, സംവദിക്കാനും വിയോജിക്കുവാനും ഉള്ള സ്വാതന്ത്ര്യമാണ്…!!!

(ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ ഒന്നാം വര്‍ഷ ബിഎ  പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥി അഖില്‍ കെ എം എഴുതിയത് )

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top